ആലപ്പുഴ : ഉത്തര റെയില്‍വേയ്ക്കായി ഓട്ടോ കാസ്റ്റില്‍ നിര്‍മ്മിച്ച ആദ്യ ട്രെയിന്‍ ബോഗി ആറിന് കയറ്റി അയയ്ക്കും. മന്ത്രി പി. രാജീവ് വൈകിട്ട് 5.30 ന് ഓട്ടോ കാസ്റ്റില്‍ ഫ്ലാഗ് ഓഫ് ചെയ്യും. അമൃത്സര്‍ സെന്‍ട്രല്‍ റെയില്‍വേ വര്‍ക്ക് ഷോപ്പിലേക്ക് ആണ് ബോഗി അയയ്ക്കുക. ഉത്തര റെയില്‍വേ പഞ്ചാബ് സോണിനുള്ള ഗുഡ്സ് വാഗണിന് ആവശ്യമായ 5 കാസ്നബ് ബോഗികള്‍ നിര്‍മ്മിക്കുന്നതിന് 2020 മാര്‍ച്ചില്‍ ആണ് ഓട്ടോകാസ്റ്റിന് ഓര്‍ഡര്‍ ലഭിച്ചത്. ബാക്കിയുള്ള നാല് ബോഗികളുടെ നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാക്കി സെപ്തംബറില്‍ കയറ്റി അയയ്ക്കും.
ഏകദേശം രണ്ടരലക്ഷത്തിലേറെയാണ് കാസ്നബ് ബോഗിയുടെ നിര്‍മ്മാണത്തിനുള്ള ചെലവ്. ബോഗി നിര്‍മാണത്തിലൂടെ കമ്പനിയുടെ വാര്‍ഷിക വരവില്‍ നാലു കോടിയുടെ വര്‍ദ്ധനവാണ് പ്രതീക്ഷിക്കുന്നത്. പ്രതിവര്‍ഷം രണ്ടായിരത്തിലധികം ബോഗികളാണ് റെയില്‍വേ ശരാശരി വാങ്ങുന്നത്.
അനെര്‍ട്ടുമായി സഹകരിച്ച് ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജിങ് സ്റ്റേഷന് ഓട്ടോകാസ്റ്റില്‍ സ്ഥാപിച്ചു. പാരമ്പര്യേതര ഊര്‍ജ്ജസ്രോതസിന്റെ ഉപയോഗം വര്‍ധിപ്പിച്ച് വൈദ്യുതി ഇനത്തില്‍ വരുന്ന ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി രണ്ട് മെഗാവാട്ട് സൗരോര്‍ജ്ജ പദ്ധതിക്ക് അനുമതിയും ലഭിച്ചിട്ടുണ്ട്. ഇതിന്റെ മുന്നൊരുക്കങ്ങളും ഓട്ടോകാസ്റ്റ് ആരംഭിച്ചു. പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി എന്‍ ഐ ഐ എസ്ടി യുമായി സഹകരിച്ച് കമ്പനിയിലെ ഉപയോഗശൂന്യമായ മോള്‍ഡിങ് മണല്‍ ഉപയോഗിച്ച് കെട്ടിട നിര്‍മാണത്തിനാവശ്യമായ ഇഷ്ടികയുടെ നിര്‍മ്മാണം പരീക്ഷണാടിസ്ഥാനത്തില്‍ പുരോഗമിച്ചു വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: