കൊല്ലം : ഓണത്തോടനുബന്ധിച്ച് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിതരണത്തിനായി സംസ്ഥാന സര്‍ക്കാര്‍ ശേഖരിച്ചത് വര്‍ഷങ്ങള്‍ പഴക്കമുള്ള പുഴുവരിച്ച അരി. പഴകിയ അരി കീടനാശിനികള്‍ ഉള്‍പ്പടെയുള്ളവ ഉപയോഗിച്ച് വൃത്തിയാക്കുന്നത് ശ്രദ്ധയില്‍ ബിജെപിയുടെ ശ്രദ്ധയില്‍ പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്.
കൊല്ലം കൊട്ടാരക്കര സപ്ലൈകോയുടെ താലൂക്ക് ഡിപ്പോയിലെ പഴകിയ 2000 ചാക്ക് അരിയാണ് ഇത്തരത്തില്‍ കഴുകി വൃത്തിയാക്കി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി വിതരണം ചെയ്യാന്‍ ഒരുങ്ങിയത്. സംസ്ഥാനത്ത് മുഴുവനും ഇത് വിതരണം ചെയ്യാനായിരുന്നു പദ്ധതി. ഇതിനെ തുടര്‍ന്ന് ബിജെപി പ്രവര്‍ത്തകര്‍ ഗോഡൗണ്‍ ഉപരോധിച്ചു. സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരുടെ അറിവോടെയാണ് ഇത്തരത്തില്‍ പുഴു അരിച്ച അരി വിതരണം ചെയ്യാന്‍ നീക്കം നടത്തിയതെന്നും പുറത്തുവന്നിട്ടുണ്ട്.
സ്കൂള്‍ ഉച്ചഭക്ഷണ പരിപാടിക്കായി സൂക്ഷിച്ചുവച്ചിരുന്ന അരിയാണിത്. 2018 ബാച്ചില്‍ ഉള്‍പ്പെട്ട അരി ചാക്കുകളും ഇതിന്റെ കൂട്ടത്തിലുണ്ട്. ഇവയെല്ലാം പുഴുവരിച്ച് ഉപയോഗ ശൂന്യമായ രീതിയിലാണ്. ഇതിനെ തുടര്‍ന്ന് വിതരണത്തിനുള്ള അരിയെല്ലാം കഴുകി വൃത്തിയാക്കുന്നതിനായി സപ്ലൈകോ കരാറുകാരെ ഏല്‍പ്പിക്കുകയായിരുന്നു. ഒരു ചാക്കിന് 40 രൂപ നിരക്കിലാണ് കരാര്‍ നല്‍കിയിരിക്കുന്നത്.
കരാര്‍ തൊഴിലാളികള്‍ കീടനാശിനി അടക്കമുള്ള രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചു അരി വൃത്തിയാക്കി തുടങ്ങിയതോടെയാണു വിവരം പുറത്തായത്. വിവരം അറിഞ്ഞു ബിജെപി പ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയതോടെ സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങുകയും പോലീസ് സ്ഥലത്തെത്തുകയുമായിരുന്നു.
അതേസമയം ഉച്ചഭക്ഷണ പരിപാടിയുടെ ഭാഗമായുള്ള അരിയില്‍ കേടു വന്നത് വൃത്തിയാക്കാന്‍ അനുമതി ലഭിച്ചിരുന്നു. ഇതനുസരിച്ചാണ് വൃത്തിയാക്കാന്‍ തുടങ്ങിയത്. സംഭവത്തില്‍ പരാതി ഉയര്‍ന്നതോടെ വൃത്തിയാക്കല്‍ നിര്ത്തെവെയ്ക്കാന് നിര്‍ദ്ദേശം നല്‍കിയതായി ജില്ലാ സപ്ലൈ ഓഫിസര്‍ ടി. ഗാനാദേവി അറിയിച്ചു. ഇതിനു മുമ്പ് കോഴിക്കോട് വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യാനായി നല്കിയ ധാന്യങ്ങള്‍ പുഴുവരിച്ചതാണെന്നും ആരോപണം ഉയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: