ഭോപ്പാൽ: ആറ് പൊലീസുകാരുടെ മരണത്തിനിടയാക്കിയ അസം-മിസോറാം അതിര്‍ത്തി തര്‍ക്കം അയയുന്നു. ഇരുസംസ്ഥാനങ്ങളിലേയും മുഖ്യമന്ത്രിമാരോട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഫോണിൽ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് സമവായം രൂപപ്പെടുകയാണ്.
അതിനിടെ അതിർത്തി തർക്കം പരിഹരിക്കാനായി അസം മന്ത്രിമാർ മിസോറമിൽ എത്തി. അസം മന്ത്രിമാരായ അതുൽ ബോറയും അശോക് സിംഗാളുമാണ് മിസോറമിന്റെ തലസ്ഥാനമായ ഐസ്വാളിലെത്തിയത്. മിസോറം ആഭ്യന്തരമന്ത്രി ലാൽചാംലിയാന, ലാൻഡ് റവന്യൂ സെറ്റിൽമെന്റ് മന്ത്രി ലാൽരുത്കിമ, ആഭ്യന്ത്രര വകുപ്പ് സെക്രട്ടറി വൻലം ഗൈസ്ക എന്നിവരാണ് അസമിൽ നിന്നുള്ള മന്ത്രിമാരുമായി കൂടിക്കാഴ്ച്ച നടത്തിയത്.
സാറ്റലൈറ്റ് ഇമേജിംഗ് ഉപയോഗിച്ച് കൃത്യമായി അതിർത്തി നിർണ്ണയം നടത്താനാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം. ഇതിനായുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.
അസം-മിസോറം അതിർത്തി തർക്കത്തിൽ അസമിന്റെ ആറ് പോലീസുകാർ കൊല്ലപ്പെട്ടിരുന്നു. സംഭവത്തിൽ മിസോറം സർക്കാർ ഖേദപ്രകടനം നടത്തിയിരുന്നു. മിസോറമിലേക്ക് യാത്ര ചെയ്യരുതെന്ന മുന്നറിയിപ്പ് റദ്ദാക്കുമെന്ന് അസം സർക്കാരും അറിയിച്ചു. മിസോറം എംപിയ്ക്കെതിരായ കേസ് പിൻവലിക്കുമെന്ന് അസം അറിയിച്ചതിന് പിന്നാലെ, മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയ്ക്കെതിരായ കേസ് പിൻവലിക്കുമെന്ന് മിസോറം മുഖ്യമന്ത്രി സോറംതംഗ അറിയിച്ചിരുന്നു. കൊലപാതകം, ക്രിമിനൽ ഗൂഢാലോചന എന്നിവ ചുമത്തിയാണ് ഹിമന്ത ബിശ്വ ശർമ്മയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് മിസോറമിലേക്കുള്ള യാത്രകൾ പിൻവലിക്കണമെന്നും ജാഗ്രത പുലർത്തണമെന്നും കാണിച്ച് അസം മാർഗ്ഗനിർദ്ദേശം പുറത്തിറക്കുകയായിരുന്നു.
നേരത്തെ ഇരുസംസ്ഥാനങ്ങളും അതിര്‍ത്തിയില്‍ അവരവരുടെതായ പൊലീസ് സേനയെ നിയോഗിച്ചിരുന്നു. കേന്ദ്ര നിര്‍ദേശത്തെ തുടര്‍ന്ന് ഇരുസംസ്ഥാനങ്ങളും അതിര്‍ത്തിയിലെ പൊലീസ് വിന്യാസം പിന്‍വലിച്ചു. പകരം കേന്ദ്രസേനയെ വിന്യസിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: