കൊച്ചി: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച കൊച്ചി-ലണ്ടൻ സർവീസ് എയര്‍ ഇന്ത്യ പുനരാരംഭിക്കുന്നു. ഈ മാസം 18 ന് സര്‍വീസ് ആരംഭിക്കും. എല്ലാ ബുധനാഴ്ചയും രാവിലെ 5.30 ന് കൊച്ചിയില്‍നിന്ന് വിമാനം പുറപ്പെടും. ഇന്ത്യ, ബഹ്റൈന്‍, ഖത്തര്‍, യുഎഇ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളെ കഴിഞ്ഞ ദിവസം റെഡ് ലിസ്റ്റില്‍നിന്നും ആംബര്‍ ലിസ്റ്റിലാക്കിയിരുന്നു. ഇതോടെ ക്വാറന്റീന് നിയമത്തിലും ഒട്ടേറെ ഇളവുകള്‍ വന്നു.
ഞായറാഴ്ച പുലര്‍ച്ചെ നാലുമണി മുതലാണ് ഇന്ത്യയെ ആംബര്‍ ലിസ്റ്റിലാക്കാനുള്ള തീരുമാനം പ്രാബല്യത്തിലാകുന്നത്. അതുവരെ ഹോട്ടല്‍ ക്വാറന്റീന് ഉള്‍പ്പെടെയുള്ള നിലവിലെ റെഡ് ലിസ്റ്റ് നിയന്ത്രണങ്ങള്‍ തുടരും. തീരുമാനം നടപ്പിലാകുന്ന ഞായറാഴ്ച പുലര്‍ച്ചെ മുതല്‍ ഇന്ത്യയിലേക്കും തിരിച്ചും യാത്രാനുമതിയുണ്ടെങ്കിലും അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്ന നിര്‍ദേശം നിലനില്ക്കും.
ഇന്ത്യ ഗ്രീന്‍ ലിസ്റ്റിലായാലേ യഥേഷ്ടം ഇരുഭാഗത്തേക്കും യാത്രചെയ്യാനുള്ള അനുമതിയാകൂ. എങ്കിലും അത്യാവശ്യ കാര്യങ്ങള്‍ക്കായി നാട്ടില്പോകാന് കാത്തിരിക്കുന്നവര്‍ക്ക് ആംബര്‍ ലിസ്റ്റിലേക്കുള്ള ഇപ്പോഴത്തെ മാറ്റം വലിയതോതില്‍ ഗുണപ്രദമാകും.
ബ്രിട്ടനില്‍നിന്നും ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് ഇപ്പോഴും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. വാക്സിനേഷന് രേഖകളും കരുതണം. കേന്ദ്രസര്‍ക്കാരിന്റെ എയര്‍ സുവിധ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് സെല്‍ഫ് ഡിക്ലറേഷന്‍ സമര്‍പ്പിക്കണം. ഇവയ്ക്കെല്ലാം പുറമേ ഓരോ സംസ്ഥാനത്തെയും ക്വാറന്റൈന് നിയമങ്ങളും വിമാനത്താവളങ്ങളിലെ സെല്‍ഫ് റിപ്പോര്‍ട്ടിംങ് നിയമങ്ങളും പാലിക്കുകയും വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: