കോഴിക്കോട് : ചന്ദ്രിക ദിനപ്പത്രത്തിന്റെ അക്കൗണ്ട് വഴി കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഇന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുമ്പാകെ ഹാജരായേക്കില്ല. താന്‍ ചികിത്സയിലാണെന്നും അനാരോഗ്യം കാരണം ഹാജരാകാന്‍ കഴിയില്ലെന്നും അദ്ദേഹം എന്ഫോഴ്്സ്മെന്റിനെ അറിയിച്ചിട്ടുണ്ട്.
ബുധനാഴ്ചയാണ് ഇഡി ഉദ്യോഗസ്ഥര്‍ കോഴിക്കോട് എത്തി ഹൈദരലി തങ്ങള്‍ക്ക് നോട്ടീസ് നല്‍കിയത്. ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ട് വഴി മുന്‍ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് പത്തു കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്നാണ് കേസ്. അതേസമയം ചന്ദ്രിക ഫിനാന്‍സ് മാനേജര്‍ സമീര്‍ കൊച്ചി എന്‍ഫോഴ്സ്മെന്റ് ഓഫീസില്‍ ഹാജരായേക്കും.
കേസുമായി ബന്ധപ്പെട്ട് തങ്ങളോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി ആവശ്യപ്പെട്ടതോടെ മുസ്ലിം ലീഗിനുള്ളില്‍ പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. വിഷയം മുന്‍ മന്ത്രി കെ.ടി. ജലീല്‍ നിയമസഭയില്‍ അടക്കം ഉന്നയിക്കുകയും കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തുകയും ചെയ്തിരുന്നു.
ഇതോടെ കുഞ്ഞാലിക്കുട്ടിക്കെതിരെ ഹൈദരലി തങ്ങളുടെ മകന് മുയിന്‍ അലിയും കുഞ്ഞാലിക്കുട്ടിക്കെതിരെ രംഗത്ത് എത്തി. ഇതിന് പിന്നാലെ നിയമസഭാ സമ്മേളനത്തിന് അവധിയെടുത്ത് കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് തിരിച്ചെത്തി. ചന്ദ്രിക വിഷയത്തിലും എആര്‍ ബാങ്ക് ക്രമക്കേടിലും കടുത്ത പ്രതിസന്ധിയിലായിരുന്ന ലീഗിനെ കൂടുതല്‍ കുരുക്കിലാക്കുന്നതായിരുന്നു മുയിന്‍ അലിയുടെ പ്രസ്താവന.
നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താനായി കഴിഞ്ഞ ദിവസം കോഴിക്കോട്ട് ചേര്‍ന്ന ലീഗ് നേതൃയോഗത്തില്‍ ലീഗ് സംസ്ഥാന സെക്രട്ടറി കെ.എസ്. ഹംസ അടക്കമുള്ളവര്‍ ചന്ദ്രിക വിഷയത്തില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. തങ്ങളെ കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്യുന്ന സാഹചര്യം സൃഷ്ടിക്കരുതെന്നായിരുന്നു വിമര്‍ശനം. ഇത് കൂടാതെ ചന്ദ്രികയ്ക്കെന്ന പേരില്‍ അഞ്ചേക്കര്‍ ഭൂമി വാങ്ങിയതില്‍ രണ്ടര ഏക്കര്‍ കുഞ്ഞാലിക്കുട്ടിയുടെ മകന്റെ പേരിലാണെന്നും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: