തിരുവനന്തപുരം: കൊവിഡ് വ്യാപനം തടയാനെന്ന േപരില് ഏര്‍പ്പെടുത്തിയ, അല്‍പ്പം പോലും പ്രായോഗികമല്ലാത്ത, അപഹാസ്യമായ നിയന്ത്രണങ്ങളില്‍ പ്രതിഷേധവും ജനരോഷവും ശക്തം. ഇത്തരം നിര്‍ദേശങ്ങള്‍ ഉണ്ടാക്കിയ ആശയക്കുഴപ്പങ്ങളും ചില്ലറയല്ല. എന്നാല്‍ പല നിര്‍ദേശങ്ങളും വലിയ എതിര്‍പ്പിനും പരിഹാസത്തിനും വഴിയൊരുക്കിയിട്ടും അവയൊന്നും പിന്‍വലിക്കില്ലെന്ന കടുത്ത നിലപാടിലാണ് പിണറായി സര്‍ക്കാര്‍.
പച്ചക്കറിയും പാലും അരിയും അടക്കമുള്ള നിത്യോപയോഗ സാധനങ്ങള്‍ വാങ്ങാന്‍ കടകളില്‍ പോകാന്‍ പോലും 72 മണിക്കൂറിനകമുള്ള ആര്‍ടിപിസിആര്‍ പരിശോധനാ ഫലമോ വാക്സിന് എടുത്തതിന്റെ രേഖയോ വേണമെന്ന നിര്‍ദേശമാണ് ഏറ്റവും അപഹാസ്യവും അപ്രായോഗികവും. വ്യക്തത ഒട്ടുമില്ലാത്ത ഈ നിര്‍ദേശം അപ്രായോഗികമെന്ന് പോലീസും വ്യാപാരികളും തന്നെ സാക്ഷ്യപ്പെടുത്തുന്നു.
ഇന്നലെ മുതലാണ് പുതിയ തരത്തിലുള്ള നിയന്ത്രണം സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയത്. കടകളില്‍ എത്തുന്നവര്‍ക്ക് 72 മണിക്കൂറിനകം എടുത്ത ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റോ വാക്സിന് സ്വീകരിച്ച രേഖയോ വേണം. അല്ലെങ്കില്‍ ഒരു മാസം മുമ്പ് കൊവിഡ് വന്നുപോയവര്‍ ആകണമെന്നാണ് പുതുക്കിയ ഉത്തരവിലുള്ളത്. ഇതിനെതിരേയാണ് പ്രതിഷേധം ഉയരുന്നത്. സംസ്ഥാനത്ത് ആദ്യ ഡോസ് വാക്സിന് സ്വീകരിച്ചവര്‍ 56 ശതമാനമാണ്. 45 വയസ്സിനു മുകളില്‍ ആദ്യഡോസ് വാക്സിന് എടുത്തവര്‍ പോലും 83 ശതമാനം മാത്രം. 18നും 44നും ഇടയിലുള്ളവരുടെ കണക്കാകട്ടെ 28 ശതമാനവും. പുതിയ ഉത്തരവ് അനുസരിച്ച് 48 ശതമാനം പേര്‍ക്കും 68 ശതമാനം യുവാക്കള്‍ക്കും കടകളില്‍ പ്രവേശിക്കാന്‍ ആര്‍ടിപിസിആര്‍ പരിശോധനാ ഫലം വേണം. മാത്രമല്ല, ആദ്യ വാക്സിന് എടുത്തവരാണെങ്കില്‍ രണ്ടാഴ്ച കഴിയുകയും വേണം. ഉത്തരവ് അനുസരിച്ചാണെങ്കില്‍ പകുതിയിലധികം ജനങ്ങള്‍ക്കും പുറത്തിറങ്ങാന്‍ മൂന്ന് ദിവസത്തില്‍ ഒരിക്കല്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തണം. ചെറുപ്പക്കാരില്‍ കൂടുതല്‍ പേരും വീട്ടിലിരിക്കുകയും അത്യാവശ്യ കാര്യങ്ങള്‍ക്ക് പ്രായമായവര്‍ പോകേണ്ടിയും വരും.
കടകളിലെത്തുന്ന ഉപഭോക്താക്കള്‍ക്ക് വാക്സിനേഷന് സര്‍ട്ടിഫിക്കറ്റോ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ വേണമെന്ന നിര്‍ദേശം അംഗീകരിക്കാനാകില്ലെന്നാണ് വ്യാപാരികളുടെ നിലപാട്. മാത്രമല്ല, ഇത് വ്യാപാര സ്ഥാപനങ്ങളാണോ പോലീസാണോ പരിശോധിക്കേണ്ടതെന്ന കാര്യത്തിലും മാര്‍ഗനിര്‍ദേശം നല്‍കിയിട്ടില്ല. അതിനാല്‍ പോലീസും പരിശോധന ആരംഭിച്ചിട്ടില്ല. വാക്സിനേഷന്, കൊവിഡ് പരിശോധന, കല്യാണം, മരണം, വിമാനത്താവളങ്ങളിലേക്കുള്ള യാത്ര എന്നിവയ്ക്ക് മാത്രമേ പുറത്തിറങ്ങാവൂ എന്നാണ് ഉത്തരവ്. ഉത്തരവ് കൃത്യമായി നടപ്പാക്കിയാല്‍ ജനങ്ങള്‍ക്ക് ജോലിക്കു വേണ്ടിയോ അത്യാവശ്യ കാര്യങ്ങള്‍ക്കോ പുറത്തിറങ്ങാനാകില്ലെന്നും ലംഘിച്ചാല്‍ പിഴ ഈടാക്കാമെന്നും നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ആര്‍ടിസിപിസിആറോ വാക്സിന് എടുത്ത സര്‍ട്ടിഫിക്കറ്റോ അഭികാമ്യമാക്കാമെന്നാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിയമസഭയില്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാല്‍ ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ ഇത് നിര്‍ബന്ധമാക്കുകയായിരുന്നു. മന്ത്രി പറഞ്ഞതിലും ഉത്തരവിലും വ്യത്യാസം വന്നതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് വാക്കൗട്ട് നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: