കൊച്ചി: അസം സ്വദേശി എന്ന് തെറ്റിദ്ധരിപ്പിച്ച് കൊച്ചി കപ്പൽശാലയിൽ ജോലി ചെയ്തിരുന്ന അഫ്ഗാൻ പൗരൻ പാകിസ്ഥാനിലെ കറാച്ചി തുറമുഖത്തു ജോലി ചെയ്തതിരുന്നതായി പൊലീസ് ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി വെളിപ്പെടുത്തല്‍.
ഇയാൾ പാക്കിസ്ഥാനിൽ ജോലി ചെയ്തു എന്ന വിവരം പുറത്തു വരുന്നതോടെ പാക്ക് സംഘടനകളുമായി ഇയാൾക്ക് എന്തെങ്കിലും ബന്ധമുണ്ടോ എന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്.
ആദ്യ ഘട്ടം മുതൽ ചോദ്യം ചെയ്യലിനോടു സഹകരിക്കാതിരുന്ന ഈദ് ഗുൽ എന്ന ചെറുപ്പക്കാരന്‍ രോഗം അഭിനയിക്കുകയും ചെയ്തിരുന്നു . പിന്നീട് മെഡിക്കല്‍ പരിശോധനയില്‍ ഇയാള്‍ക്ക് രോഗമില്ലെന്നും അഭിനയിക്കുകയാണെന്നും പൊലീസിന് ബോധ്യപ്പെട്ടു. ചോദ്യം ചെയ്യലിനെ വിദഗ്ധമായി ഇയാല്‍ പ്രതിരോധിക്കുന്നത് ഏതെങ്കിലും ഏജൻസികളുടെ പരിശീലനത്തെ തുടർന്നാണോ എന്നും അന്വേഷണ സംഘത്തിനു സംശയമുണ്ട്. .
ഈദ് ഗുലിന്റെ കസ്റ്റഡി കാലാവധി കഴിഞ്ഞതിനാൽ വീണ്ടും ചോദ്യം ചെയ്യുന്നതിനായി കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് അന്വേഷണ സംഘം.
കൊച്ചി കപ്പൽശാലയിൽ ഐഎൻഎസ് വിക്രാന്തിന്റെ നിർമാണം അന്തിമ ഘട്ടത്തിലിരിക്കെ ഇയാൾ കപ്പലിന്റെ എന്തെങ്കിലും വിവരങ്ങൾ ശേഖരിച്ചിട്ടുണ്ടോ എന്ന് കേന്ദ്ര ഏജൻസികൾ ആശങ്ക പ്രകടിപ്പിക്കുന്നു. എന്നാൽ ഇയാൾ കപ്പലിൽ ജോലി ചെയ്തിട്ടില്ലെന്നാണ് അധികൃതരുടെ വിശദീകരണം. കപ്പലിന്റെ ഷീറ്റ് മുറിക്കുന്നത് ഉൾപ്പടെയുള്ള ജോലികൾ ചെയ്തിട്ടുണ്ടെങ്കിലും കപ്പലിൽ പ്രവേശിച്ചിട്ടില്ലെന്നും വിശദീകരിക്കുന്നു. ചോദ്യം ചെയ്യലിന്റെ വിവരങ്ങൾ എൻഐഎ ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികൾ അന്വേഷണ സംഘത്തിൽനിന്നു ശേഖരിച്ചിട്ടുണ്ട്.
അസം സ്വദേശി എന്ന പേരിലാണ് ഇയാള്‍ ജോലിക്കെത്തിയത്. ഇയാളുടെ പക്കൽ ഒരു ഇന്ത്യക്കാരന്റെ കൈവശം വേണ്ട എല്ലാ തിരിച്ചറിയൽ രേഖകളും ഉണ്ടായിരുന്നുവെന്നു ഉദ്യോഗസ്ഥർ പറയുന്നു. എല്ലാം വ്യാജമായി നിർമിച്ചതാണെന്നു വ്യക്തമായിട്ടുണ്ട്. ഈദ് ഗുലിനെ കൊച്ചിയിൽ എത്തിച്ച ബന്ധു എന്നു പറയുന്നയാളിൽനിന്നും വിവരങ്ങൾ ശേഖരിക്കാൻ ശ്രമം നടക്കുന്നു.
ഈദ് ഗുലിന്റെ പിതാവ് അഫ്ഗാൻ സ്വദേശിനും മാതാവ് അസം സ്വദേശിനിയുമാണ്. മാതാവിന്റെ കുടുംബത്തിന്റെ വിലാസത്തിൽ തിരിച്ചറിയൽ രേഖകൾ തയാറാക്കിയാണ് കൊച്ചി കപ്പൽശാലയിലെത്തിയത്. ബന്ധുക്കളിലൊരാൾ ഒറ്റിയതാണ് ഈദ് ഗുലിനെ പിടികൂടുന്നതിലേക്ക് എത്തിയത് എന്നാണ് വിവരം. പൊലീസ് അന്വേഷിക്കുന്നതറിഞ്ഞ് കൊൽക്കത്തയിലേക്കു മുങ്ങുകയായിരുന്നു. പിന്നീട് എറണാകുളം സൗത്ത് പൊലീസ് ഈദ്ഗുലിലെ പിടികൂടി കൊച്ചിയിൽ എത്തിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: