തിരുവനന്തപുരം : വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് കിരണ്‍ കുമാറിനെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു. ഗതാഗതമന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്. കൊല്ലം ജില്ലാ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിലെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായിരുന്നു കിരണ്‍. വകുപ്പുതല അന്വേഷണത്തിന്റേയും കിരണിന്റെ വിശദീകരണത്തിന്റെയും അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്.
സ്ത്രീ വിരുദ്ധ പ്രവര്‍ത്തിയും, സാമൂഹ്യ വിരുദ്ധവും ലിംഗ നീതിയ്ക്ക് നിരക്കാത്ത നടപടിയും ഗുരുതരമായ നിയമലംഘനവും പെരുമാറ്റ ദൂഷ്യവും വഴി പൊതുജനങ്ങള്‍ക്കിടയില്‍ സര്‍ക്കാരിന്റെയും മോട്ടോര്‍ വാഹന വകുപ്പിന്റെയും അന്തസ്സിനും സല്‍പ്പേരിനും കളങ്കം വരുത്തിയിട്ടുള്ളതിനാല്‍ 1960-ലെ കേരളാ സിവില്‍ സര്‍വ്വീസ് ചട്ടം പ്രകാരമാണ് നടപടി.
കൊല്ലം ശൂരനാട് പോലീസ് ജൂണ്‍ 21ന് രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസില്‍ ഭര്‍ത്താവായ എസ്. കിരണ്‍ കുമാറിന്റെ സ്ത്രീധനത്തെച്ചൊല്ലിയുള്ള നിരന്തരമായ കലഹത്താലും ശാരീരികവും മാനസികവുമായ ഉപദ്രവത്താലുമാണ് വിസ്മയ മര?ണപ്പെടാനിടയായതെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ സ്ത്രീധനം കൊടുക്കുവാനും വാങ്ങുവാനും പാടില്ല എന്ന 1960ലെ സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങളിലെ 93(C)യുടെ ലംഘനമാണിത്. ഇതേത്തുടര്‍ന്ന് എസ്. കിരണ്‍ കുമാറിനെ ജൂണ്‍ 22ന് അന്വേഷണ വിധേയമായി സര്‍വ്വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്യുകയും 45 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കുകയും ചെയ്തു.
1960-ലെ കേരളാ സിവില്‍ സര്‍വ്വീസ് ചട്ടം 15 പ്രകാരം എസ്. കിരണ്‍ കുമാറിന് നിയമാനുസൃതമായ കുറ്റാരോപണ മെമ്മോ നല്‍കിയിരുന്നു. തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനെ വകുപ്പുതല അന്വേഷണത്തിന് നിയോഗിച്ചു. നിയമാനുസൃതമായി നടത്തിയ അന്വേഷണത്തിന്റെയും എസ്. കിരണ്‍ കുമാറിനെ നേരിട്ട് കേട്ടതിന്റെയും, സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തില്‍ കുറ്റാരോപിതന്റെ മേല്‍ ചുമത്തപ്പെട്ടിട്ടുള്ള കുറ്റങ്ങള്‍ സംശയാതീതമായി തെളിയിക്കപ്പെട്ടതിനാല്‍ 1960ലെ കേരള സിവില്‍ സര്‍വ്വീസ് ചട്ടം 11(1)(viii) പ്രകാരമാണ് എ എം വി ഐ എസ്. കിരണ്‍ കുമാറിനെ സര്‍വ്വീസില്‍ നിന്നും പിരിച്ചു വിടുവാന്‍ തീരുമാനിച്ചത്.
കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് സ്ത്രീധനത്തെച്ചൊല്ലിയുള്ള പീഡനത്തെത്തുടര്‍ന്ന് ഭാര്യ മരണപ്പെട്ട കാരണത്താല്‍ ഭര്‍ത്താവിനെ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും പിരിച്ചു വിടുന്നത്. കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച കേരളത്തിന്റെ സാമൂഹിക മനസ്സാക്ഷിയെ പിടിച്ചുലച്ച വിസ്മയയുടേതു പോലുള്ള മരണങ്ങള് കേരളത്തില്‍ ആവര്‍ത്തിക്കരുതെന്ന സന്ദേശമാണ് എ എം വി ഐ എസ്. കിരണ്‍ കുമാറിനെ സര്‍വ്വീസില്‍ നിന്നും പിരിച്ചു വിടാനുള്ള തീരുമാനം.നാളെ രാവിലെ 11 മണിയ്ക്ക് കൊല്ലത്തെ നിലമേലുള്ള വിസ്മയയുടെ വീട്ടിലെത്തി കുടുംബാഗങ്ങളെ സന്ദര്‍ശിക്കുമെന്നും മന്ത്രി ആന്റണി രാജു.
ജൂണ്‍ 21നാണ് നിലമേല്‍ സ്വദേശിനിയായ വിസ്മയ (24) പോരുവഴിയിലെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വിവാഹം കഴിഞ്ഞത് മുതല്‍ സ്ത്രീധനത്തിന്റെ പേരില്‍ വിസ്മയയെ ഭര്‍ത്താവ് കിരണ്‍കുമാര്‍ ശാരീരികമായും മാനസികമായും പീഡിപ്പിക്കാറുണ്ടായിരുന്നു. ഞായറാഴ്ച രാത്രിയും മര്‍ദനമുണ്ടായി. ഈ മര്‍ദനത്തിലുണ്ടായ പരുക്കുകളുടെ ചിത്രങ്ങളടക്കം വിസ്മയ കുടുംബത്തിന് കൈമാറിയിട്ടുണ്ട്. അതിനു പിന്നാലെ പുലര്‍ച്ചെ അഞ്ചു മണിയോടെ വിസ്മയ മരിച്ചെന്ന വിവരം ബന്ധുക്കളെ അറിയിക്കുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം മെയിലാണ് വിസ്മയയും കിരണും വിവാഹം കഴിക്കുന്നത്. സ്ത്രീധനമായി 100 പവന് സ്വര്‍ണവും, ഒന്നേ കാല് ഏക്കര്‍ ഭൂമിയും വിസ്മയയ്ക്ക് സ്ത്രീധനമായി നല്‍കിയിരുന്നു. ഇതിനൊപ്പം നല്കിയ കാറിന്റെ മൂല്യം കുറഞ്ഞ് പോയെന്ന് പറഞ്ഞായിരുന്നു പീഡനം. അതേസമയം മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനായ കിരണിന് ഉന്നത സ്വാധീനമുണ്ടെന്ന വിസ്മയയുടെ ബന്ധുക്കള്‍ ആരോപിച്ചു. സബ് ഇന്‍സ്പെക്ടറെ വരെ കൈയേറ്റം ചെയ്തിട്ടും കിരണ്‍ കേസ് ഒത്തുതീര്‍പ്പാക്കിയതാണെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: