കോട്ടയം: ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് രാജ്യത്ത് ഉടനീളം നടത്തുന്ന സര്‍വ്വേ നടപടികള്‍ക്ക് ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട തദ്ദേശ സ്ഥാപന മേഖലകളില്‍ തുടക്കമായി. തൊഴിലും തൊഴിലില്ലായ്മും സംബന്ധിച്ച വിവരശേഖരണത്തിന് ലേബര്‍ ഫോഴ്സ് സര്‍വേ, അസംഘടിത മേഖലയിലെ കാര്‍ഷികേതര സംരംഭങ്ങളുടെ വാര്‍ഷിക സര്‍വേ, നഗര പ്രദേശങ്ങളുടെ ഭൂപടം തയ്യാറാക്കുന്നതിനുള്ള അര്‍ബന്‍ ഫ്രെയിം സര്‍വേ എന്നിവയാണ് നടത്തുന്നത്. കടനാട് – രണ്ട് , മുളക്കുളം – ഏഴ്, കാഞ്ഞിരപ്പള്ളി-16, ഏറ്റുമാനൂര്‍ -32, ഈരാറ്റുപേട്ട -21 എന്നീ തദ്ദേശ സ്ഥാപന വാര്‍ഡുകളിലാണ് ലേബര്‍ ഫോഴ്സ് സര്‍വ്വേ നടക്കുന്നത്.
തിടനാട് – എട്ട്, വെള്ളാവൂര്‍- ഏഴ്, നീണ്ടൂര്‍- ഏഴ്, മുളക്കുളം -10, തൃക്കൊടിത്താനം – ഏഴ് എന്നീ വാര്‍ഡുകളില്‍ വീടുകള്‍ക്കു പുറമേ വ്യാപാര, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളും ശേഖരിക്കും.
പുതുപ്പള്ളി, പനച്ചിക്കാട് ഗ്രാമപഞ്ചായത്തുകളുടെയും വൈക്കം, ചങ്ങനാശ്ശേരി, ഈരാറ്റുപേട്ട എന്നീ മുനിസിപ്പാലിറ്റികളുടെയും ഭൂപടം തയ്യാറാക്കുന്നതിന് ഈ പ്രദേശങ്ങളില്‍ അര്‍ബന്‍ ഫ്രെയിം സര്‍വേയാണ് നടക്കുന്നത്.
വിവരശേഖരണത്തിനായി എത്തുന്ന എന്യൂമറേറ്റര്‍മാര്‍ക്ക് വസ്തുനിഷ്ഠമായ വിവരങ്ങള്‍ നല്കി പൊതുജനങ്ങളും സ്ഥാപനഉടമകളും സഹകരിക്കണമെന്ന് സീനിയര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ അജിത് കുമാര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: