കൊല്ലം: പബ്ലിക് ലൈബ്രറിയുടെ സമഗ്ര വികസനം ലക്ഷ്യമാക്കുന്ന പദ്ധതികള്‍ക്ക് രൂപം നല്‍കുമെന്ന് കളക്ടര്‍ ബി. അബ്ദുല്‍ നാസര്‍. കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ അടച്ചിട്ടിരുന്ന ലൈബ്രറി കഴിഞ്ഞ ദിവസമാണ് വീണ്ടും പ്രവര്‍ത്തിച്ചു തുടങ്ങിയത്. കൊവിഡ് മാനദണ്ഡം പാലിച്ചുള്ള പ്രവര്‍ത്തനാനുമതി നല്കിയ സാഹചര്യത്തില്‍ ഇവിടുത്തെ സൗകര്യങ്ങളും സംവിധാനങ്ങളും ചെയര്മാന് കൂടിയായ കളക്ടര്‍ വിലയിരുത്തി.
ജനപ്രതിനിധികളുടെ സഹായത്തോടെ ആധുനീകരണവും ആവശ്യമായ അറ്റകുറ്റപണികളും നിര്‍വഹിക്കാം. എംപി/എംഎല്‍എ ഫണ്ട് വിനിയോഗിക്കാവുന്ന രീതിയിലുള്ള പദ്ധതികളാണ് തയ്യാറാക്കേണ്ടത്. ഇതു സംബന്ധിച്ച റിപോര്‍ട്ട് അടിയന്തരമായി ലഭ്യമാക്കാന്‍ നിര്‍ദ്ദേശം നല്കി.
ഫിനാന്‍സ് കമ്മിറ്റി ബാധ്യതകള്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം. ഭരണസമിതി തെരഞ്ഞെടുപ്പിന് ആവശ്യമായ തീരുമാനത്തിന് എക്സിക്യുട്ടിവ് കമ്മിറ്റിയെ ചുമതലപ്പെടുത്തി. അടിയന്തര ചെലവുകള്‍ക്ക് പലിശരഹിത വായ്പ സ്വരൂപിക്കാന്‍ ഗവേണിംഗ് ബോഡി സന്നദ്ധത അറിയിച്ചിട്ടുമുണ്ട്.
മാറുന്ന സാഹചര്യങ്ങള്‍ക്ക് അനുസൃതമായി ലൈബ്രറിക്ക് കാലോചിത പരിഷ്കരണം വരുത്തുകയാണ് പ്രധാനം. ജില്ലയിലെ സാംസ്കാരിക സമുച്ചയം എന്ന പരിഗണനയോടെയുള്ള വികസന സാധ്യതകളാണ് കണ്ടെത്തേണ്ടത് എന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: