കോട്ടയം: കര്‍ക്കിടക വാവ് ദിവസത്തെ ലോക്ക്ഡൗണ്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കേരള ജനപക്ഷം ചെയര്‍മാന്‍ പി സി ജോര്‍ജ്. അപ്രായോഗികമായ ലോക്ക്ഡൗണ്‍ നിബന്ധനകളില്‍ നിലവില്‍ വരുത്തിയിട്ടുള്ള ഇളവുകള്‍ ഗുണകരമാണ്. എന്നാല്‍ ലോക്ക്ഡൗണ്‍ കാലത്ത് വ്യാപാര സമൂഹത്തിനും, തൊഴിലാളികള്‍ക്കും ഉണ്ടായ ഭീമമായ നഷ്ടത്തിന് സര്‍ക്കാര്‍ പരിഹാരം കാണണമെന്നും പിസി ജോര്‍ജ് ആവശ്യപ്പെട്ടു.
ഹൈന്ദവ സമൂഹത്തിന്റെ ഏറ്റവും മുഖ്യമായ ചടങ്ങുകളിലൊന്നായ കര്‍ക്കിടക വാവ് ദിവസം തിരക്കില്ലാതെ ബലി തര്‍പ്പണം നടത്തുവാന്‍ സാഹചര്യം സൃഷ്ടിക്കണമെന്നും അദേഹം പറഞ്ഞു. കൊവിഡ് ഇളവുകള്‍ നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ മാറ്റം വരുത്തിയതിന് പിന്നാലെ, വാരാന്ത്യ ലോക്ക്ഡൗണ്‍ ഞായറാഴ്‌ച്ച മാത്രമാക്കി പരിമിതപ്പെടുത്തിയിരുന്നു.
അതേസമയം സ്വതന്ത്ര്യ ദിനവും അവിട്ടം ദിനവുമായ ഞായറാഴ്‌ച്ചത്തെ നിയന്ത്രണം മാറ്റിവെയ്‌ക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് കര്‍ക്കിടക വാവ് ദിവസം ലോക്ക്ഡൗണ്‍ ഇളവ് അനുവദിക്കണമെന്ന ആവശ്യവുമായി പി സി ജോര്‍ജ് രംഗത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: