വ്യാവസായിക പുരോഗതി കൈവരിക്കാന്‍ കഴിയാത്ത ജില്ലയാണ് കോട്ടയം. ചെറുതും വലുതുമായ പല വ്യവസായശാലകളും ഇതിനകം ഊര്‍ദ്ധ്വവായു വലിച്ചുകഴിഞ്ഞു. നാട്ടകത്തെ ട്രാവന്‍കൂര്‍ സിമന്റ്സ് മാത്രമാണ് തട്ടിയും മുട്ടിയും മുന്നോട്ടു പോകുന്ന ജില്ലയിലെ ഏക പൊതുമേഖലാ വ്യവസായ സ്ഥാപനം. വൈറ്റ് സിമന്റ് ആണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. അസംസ്കൃതവസ്തുവായ കക്കയുടെ ലഭ്യതക്കുറവ് കമ്പനിയുടെ തുടര്‍ പ്രവര്‍ത്തനത്തെ മന്ദഗതിയിലാക്കിയിട്ടുണ്ട്.
ജില്ലയിലെ ഏറ്റവും വലിയ കമ്പനി വൈക്കം വെള്ളൂരില്‍ പ്രവര്‍ത്തിച്ചിരുന്ന എച്ച്എന്‍എല്‍ ആയിരുന്നു. ഉദ്യോഗസ്ഥ അധികാര ദുര്‍വിനിയോഗവും കെടുകാര്യസ്ഥതയും മൂലം ഇതിന്റെ പ്രവര്‍ത്തനം നിലച്ചു. സഹകരണ മേഖലയില്‍ ശ്രദ്ധേയമായ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന കോട്ടയം ടെക്സ്റ്റയില്‍സ്, സ്വകാര്യ മേഖലയിലെ വന്‍കിട കമ്പനിയായിരുന്ന ചിങ്ങവനം ടെസില്‍ തുടങ്ങിയവയൊക്കെ അസ്തമിച്ചിട്ട് നാളുകളായി. വൈക്കം മേഖലയില്‍ നിവരധി കുടുംബങ്ങളുടെ ജീവനോപാധിയായിരുന്ന കക്കാ വ്യവസായം ഏതാണ്ട് പാടേ തകര്‍ന്നുകഴിഞ്ഞു. സഹകരണ മേഖലയില്‍ ആയിരുന്നു ഈ ചെറുകിട വ്യവസായങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നത്.
എന്നാല്‍ സ്വകാര്യ മേഖലയിലെ വടവാതൂര്‍ എംആര്‍എഫ്, മിഡാസ് റബ്ബര്‍ കമ്പനികള്‍ വളരെ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടുതാനും. കോ ഓപ്പറേറ്റീവ് സെക്ടറില്‍ അമയന്നൂര്‍, മീനടം എന്നിവിടങ്ങളില്‍ രണ്ട് സ്പിന്നിങ് മില്‍ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും വര്‍ഷത്തില്‍ മിക്കപ്പോഴും അടഞ്ഞു കിടപ്പാണ്. മറ്റൊന്ന് സഹകരണ മേഖലയില്‍ തന്നെയുള്ള റബ്കോയുടെ യൂണിറ്റാണ്. തദ്ദേശവാസികള്‍ക്ക് തൊഴില്‍ ഉറപ്പെന്ന് പ്രഖ്യാപിച്ച് തുടങ്ങിയ സ്ഥാപനത്തില്‍ ഇപ്പോള്‍ ബഹുഭൂരിപക്ഷവും ഇതര സംസ്ഥാന തൊഴിലാളികളാണ്.
രാജ്യത്തെ റബ്ബര്‍ കൃഷിയുടെ പഠനവും വ്യാപനവും നിര്‍വ്വഹിക്കുന്ന റബ്ബര്‍ ബോര്‍ഡിന്റെ ആസ്ഥാനവും കോട്ടയത്താണ്. റബ്ബര്‍ അധിഷ്ഠിത വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പല പദ്ധതികളും ബോര്‍ഡ് ആവിഷ്ക്കരിക്കുന്നുണ്ടെങ്കിലും പൊതുമേഖലയില്‍ ശ്രദ്ധേയമായ മുന്നേറ്റം നടത്താന്‍ കഴിയുന്ന സ്ഥാപനങ്ങളില്ല. സ്വകാര്യ മേഖലയിലെ ചില സ്ഥാപനങ്ങളാണ് ഈ മേഖലയില്‍ കുത്തകയായി വാഴുന്നത്. സംസ്ഥാനത്ത് ഏറ്റവുമധികം റബ്ബര്‍ ഉത്പാദനം നടക്കുന്ന ജില്ലയായിട്ടു കൂടി ഈ രംഗത്ത് കാര്യമായ മുന്നേറ്റം നടത്താന്‍ കഴിഞ്ഞിട്ടില്ല. കൊട്ടിഘോഷിച്ച് പാലാഴി ടയേഴ്സ് എന്ന പേരില്‍ പാലായില്‍ ഒരു റബര്‍ ഫാക്ടറിക്ക് രൂപം കൊടുത്തെങ്കിലും തറക്കല്ലില്‍ അവസാനിച്ചു.
ന്യൂസ് പ്രിന്റ് ഫാക്ടറി ഏറ്റെടുത്തിട്ട് എന്തായി
ഹിന്ദുസ്ഥാന്‍ പേപ്പര്‍ കോര്‍പ്പറേഷന്റെ കീഴില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന വൈക്കം വെള്ളൂരിലെ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ഫാക്ടറി(എച്ച്എന്‍എല്‍) തുടര്‍ച്ചയായി വന്‍ ലാഭം കൊയ്തിരുന്ന കമ്പനിയാണ്. എച്ച്പിസി യുടെ കീഴിലുള്ള കമ്പനികളില്‍ വന്‍ലാഭം കൈവരിച്ചിരുന്നത് എച്ച്എന്‍എല്‍ മാത്രമായിരുന്നു. അറുനൂറ് ഏക്കര്‍ ഭൂമിയാണ് ഈ കമ്പനിക്ക് കൈവശമുള്ളത്. അമിത ലാഭം അഴിമതിയിലേക്കും ഉദ്യോഗസ്ഥ കെടുകാര്യസ്ഥതയിലേക്കും കടന്നതോടെ നഷ്ടത്തിലായി. ഒടുവില്‍ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ നിര്‍ബന്ധിതമായി. ഇതിനടയില്‍ വാജ്പേയി സര്‍ക്കാരിന്റെ കാലത്ത് ഡീ ഇന്‍ ഗിംഗ് പ്ലാന്റ് സ്ഥാപിച്ച് ആധുനികവല്‍ക്കരണത്തിനുള്ള ശ്രമം നടന്നെങ്കിലും വിജയിച്ചില്ല.
അഴിമതിയാണ് സ്ഥാപനത്തിന്റെ പ്രവര്‍ത്തന ഇടിവിന് വഴിയൊരുക്കിയതെന്ന് മനസ്സിലാക്കിയ നരേന്ദ്ര മോദി സര്‍ക്കാര്‍ കൈക്കൊണ്ട നിലപാട് എച്ച്എന്‍എല്ലിന് സ്വന്തം നിലക്ക് നഷ്ടം നികത്തി പ്രവര്‍ത്തനം തുടരാം എന്നായിരുന്നു. എന്നാല്‍ അതിനും കഴിഞ്ഞില്ല. തുടര്‍ന്ന് ഇവിടുത്തെ മുഴുവന്‍ തൊഴിലാളികള്‍ക്കും തൊഴില്‍ സുരക്ഷയും നിലവിലുള്ള ശമ്പളവും ഉറപ്പു വരുത്തിക്കൊണ്ട് സ്ഥാപനത്തിന്റെ നടത്തിപ്പ് സ്വകാര്യ മാനേജ്മെന്റിനെ ഏല്‍പ്പിക്കുക എന്ന നിര്‍ദ്ദേശം കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവച്ചു.
ഈ നിര്‍ദ്ദേശത്തെ സംസ്ഥാന സര്‍ക്കാരും ട്രേഡ് യൂണിയനുകളും എതിര്‍ത്തു. സംസ്ഥാന സര്‍ക്കാര്‍ ഈ ഫാക്ടറി ഏറ്റെടുക്കാന്‍ തയാറാണെന്ന് പറഞ്ഞ് കിന്‍ഫ്രായെ നടപടി ക്രമങ്ങളില്‍ പങ്കാളിയാക്കി രംഗത്തുവന്നു. ഇതിന്റെ ഭാഗമായി കിന്‍ഫ്രാക്ക് സ്ഥാപനം വിട്ടു നല്‍കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിച്ചു. ബാങ്കുകളുടെ ബാധ്യത തീര്‍ക്കുന്നതിനുള്ള തുക ഇരുകൂട്ടരും ചര്‍ച്ച ചെയ്ത് ധാരണയിലെത്തി. എന്നാല്‍ ജീവനക്കാര്‍ക്കും കരാര്‍ തൊഴിലാളികള്‍ക്കും കൊടുക്കാനുള്ള ശമ്പള കുടിശ്ശികയും മറ്റ് ആനുകൂല്യങ്ങളും 16% മാത്രമെ നല്കുകയുള്ളുവെന്ന് കിന്‍ഫ്രാ ഏകപക്ഷീയമായി തീരുമാനിച്ചു. മാത്രമല്ല തൊഴില്‍ സുരക്ഷിതത്ത്വവും ഉറപ്പു നല്‍കിയില്ല.
കിന്‍ഫ്രയുടെ നേതൃത്വത്തിലുള്ള മാനേജ്മെന്റിന്റെ അനാസ്ഥമൂലം പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ കഴിഞ്ഞതുമില്ല, തൊഴിലാളികള്‍ക്ക് ചികിത്സാ സൗകര്യമായി ലഭിച്ചിരുന്ന ഇഎസ്ഐ പരിരക്ഷണം നഷ്ടപ്പെടുകയും ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ ഇപ്പോഴെടുത്തിട്ടുള്ള ഈ ഏറ്റെടുക്കല്‍ തീരുമാനത്തിന്റെ പിന്നില്‍ തൊഴിലാളി സ്നേഹമോ പൊതുമേഖലയോടുള്ള താത്പര്യമോ അല്ല മറിച്ച് കുത്തകകളുമായി ചേര്‍ന്നുള്ള റിയല്‍ എസ്റ്റേറ്റ് താത്പര്യമാണെന്ന ആക്ഷേപം തൊഴിലാളികള്‍ തന്നെ ഉന്നയിക്കുന്നു. കമ്പനി സ്ഥിതി ചെയ്യുന്ന വെള്ളൂരില്‍ ഉപയോഗമില്ലാതെ കിടക്കുന്ന 600 ഏക്കര്‍ സ്ഥലവും, എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ എച്ച്എന്‍എല്ലിന്റെ ഉടമസ്ഥതയിലുള്ള ഏക്കര്‍ കണക്കിന് ഭൂമിയുമാണ് സംസ്ഥാനസര്‍ക്കാറിന്റെ ലക്ഷ്യമെന്നും അവര്‍ പറയുന്നു.
സ്വര്‍ണ്ണ താക്കോലും വാസവനും
പൂട്ടിയ ഫാക്ടറി സ്വര്‍ണ്ണത്താക്കോലിട്ട് തുറക്കുമെന്ന് ഉറപ്പു നല്കിയ സിപിഎം നേതാവ് ഇപ്പോള്‍ സഹകരണ മന്ത്രിയാണ്.
എന്നാല്‍ ചിങ്ങവനത്തെ ട്രാവന്‍കൂര്‍ ഇലക്ട്രോ കെമിക്കല്‍സ് (ടെസില്‍) തുറക്കാനുള്ള നടപടിയൊന്നും ഇതുവരെ ആരംഭിച്ചിട്ടില്ല. സ്ഥാപനം പൂട്ടിയതോടെ രാഷ്ട്രീയ കക്ഷികളും തൊഴിലാളി സംഘടനകളും മത്സരിച്ച് പ്രക്ഷോഭങ്ങള്‍ നടത്തിയിരുന്നു. തെരഞ്ഞെടുപ്പിലും വന്‍ ചര്‍ച്ചയായി.
ഇപ്പോഴാകട്ടെ, ടെസില്‍ സ്വര്‍ണ്ണ താക്കോലിട്ട് തുറക്കുമെന്ന് പ്രഖ്യാപിച്ച് സമരം നടത്തിയ സിപിഎം നേതാവായ വി.എന്‍. വാസവന് സംസ്ഥാന സഹകരണ മന്ത്രിയാണ്. എന്നാല്‍ ടെസില്‍ ഇതു വരെ തുറന്നിട്ടില്ല, ഫാക്ടറി കെട്ടിടങ്ങള്‍ നാശോന്മുഖമായി. കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഏക്കര്‍ കണക്കിന് വരുന്ന ഭൂമി കാടുകയറി അനാഥമായി കിടക്കുന്നു. തൊഴിലാളികള്‍ക്ക് അര്‍ഹതപ്പെട്ട നഷ്ടപരിഹാരം ഇനിയും ലഭിച്ചിട്ടില്ല.
നാട്ടുകാര്‍ക്ക് വേണ്ടാത്ത റബ്കോ
കണ്ണൂര്‍ കേന്ദ്രമായുള്ള റബ്കോയുടെ യൂണിറ്റ് കോട്ടയം ജില്ലയിലെ പാമ്പാടിയില്‍ ആരംഭിച്ചത് തദ്ദേശവാസികളായ യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ്. സ്വകാര്യ കമ്പനികളുമായി മത്സരത്തിന് ഇടനല്കുന്ന ഫോം ബെഡ്നിര്‍മ്മാണ യൂണിറ്റാണിത്. ആദ്യമൊക്കെ വിപണിയില്‍ നിന്ന് നല്ല പിന്തുണ ലഭിച്ചെങ്കിലും പിന്നീട് അതിന് മങ്ങലേറ്റു. തുടക്കം മുതല്‍ തന്നെ റബ്കോ സിപിഎം നിയന്ത്രണത്തിലുള്ള ഭരണസമിതിയുടെ കീഴിലായതിനാല്‍ പാര്‍ട്ടി അംഗങ്ങള്‍ക്കും അനുഭാവികള്‍ക്കും മാത്രമായിരുന്നു ഇവിടെ ജോലി ലഭിച്ചത്. വേതനം കുറവും പാര്‍ട്ടിയുടെ പിഴിയലും കൊണ്ട് പൊറുതിമുട്ടിയ തദ്ദേശവാസികളില്‍ ബഹുഭൂരിപക്ഷവും ജോലി ഉപേക്ഷിച്ചു. ഇതോടെ കണ്ണൂര്‍ സഖാക്കളുടെ താവളമായി പാമ്പാടിയിലെ യൂണിറ്റ് മാറ്റപ്പെട്ടു. ഇപ്പോഴാകട്ടെ ബഹുഭൂരിപക്ഷം തൊഴിലാളികളും ഇതര സംസ്ഥാനക്കാരാണ്.
പഞ്ഞിവാങ്ങാന്‍ പണമില്ലാതെ
കേരള സ്റ്റേറ്റ് ടെക്സ്റ്റയില്‍ കോര്‍പ്പറേഷന്റെ യൂണിറ്റാണ് അടഞ്ഞുകിടക്കുന്ന ഏറ്റുമാനൂര്‍ വേദഗിരിയിലെ കോട്ടയം ടെക്സ്റ്റയില്‍സ്. പഞ്ഞിവാങ്ങാന്‍ പോലും പണമില്ലാതെ പൂട്ടിക്കിടക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. മൂന്ന് കോടി രൂപ വൈദ്യുതി കുടിശ്ശികയായതോടെയാണ് താഴ് വീണത്. പിഎഫ് , ഇഎസ്ഐ ഇനത്തില്‍ 262 ലക്ഷം കുടിശ്ശിക വേറെയും.
തൊഴിലാളി യൂണിയനുകളുടെ അനിയന്ത്രിതമായ ഇടപെടലുകളാണ് ഇതിന്റെ പ്രവര്‍ത്തനം നിലയ്ക്കാന്‍ കാരണമായത്. സ്ഥിരം തൊഴിലാളികള്‍ക്ക് പുറമെ വേണ്ടപ്പെട്ടവരെ ക്യാഷ്വല്‍ തൊഴിലാളികളായി നിയോഗിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: