തിരുവനന്തപുരം: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഗവര്‍ണര്‍ ശക്തികാന്ത ദാസ് ധനനയ സമിതിയുടെതായി പ്രഖ്യാപിച്ച യോഗ തീരുമാനങ്ങള്‍ വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കുന്നതാണെന്ന് ഫെഡറല്‍ ബാങ്ക് സിഎഫ്ഒ വെങ്കടരാമന് വെങ്കടേശ്വരന്. ഒരു മാസം മുമ്പ് തുടക്കമിട്ട, സാധാരണയിലേക്കുള്ള തിരിച്ചുവരവിന്റെ തുടര്‍ച്ചയാണ് റിസര്‍വ് ബാങ്കിന്റെ അവലോകനത്തില്‍ കാണാനാവുന്നത്. 10 വര്‍ഷ കടപ്പത്ര വരുമാനം കഴിഞ്ഞ രണ്ടു മാസത്തിനിടെ ആറ് ശതമാനത്തില്‍ നിന്നും 6.20 ശതമാനമായി മാറിക്കഴിഞ്ഞു.
പണലഭ്യതാ സൗകര്യം ബാങ്കുകള്‍ പൂര്‍ണമായും പ്രയോജനപ്പെടുത്തിയിട്ടില്ല എന്നതിനാല്‍ പ്രസ്തുത സൗകര്യം നീട്ടി നല്‍കിയത് നിലവിലെ സാഹചര്യത്തില്‍ വലിയ വ്യത്യാസമുണ്ടാക്കാനിടയില്ല. അതുകൊണ്ടുതന്നെ, പണലഭ്യതയെ സംബന്ധിച്ചിടത്തോളം നിലവില്‍ ആശങ്കപ്പെടേണ്ടതായി ഒന്നുമില്ല.
വായ്പാ സൗകര്യം ഉപയോഗപ്പെടുത്തുന്നതില്‍ വേണ്ടത്ര വളര്‍ച്ച കൈവരിക്കാനായിട്ടില്ല എന്നതും വസ്തുതയാണ്. വളര്‍ച്ചയ്ക്ക് സാഹചര്യമൊരുക്കുകയും പിന്തുണയ്ക്കുകയും ചെയ്യുകയാണ് ഇപ്പോള്‍ പ്രധാനം എന്നതിനാല്‍ പണപ്പെരുപ്പത്തേക്കാള്‍ റിസര്‍വ് ബാങ്ക് വളര്‍ച്ചയ്ക്കാണ് മുന്‍ഗണന നല്‍കിയിരിക്കുന്നത്. സാഹചര്യങ്ങള്‍ക്കനുസൃതമായും ക്രമാനുഗതമായും പണലഭ്യതാ സൗകര്യങ്ങള്‍ പിന്‍വലിക്കുന്നത് തുടരാനാണു സാധ്യതയെന്നും അദേഹം പറഞ്ഞു.
ധനനയ സമിതിയുടെ തുടര്‍ച്ചയായ ഏഴാമത്തെ യോഗവും സുപ്രധാന പലിശ നിരക്കുകളില്‍ മാറ്റം വരുത്തിയില്ല. റിപ്പോ നിരക്ക് നാല് ശതമാനം എന്ന നിലയില്‍ മാറ്റമില്ലാതെ റിസര്‍വ് ബാങ്ക് നിലനിര്‍ത്തി. കേന്ദ്ര ബാങ്കിന്റെ ധനനയ നിലപാട് ‘അക്കോമോഡേറ്റീവ്’ ആയി തുടരും. റിവേഴ്സ് റിപ്പോ നിരക്ക് 3.35 ശതമാനത്തില്‍ മാറ്റമില്ലാതെ തുടരാനും സമിതി തീരുമാനിച്ചു. ചില്ലറ പണപ്പെരുപ്പം 2021-22 കാലയളവില്‍ 5.7 ശതമാനമായി കണക്കാക്കപ്പെടുന്നു. ഇതില്‍ രണ്ടാം പാദത്തില്‍ 5.9 ശതമാനവും മൂന്നാം പാദത്തില്‍ 5.3 ശതമാനവും 2021-22 ലെ നാലാം പാദത്തില്‍ 5.8 ശതമാനവുമായിരിക്കും എന്നാണ് റിസര്‍വ് ബാങ്കിന്റെ കണക്കുകൂട്ടല്‍. 2022-23 ന്റെ ആദ്യ പാദത്തിലെ ചില്ലറ പണപ്പെരുപ്പം 5.1 ശതമാനമായി കണക്കാക്കപ്പെടുന്നതായും ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: