ആലപ്പുഴ: കൈനകരിയിലെ വാക്സിന് വിതരണ കേന്ദ്രത്തില്‍ ഡോക്ടറെ മര്‍ദ്ദിച്ച പഞ്ചായത്ത് പ്രസിഡന്റിന് ജാമ്യം ലഭിക്കാന്‍ സിപിഎം നേതൃത്വവും പോലീസും ഒത്തുകളിച്ചതിനെതിരെ കടുത്ത പ്രതിഷേധവുമായി ഡോക്ടര്‍മാരുടെ സംഘടന രംഗത്ത്. ഡോക്ടര്‍മാര്‍ക്കെതിരെ സിപിഎമ്മുകാര്‍ ആക്രമണം നടത്തിയാല്‍ അറസ്റ്റും മറ്റും നടപടികളും എടുക്കാത്തത് പതിവാകുകയാണെന്നും മാവേലിക്കരയില്‍ പോലീസുകാരന് ഡോക്ടറെ മര്‍ദ്ദിച്ചപ്പോഴും ഇതേ അവസ്ഥയില്‍ മുന്‍കൂര്‍ ജാമ്യം ലഭിക്കാനുള്ള പഴുതുകള്‍ ഉണ്ടാക്കുകയാണ് പോലീസ് ചെയ്തെതെന്നും ഡോക്ടര്‍മാര്‍ ആരോപിക്കുന്നു.
വാക്സിന് അനധികൃതമായി നല്‍കാത്തതിന്റെ പേരിലാണ് കൈനകരിയില്‍ ഡോക്ടറെ ആക്രമിച്ചത്. പ്രതിയായ കൈനകരി പഞ്ചായത്ത് പ്രസിഡന്റ് എം. സി പ്രസാദിനേയും ലോക്കല്‍ കമ്മറ്റി സെക്രട്ടറിയേയും അറസ്റ്റ് ചെയ്യാതെ സിപി എം ജില്ലാ നേതൃത്വത്തിന്റെ നിര്‍ദ്ദേശത്തിനനുസരിച്ച് പ്രവര്‍ത്തിക്കുകയായിരുന്നു പോലീസ്. ഇവര്‍ക്ക് ഒളിച്ച് താമസിക്കുന്നതിനുള്ള സൗകര്യവും പാര്‍ട്ടി തന്നെ ഏര്‍പ്പെടുത്തി. പ്രസിഡന്റിന് മുന്‍കൂര്‍ ജാമ്യം ലഭിക്കുന്നതിനുള്ള വഴിയൊരുക്കുകയാണ് പോലീസ് എന്ന് ആക്രമണത്തിനിരയായ ഡോ. ശരത്ചന്ദ്രബോസ് നേരത്തെ ആരോപിച്ചിരുന്നു.
ഇന്നലെ എം സി പ്രസാദിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചതോടെ സി പി എം നടത്തിയ നീക്കം കൂടുതല്‍ വ്യക്തമാകുകയാണ്. ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിച്ചതിനാല്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരുന്നത്. പ്രസിഡന്റ് അറസ്റ്റിലാകുന്നത് സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം വന്‍ തിരിച്ചടിയാണ്. പ്രത്യേകിച്ച് കോവിഡ് പ്രതിരോധ രംഗത്ത് സജീവമായി നില്ക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേര്‍ക്ക് പാര്‍ട്ടിയുടെ ജനപ്രതിനിധിയും നേതാവും ആക്രമണം നടത്തിയെന്നത് തന്നെ നേതൃത്വത്തെ അലോസരപ്പെടുത്തിയിരുന്നു.
കഴിഞ്ഞ അഞ്ചുവര്‍ഷക്കാലവും ഇപ്പോള്‍ ഭരണത്തുടര്‍ച്ചയിലും ഡോക്ടര്‍മാരുടെ സംഘടനയുടെ സമരങ്ങളെ പരാജയപ്പെടുത്താനുള്ള നീക്കമാണ് സര്‍ക്കാരില്‍ നിന്നും ഉണ്ടാകുന്നതെന്ന് പറയപ്പെടുന്നു. പലതവണ നിരവധി ആവശ്യങ്ങള്‍ക്കായി ഡോക്ടര്‍മാരുടെ സംഘടന നടത്തുന്ന ചെറുതും വലുതുമായ സമരങ്ങളില്‍ സര്‍ക്കാരില്‍ നിന്നും ചര്‍ച്ചയ്ക്ക് പോലും ക്ഷണിക്കാറില്ലെന്നതാണ് വാസ്തവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: