കോഴിക്കോട്: കമ്യൂണിസ്റ്റ് കലാപങ്ങളെ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി ചിത്രീകരിച്ച്, ആദര്ശവത്കരിക്കാന് പിണറായി സര്‍ക്കാരിന്റെ ശ്രമം. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ പേരിലാണ് ഈ കള്ളക്കളി. കയ്യൂരിലെ കമ്യൂണിസ്റ്റ് കലാപത്തെ മഹത്വവത്കരിക്കാനാണ് പരിപാടി.
രാജ്യമെമ്പാടും സ്വാതന്ത്ര്യസമര ജൂബിലി ആഘോഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. സ്വാതന്ത്ര്യസമരത്തെ അടിസ്ഥാനമാക്കി വിദ്യാര്‍ഥികള്‍ക്കായി മത്സരങ്ങളും മറ്റും നടത്തുന്നുണ്ട്. ഇതിന് നല്കിയ ഫണ്ട് ഉപയോഗിച്ചാണ് പിണറായി സര്‍ക്കാര്‍ പാര്‍ട്ടി കലാപങ്ങള്‍ക്ക് മാന്യത നല്‍കുന്നത്. പുന്നപ്രയിലും വയലാറിലും നടന്ന കമ്യൂണിസ്റ്റ് കലാപത്തെ സ്വാതന്ത്ര്യ സമരമാക്കിയതു പോലെ കാസര്‍കോട്ടെ കയ്യൂരില്‍ നടന്ന അക്രമത്തെ സ്വാതന്ത്ര്യസമരമാക്കി വിദ്യാര്‍ഥികള്‍ക്ക് ഉപന്യാസത്തിലും ചിത്രരചനയിലും മത്സരം നടത്താന്‍ വിദ്യാഭ്യാസ വകുപ്പ് സര്‍ക്കുലര്‍ അയച്ചു കഴിഞ്ഞു. ഓരോ ജില്ലയിലും ഇത് ആവിഷ്കരിച്ച് അതത് പ്രദേശത്തെ പാര്‍ട്ടി സമരങ്ങള്‍ക്ക് മാന്യത കൊടുക്കുകയാണ്.
കാസര്‍കോട്ട് ഈ പരിപാടിക്ക് ‘ചിരസ്മരണ’ എന്ന നിരഞ്ജനയുടെ നോവലിന്റെ പേരാണ് നല്‍കിയിരിക്കുന്നത്. ‘സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങള്‍ക്ക് കയ്യൂര്‍ സമരത്തിന്റെ സംഭാവന’ എന്നതാണ് ഹൈസ്കൂള്‍ – ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കുള്ള ഉപന്യാസ മത്സരത്തിന്റെ വിഷയം. കോളനി വാഴ്ചക്കെതിരേ കാസര്‍കോട് ജില്ലയില്‍ നടന്ന ജനകീയ മുന്നേറ്റങ്ങള്‍ എന്നതാണ് ഹൈസ്കൂളുകാര്ക്കുള്ള പഠന പ്രോജക്ട് വിഷയം. ജില്ലയിലെ സ്വാതന്ത്ര്യസമര സേനാനികളെ അറിയാം എന്നാണ് യുപി വിഭാഗത്തിന് ജീവചരിത്ര നിഘണ്ടു തയ്യാറാക്കാന്‍ നല്കിയ വിഷയം.
ഇതു കൂടാതെ പെയിന്റിങ്-ചിത്രരചനാ മത്സരങ്ങളുണ്ട്. വിഷയം അപ്പോള്‍ നല്‍കും. വിജയികളെ പങ്കെടുപ്പിച്ച് നടത്തുന്ന സ്വാതന്ത്ര്യസമര സന്ദേശ പഠന യാത്ര രണ്ടു ദിവസമാണ്. ഇത് സമാപിക്കുന്നത് കയ്യൂര്‍ സമരകേന്ദ്രത്തിലാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടി പിളരും മുമ്പ് നടന്ന കര്‍ഷക സമരത്തിനൊടുവില്‍ ബ്രിട്ടീഷ് പോലീസിലെ കോണ്‍സ്റ്റബിളിനെ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയതും തുടര്‍ന്ന് നാലു പേരെ തൂക്കിക്കൊല്ലുകയും ചെയ്ത 1942ലെ സംഭവമാണ് കയ്യൂര്‍ സമരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: