കാബുള്‍: അഫ്ഗാനിലെ ജനങ്ങള്‍ക്കായി ഇന്ത്യ നിര്‍മ്മിച്ച് നല്കിയ അണക്കെട്ടിന് നേരെ വീണ്ടും താലിബാന് തീവ്രവാദികളുടെ ആക്രമണം. അഫ്ഗാനിസ്ഥാനിലെ ഹെറത് പ്രവിശ്യയിലെ ചെഷ്ത് ജില്ലയിലുള്ള സല്‍മ അണക്കെട്ടിനുനേരെയാണ് താലിബാന് ഭീകരര്‍ മോര്‍ട്ടാര്‍ ആക്രമണം നടത്തിയത്. അണക്കെട്ട് തകര്‍ക്കാനാണ് താലിബാന് ശ്രമിക്കുന്നത്. യുഎസ് സേനയില്‍ നിന്ന് പരിശീലനം ലഭിച്ച സൈനികരെ അണക്കെട്ടിന് സമീപം വിന്യസിച്ച് താലിബാനെ അഫ്ഗാന് പ്രതിരോധിക്കുന്നുണ്ട്.
തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലില്‍ നിരവധി താലിബാന് ഭീകരര്‍ക്കു പരുക്കേറ്റതായി അഫ്ഗാനിസ്ഥാന് പ്രതിരോധ മന്ത്രാലയ വക്താവ് ഫവാദ് അമന് പറഞ്ഞു. വൈദ്യുതി ഉത്പാദിപ്പിക്കാനും ജലസേചനത്തിനുമായി ഉപയോഗിക്കുന്നതിനാണ് ഇന്ത്യ അണക്കെട്ട് നിര്‍മ്മിച്ച് നല്‍കിയത്.
2016 ജൂണില്‍ പടിഞ്ഞാറന്‍ അഫ്ഗാനിസ്ഥാനിലെ ഹെറത് പ്രവിശ്യയിലെ ചിസ്ത്-ഇ-ഷെരീഫില്‍ അഫ്ഗാന് പ്രസിഡന്റ് അഷ്റഫ് ഘനിയുമായി ചേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് അഫ്ഗാന്-ഇന്ത്യ സൗഹൃദ അണക്കെട്ട്(സല്‍മ ഡാം) ഉദ്ഘാടനം ചെയ്തത്. താലിബാന്റെ നിരന്തര ആക്രമണങ്ങള്‍മൂലം മഹാവിപത്തുണ്ടാകുമെന്ന് ഏജന്‍സി മുന്നറിയിപ്പ് നല്‍കിയിരുന്നതായി അഫ്ഗാന് ദേശീയ ജല അതോറിറ്റി അറിയിച്ചു. ഭീകരര്‍ തുടരെ റോക്കറ്റുകള്‍ തൊടുത്താല്‍ അണക്കെട്ട് തകരുമെന്ന് അതോറിറ്റി പറയുന്നു.
ചില റോക്കറ്റുകള്‍ അണക്കെട്ടിന് സമീപം വീണതായും കൂട്ടിച്ചേര്‍ത്തതായി അഫ്ഗാന് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഹെറത് പ്രവിശ്യയിലെ എട്ട് ജില്ലകളിലുള്ള ജീവിതങ്ങളും ജീവനുകളും അണക്കെട്ടിനെ ആശ്രയിച്ചാണ് കഴിയുന്നത്. സല്‍മ അണക്കെട്ടിന് കേടുപാടുകള്‍ പറ്റിയാല്‍ ഒരുപാട് അഫ്ഗാന് പൗരന്മാര്ക്ക് നഷ്ടങ്ങളുണ്ടാകും. അണക്കെട്ടിന് നേരെയുള്ള താലിബാന്റെ റോക്കറ്റ് ആക്രമണം നിര്‍ത്തണമെന്ന് അതോറിറ്റി ആവശ്യപ്പെട്ടു. അണക്കെട്ട് ദേശീയ സ്വത്താണെന്നും യുദ്ധത്തില്‍ കേടുപാടുകളുണ്ടാകരുതെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. അണക്കെട്ടിനെതിരായ ഏത് ആക്രമണത്തെയും പ്രതിരോധിക്കണമെന്നും സുരക്ഷയൊരുക്കണമെന്നും ഏജന്‍സി ആവശ്യപ്പെടുന്നു.
ഇതിനെതിരെ ‘അള്ളാഹു അക്ബര്‍’ വിളികളുമായി ജനം തെരുവിലിറങ്ങി അഗ്ഫാന് സേനയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. താലിബാന് ഭീകരര്‍ക്കെതിരെ ലോകസമൂഹം രംഗത്ത് വരണമെന്ന് അഫ്ഗാനിലെ ജനങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇവര്‍ മതതീവ്രവാദികളാണെന്നും താലിബാന് പറയുന്ന അള്ളാഹുവിന്റെ രാജ്യം തങ്ങള്‍ക്ക് വേണ്ടെന്നും ജനങ്ങള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: