ബഹുമാനപ്പെട്ട ഹൈക്കോടതി ചൊവ്വാഴ്ച നിരീക്ഷിച്ചത് ഏറെ ഇഷ്ടപ്പെട്ടു. കേരളത്തിലെ യുവാക്കളോടാണ് ഹൈക്കോടതിയുടെ പരാമര്‍ശം. എല്ലാവര്ക്കും സര്‍ക്കാര്‍ ജോലി തന്നെ വേണോ? കേരളത്തില്‍ മാത്രമാണ് ഇത്തരമൊരാഗ്രഹം. എന്താണിങ്ങനെ എന്ന ചോദ്യം പ്രസക്തമാണെങ്കിലും കേരളത്തിലെ ഭരണ-പ്രതിപക്ഷകക്ഷികളാണ് ഇങ്ങനെ ഒരു മനോഭാവം വളര്‍ത്തിയത്.
സ്വകാര്യമേഖലയോട് വിദ്വേഷവും വെറുപ്പും വളര്‍ത്തിയത് കേരളം ഭരിച്ച കക്ഷികളാണ്. സ്വകാര്യ സംരംഭകരെ ശത്രുക്കളെ പോലെ കാണുകയും സ്വകാര്യമേഖല എതിര്‍ക്കപ്പെടേണ്ടതാണെന്നുമാണ് ഇവര്‍ പ്രചരിപ്പിക്കുന്നത്. സ്വകാര്യമേഖല സോഷ്യലിസത്തിനെതിരാണെന്നും നിരന്തരം പ്രചരിപ്പിക്കുന്നത് യുവസമൂഹത്തെ മാത്രമല്ല, രക്ഷിതാക്കളെയും സ്വാധീനിച്ചിട്ടുണ്ട്. അതിന്റെ പ്രതിഫലനം വ്യാപകവുമാണ്.
തൊഴിലിനുവേണ്ടിയുള്ള ശക്തമായ പ്രചരണവും പ്രക്ഷോഭവും കണ്ട സംസ്ഥാനമാണിത്. എണ്‍പതുകളില്‍ കേരളം അതിരൂക്ഷമായ സമരത്തിന് സാക്ഷ്യം വഹിച്ചു. തൊഴില്‍ തന്നില്ലെങ്കില്‍ മന്ത്രിമാരെ വഴിനടക്കാന്‍ വിടില്ലെന്ന മുദ്രാവാക്യം ഇന്ന് ഭരണം നയിക്കുന്ന പാര്‍ട്ടിയുടെ യുവജനസംഘടനയുടെ വകയായിരുന്നു. മന്ത്രിമാരെയും മുഖ്യമന്ത്രിയെവരെ പലഭാഗത്തും തടഞ്ഞു. കാസര്‍കോഡ് ഒരു മന്ത്രിയെ തടഞ്ഞത് പോലീസ് വെടിവയ്പില്‍ കലാശിച്ചു. ഒരു ചെറുപ്പക്കാരന് വെടിയേറ്റ് മരിച്ചു. പലേടത്തും ലാത്തിയടിയേറ്റ് പലരുടെയും കൈയും കാലും നെഞ്ചും തകര്‍ന്നു. ആയിരക്കണക്കിന് ചെറുപ്പക്കാര്‍ മാസങ്ങളോളം ചികിത്സയില്‍ കഴിഞ്ഞശേഷമാണ് സാധാരണ നിലയിലെത്തിയത്.
1987 ലെ ഇടതുമുന്നണിയുടെ മുഖ്യവാഗ്ദാനം എല്ലാവര്ക്കും തൊഴില്‍ ഉറപ്പെന്നാണ്. 40 ലക്ഷത്തില്‍ താഴെയായിരുന്നു അന്ന് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം. ഒരുവര്‍ഷം 10 ലക്ഷം തൊഴില്‍ എന്ന് പറഞ്ഞവര്‍ക്ക് 4 വര്‍ഷംകൊണ്ട് തൊഴിലില്ലായ്മ തുടച്ചുനീക്കാമായിരുന്നു. പക്ഷേ ഒന്നും നടന്നില്ല. ഒടുവില്‍ കേട്ടത് ഒരു മന്ത്രിയുടെ ചോദ്യമാണ്. ഇവിടെ എവിടെയാണ് തൊഴിലില്ലാത്ത ചെറുപ്പക്കാര്‍? നഗരസഭകളില്‍ പട്ടിയെ പിടിക്കാന്‍ അപേക്ഷ ക്ഷണിച്ചിട്ട് ഒരാളുപോലും വന്നില്ല. തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രിയുടെ സങ്കടം അന്നത്തെപ്പോലെ ഇന്നും തുടരുകയാണ്.
* * * * * * * * * * * * * * * നിയമസഭാ അഴിഞ്ഞാട്ട കേസില്‍ വിചരാണ ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ നടത്തിയ വ്യവഹാരം ദയനീയമായി തോറ്റിരിക്കുന്നു. ആ കേസിലെ ഒരു പ്രതി മന്ത്രിയാണ്. മന്ത്രി രാജിവയ്ക്കണമെന്ന ആവശ്യം മന്ത്രിയും മുഖ്യമന്ത്രിയും തള്ളിക്കളഞ്ഞിരിക്കുകയാണ്. രാജിവയ്ക്കാത്ത മന്ത്രിയുമായി സഭയ്ക്കകത്തോ പുറത്തോ സഹകരിക്കില്ലെന്ന് പറഞ്ഞ പ്രതിപക്ഷത്തിന്റെ സമരവീര്യം സഭയില്‍ ആവിയായി പോയി. ചൊവ്വാഴ്ച നിയമസഭയില്‍ അടിയന്തിര പ്രമേയത്തിന് ശിവന്‍കുട്ടിയുടെ മറുപടി പ്രതിപക്ഷം ശ്രദ്ധാപൂര്‍വം കേള്‍ക്കുന്ന കാഴ്ചയായിരുന്നു. പത്താംക്ലാസില്‍ പാസായവര്‍ക്കെല്ലാം ഉപരിപഠനത്തിന് സര്‍ക്കാര്‍ സംവിധാനമെന്നാണ് മന്ത്രി പറഞ്ഞത്. 26000 ല്‍പ്പരം പേര്‍ക്ക് 11-ാം ക്ലാസിലേക്ക് പ്രവേശനം വേണം. ഇപ്പോഴതില്ല. എന്നിട്ടും ഉറപ്പ് നല്കിയെങ്കില് ഈ മന്ത്രി പാവം ഒന്നും അറിയുന്നില്ല. കുട്ടിയല്ലെ.
തന്നോട് രാജിവയ്ക്കാനൊന്നും കോടതി ആവശ്യപ്പെട്ടിട്ടില്ലെന്നാണ് മന്ത്രിയുടെ ന്യായം. രാജി ആവശ്യപ്പെട്ടിട്ടില്ലെങ്കിലും ധാര്‍മികത എന്നൊരു ഘടകമുണ്ടല്ലോ. സാമാന്യ മര്യാദയനുസരിച്ച് രാജിവയ്ക്കുന്നതാണ് നേര്‍വഴി. രാജിവയ്ക്കാന്‍ ബിജെപി സമരരംഗത്തിറങ്ങുന്നത് നേമത്തെ അക്കൗണ്ട് പൂട്ടിച്ചതുകൊണ്ടാണെന്നാണ് ശിവന്‍കുട്ടിയുടെ വാദം. കോടതി രാജി ആവശ്യപ്പെടാതെ തന്നെ എത്രയോ മന്ത്രിമാര്‍ രാജിനല്കിയിട്ടുണ്ട്. ആദ്യത്തെ രാജി പി.ടി.ചാക്കോയുടേതല്ലേ? രാജിവച്ചേ പറ്റൂ എന്ന് ഏതെങ്കിലും കോടതി പറഞ്ഞോ? കെ. കരുണാകരന്, ആര്. ബാലകൃഷ്ണപിള്ള, കെ.എം. മാണി അങ്ങിനെ പലരും കോടതി പറയാതെ രാജിവച്ചിട്ടുണ്ട്. പിന്നെ ബിജെപിയുടെ അക്കൗണ്ട്. കേരളത്തില്‍ ആദ്യമായി ഒരു സീറ്റ് കിട്ടിയത് ഇക്കുറിപോയി. ശിവന്‍കുട്ടിയുടെ പാര്‍ട്ടിയുടെ ഹെഡാഫീസ് തന്നെ പൂട്ടിപ്പോയില്ലെ? ബംഗാള്‍ 34 വര്‍ഷം ഭരിച്ചു. ഇപ്പോള്‍ ഒരുസീറ്റെങ്കിലുമുണ്ടോ? ത്രിപുരയുടെ സ്ഥിതിയും മറിച്ചല്ല. ഇവിടെ നിന്നും ലോക്സഭയിലേക്ക് ജയിച്ചത് വാവിന് വച്ച ചക്കപോലെ ഒന്നുമാത്രം. പോക്ക് ഇങ്ങിനെയാണെങ്കില്‍ സിപിഎമ്മിന്റെ കാര്യം കേരളത്തില്‍ കട്ടപ്പൊകയാണ്. കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷവും ദല്‍ഹിയില്‍ മെയ്യോടുമെയ് എന്ന മട്ടിലാണ്. ഇനി ജയിക്കണമെങ്കില്‍ കോണ്‍ഗ്രസിന്റെ നാറിയ പീറക്കൊടിയും പിടിച്ച് ശിവന്‍കുട്ടിയുടെ പാര്‍ട്ടിയും നീങ്ങേണ്ടിവരും. മറക്കണ്ട. ഇതൊന്നും ശിവന്‍കുട്ടി അറിയുന്നുണ്ടാകില്ല. ശിവന്‍കുട്ടി കുട്ടിയല്ലെ.
* * * * * * * * * * * * * * *
കോണ്‍ഗ്രസ് നേതാവ് രാഹുലിന് ബഹുകക്ഷി നേതാവാകാനുള്ള മോഹത്തിന്റെ ഭാഗമായി ചായ സല്‍ക്കാരം നടത്തി. കമ്മ്യൂണിസ്റ്റുകാര്‍ ഇടതും വലതും ക്യൂ നിന്ന് ചായയും കുടിച്ച് പാര്‍ലമെന്റിലേക്ക് സൈക്കിളില്‍ പോയി. കരുണാകരന്റെ അടുക്കള സേവകരായ കോണ്‍ഗ്രസുകാര്‍ ഡല്‍ഹിയില്‍ വിളമ്പുകാരായി നില്ക്കുന്നതും കണ്ടു. രാഹുലിന്റെ സേവകരായി നില്‍ക്കാനാണോ ഇനി കമ്യൂണിസ്റ്റുകാരുടെ വിധി?
പ്രതികരിക്കാൻ ഇവിടെ എഴുതുക: