തൊടുപുഴ: ഓണം പടിവാതില്‍ക്കലെത്തി നില്‍ക്കെ സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക് ഡൗണ്‍ ഇളവുകള്‍ വ്യാപാര- വ്യവസായ- ടൂറിസം മേഖലകള്‍ക്ക് ഉണര്‍വേകുമെങ്കിലും സാമ്പത്തിക അടിത്തറ തകര്‍ന്നത് തിരിച്ചടിയാകുന്നു. പുതിയ ഉത്തരവനുസരിച്ച് കടകള്‍, മാര്‍ക്കറ്റുകള്‍, ബാങ്കുകള്‍, ധനകാര്യസ്ഥാപനങ്ങള്‍, ഫാക്ടറികള്‍, മറ്റു വ്യവസായ യൂണിറ്റുകള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍ എന്നിവയെല്ലാം തിങ്കള്‍ മുതല്‍ ശനി വരെ തുറക്കാം.
എന്നാല്‍ മിക്ക കടകളിലും ആവശ്യത്തിന് സാധനങ്ങളില്ലാത്തതും വലിത തുക വൈദ്യുതി, വാടക, വായ്പകള്‍ തുടങ്ങിയവ കൊടുക്കാനുള്ളതുമാണ് തിരിച്ചടി. ഇനി കടം ലഭിക്കുന്നതിന് വഴിയില്ലാത്തിനാല്‍ മിക്ക കടകളിലും സ്റ്റോക്ക് എടുക്കുന്നതും നിര്‍ത്തിയിരിക്കുകയാണ്.
നേരത്തെ വാരാന്ത്യ ടിപിആറിന്റെ അടിസ്ഥാനത്തില്‍ തദ്ദേശസ്ഥാപനങ്ങള്‍ തിരിച്ച് നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നതിനാല്‍ വ്യാപാരികള്‍ വലിയ പ്രതിസന്ധിയിലായിരുന്നു. ഇനി മുതല്‍ ടിപിആറിന് പകരം പ്രതിവാര രോഗബാധ നിരക്ക് (വീക്കിലി ഇന്ഫക്ഷന് പോപ്പുലേഷന്‍ റേഷ്യോ) അടിസ്ഥാനമാക്കിയാക്കും നിയന്ത്രണങ്ങള്‍.
ഒരു തദ്ദേശസ്ഥാപനത്തില്‍ ആയിരം പേരില്‍ പരിശോധന നടത്തുന്നതില്‍ പത്ത് പേര് രോഗികളായാല്‍ ആ പ്രദേശത്ത് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കും. മറ്റുള്ളിടത്ത് ആഴ്ചയില്‍ ആറ് ദിവസം വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാം. തദ്ദേശ സ്ഥാപനങ്ങളിലെ ആകെ കൊവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് നോക്കുന്നതിന് പകരം ഓരോ പ്രദേശവും പരിശോധിച്ച് കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പ്രദേശങ്ങള്‍ മാത്രം അടച്ചിടും.
ഇളവുകള്‍ ചെറുകിട വ്യാപാര സ്ഥാപനങ്ങള്‍ നടത്തുന്നവര്‍ക്ക് താത്കാലികാശ്വാസമാകും. സംസ്ഥാനത്ത് കൊവിഡിന്റെ ആരംഭഘട്ടം മുതല്‍ ഏറ്റവും കൂടുതല്‍ ദുരിതമനുഭവിച്ച വിഭാഗമാണ് വ്യാപാര മേഖല. കടമുറികളുടെ വാടക പോലും കൊടുക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു വ്യാപാരികള്‍. രണ്ടു തവണയായി വന്ന ലോക്ക് ഡൗണ്‍ വ്യാപാരികളില്‍ നല്ലൊരു ശതമാനം പേരുടെയും ജീവിതത്തെ സാരമായി ബാധിച്ചു.
കടബാധ്യതയെ തുടര്‍ന്ന് അടിമാലിയില്‍ ബേക്കറി വ്യാപാരി ആത്മഹത്യ ചെയ്തിരുന്നു.
എല്ലാ ബുധനാഴ്ചയും പ്രതിവാര രോഗബാധ നിരക്ക് ജില്ലാ തല സമിതി പ്രസിദ്ധീകരിക്കും. വ്യാപാരികളുടെ നിരന്തരമായ ആവശ്യത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ വിദഗ്ധാഭിപ്രായം കൂടി പരിഗണിച്ച് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഭേദഗതി വരുത്തിയത്. ഇതോടെ വരും ദിവസങ്ങളില്‍ വ്യാപാര കേന്ദ്രങ്ങള്‍ സജീവമാകുമെന്നാണ് വിലയിരുത്തല്‍.
കഴിഞ്ഞ വര്‍ഷവും ഓണക്കാല വ്യാപാരം കൊവിഡ് കവര്‍ന്നിരുന്നു. തുണിക്കടകളും ജൂവലറികളും സ്റ്റേഷനറി കടകളും ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ തുറക്കാന്‍ ഇടയ്ക്ക് അനുവാദം നല്‍കിയിരുന്നെങ്കിലും കൊവിഡ് വ്യാപനം ഉയര്‍ന്ന സാഹചര്യത്തില്‍ ഇത് പിന്‍വലിക്കുകയായിരുന്നു. അതേസമയം ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ ഇനിയും അനുമതി നല്‍കാത്തത് ഹോട്ടല്‍ വ്യവസായത്തെ സാരമായി ബാധിക്കും. എന്നാല്‍ ഓപ്പണ്‍ ഏരിയയിലും കാറുകളിലും പാര്‍ക്കിംഗ് ലോട്ടുകളിലും ആറടി അകലം പാലിച്ച് ആളുകള്‍ക്ക് ഭക്ഷണം വിളമ്പാമെന്നും ഉത്തരവിലുണ്ട്.
നിബന്ധനകള്‍
രാവിലെ ഏഴ് മുതല്‍ രാത്രി ഒമ്പത് വരെ തുറക്കാം
ജീവനക്കാരുടെ വാക്സിനേഷന് വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കണം
രാത്രി 9.30 വരെ ഹോട്ടലുകളില്‍ ഓണ്‍ലൈന്‍ ഡെലിവറിയാകാം
ടൂറിസം മേഖലയ്ക്കും ആശ്വാസം
2018ലെ പ്രളയം മുതല്‍ പ്രതിസന്ധിയിലായതാണ് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍. ഓരോ തവണയും മഴയും കാറ്റും വെള്ളപൊക്കവും മണ്ണിടിച്ചിലുമെല്ലാം വില്ലനായി എത്തി. നിയന്ത്രണങ്ങളോടെ പ്രവേശനം അനുവദിക്കുന്നത് ആത്മഹത്യയുടെ വക്കിലെത്തിയ മേഖലയ്ക്ക് നേരിയ ആശ്വാസമാകും. റിസോര്‍ട്ടുകള്‍ തുറക്കാന്‍ അനുമതി നല്കിയതും ഗുണം ചെയ്യും. ടൂറിസം കേന്ദ്രങ്ങളിലും വാക്സിന് എടുത്ത ജീവനക്കാരുടെ എണ്ണം പ്രദര്‍ശിപ്പിക്കണം.
ഒരു ഡോസ് വാക്സിന് എടുത്ത് 14 ദിവസം പിന്നിട്ടവര്‍, കൊവിഡ് പൊസീറ്റിവായി ഒരു മാസം കഴിഞ്ഞവര്‍, 72 മണിക്കൂറിനകം ആര്.ടി.പി.സി.ആര് ടെസ്റ്റ് ചെയ്ത് നെഗറ്റീവായവര്‍ എന്നിവര്‍ക്ക് മാത്രമാണ് പ്രവേശനമുള്ളത്.
സര്‍ക്കാര്‍ കൈയയച്ച് സഹായിക്കണം
ഇളവുകള്‍ സ്വാഗതം ചെയ്യുന്നുവെങ്കിലും വ്യാപാര മേഖല ഒന്നാകെ വലിയ പ്രതിസന്ധിയിലാണ്. മാസങ്ങളായി അടഞ്ഞ് കിടക്കുന്നതിനാല്‍ സര്‍ക്കാര്‍ കൈയഴച്ച് സഹായിച്ചെങ്കില്‍ മാത്രമെ ഇതിന് മാറ്റമുണ്ടാകൂ. അടിയന്തരമായി ഇടപ്പെട്ട് വ്യാപാര മേഖല നഷ്ടത്തില്‍ നിന്ന് കരകയറാനായി സമഗ്രമായ പാക്കേജ് പ്രഖ്യാപിക്കണം. കടയില്‍ സ്റ്റോക്ക് കുറവായതിനാലും നിലവിലെ വായ്പ അടവുകള്‍ ഉള്‍പ്പെടെ മാസങ്ങളായി മുടങ്ങിയതിനാലും സാമ്പത്തിക സഹായം നല്കാന് ബാങ്കുകള്‍ തയ്യാറാകുന്നില്ല. കേരളബാങ്ക് ഉള്‍പ്പെടെയുള്ളവയില്‍ നിന്ന് ആവശ്യമായ പണം പലിശകുറച്ചുകൊണ്ട് ദീര്‍ഘകാല വായ്പയായി നല്കാന് സര്‍ക്കാര്‍ ഇടപെടണം.
റ്റി.എസ്. രാജന്
ജില്ലാ പ്രസിഡന്റ്
ഭാരതീയ വ്യാപാരി വ്യവസായി സംഘംവ്യവസ്ഥകള് ഗുണം ചെയ്യില്ല
ഇളവുകള്‍ അനുവദിച്ചതില്‍ സന്തോഷമുണ്ട്. എന്നാല്‍ അതിനോടനുബന്ധിച്ചുള്ള വ്യവസ്ഥകള്‍ വ്യാപാരികള്‍ക്ക് ഗുണം ചെയ്യുന്നതല്ല. അത് വീണ്ടും ഉദ്യോഗസ്ഥരാജ് നടപ്പിലാക്കാന്‍ സാധ്യതയുണ്ട്
രാജു തരണിയില്‍
മര്‍ച്ചന്റ്സ് അസോസിയേഷന്
തൊടുപുഴ യൂണിറ്റ് പ്രസിഡന്റ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: