വെള്ളരിക്കുണ്ട്: ലോക്ഡൗണ്‍ നിയന്ത്രണം മറി കടന്ന് കാട് കാണാന്‍ എത്തി.. മഴവന്നതോടെ കാട്ടിലെ വഴി അറിയാതെ കുടുങ്ങിയ 16 യുവാക്കളെ രക്ഷപ്പെടുത്തിയ പോലീസ് പിഴയും താക്കീതും നല്കി വിട്ടയച്ചു.
ലോക്ഡൗണ്‍ വിരസത മാറ്റാന്‍ കാട് കാണാന്‍ കൊന്നക്കാട് കോട്ടഞ്ചേരി മലമുകളില്‍ എത്തിയ പരപ്പ എടത്തോട് സ്വദേശികളയായ 16 യുവാക്കള്‍ക്കാണ് വെള്ളരിക്കുണ്ട് പോലീസ് കൊവിഡ് നിയന്ത്രണം മറി കടന്നതിന്റെ പേരില്‍ കേസ് എടുത്തിരിക്കുന്നത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് പരപ്പ എടത്തോട് സ്വദേശികളായ 16 യുവാക്കള്‍ കോട്ടഞ്ചേരി മലയില്‍ എത്തിയത്. ഒന്നിലധികം വാഹനങ്ങളിലായി എത്തിയവര്‍ വാഹനങ്ങള്‍ റോഡില്‍ പാര്‍ക്ക് ചെയ്ത് കാട് കാണാന്‍ വനത്തിലേക്ക് കയറി. കാറ്റും മഴയും വന്നതോടെ തിരിച്ചിറങ്ങാന്‍ വഴി കിട്ടാതെകാട്ടില് അലഞ്ഞവര്‍ സഹായം അഭ്യര്‍ത്ഥിച്ച് മൊബൈല്‍ ഫോണ്‍ വഴി വെള്ളരിക്കുണ്ട് പോലീസിനെ ബന്ധപ്പെടുകയായിരുന്നു. പോലീസ് സ്ഥലത്തേക്ക് എത്തിയപ്പോഴേക്കും മറ്റൊരു വഴിയില്‍ കൂടി ഇവര്‍ പുറത്തെത്തി.
മുഴുവന്‍ പേരെയും വാഹനങ്ങളും വെള്ളരികുണ്ട് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടു വന്നു. രാത്രിയായതിനാലും കൊവിഡ് സുരക്ഷ പരിഗണിച്ചും യുവാക്കളെ വീട്ടിലേക്ക് വിട്ടയക്കുകയും ബുധനാഴ്ച രാവിലെ സ്റ്റേഷനില്‍ എത്താന്‍ ആവശ്യപ്പെടുകയുമായിരുന്നു. സ്റ്റേഷനില്‍ എത്തിയ മുഴുവന്‍ പേര്‍ക്കും പോലീസ് പിഴയും ബോധവല്‍ക്കരണവും നല്കി വിട്ടയക്കുകയായിരുന്നു.
വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷന് പരിധിയില്‍ വരുന്ന ചുള്ളി തട്ട് അച്ഛന് കല്ല് വെള്ളചാട്ടം കൊട്ടാഞ്ചേരി മല തുടങ്ങിയ സ്ഥലങ്ങള്‍ കാണാന്‍ ഒട്ടേറെ പേര് പോലീസിന്റെ കണ്ണു വെട്ടിച്ചു എത്താറുള്ളതായി വിവരം ലഭിച്ചിട്ടുണ്ടെന്നും ഇനി അത്തരം ആളുകളെ പിടി കൂടിയാല്‍ കര്‍ശന പോലീസ് നടപടി നേരിടേണ്ടി വരുമെന്നും പകര്‍ച്ച വ്യാധി നിയന്ത്രണ നിയമ പ്രകാരം കേസ് എടുക്കുമെന്നും വെള്ളരിക്കുണ്ട് സിഐ അനില്‍ കുമാര്‍. എ. പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: