ന്യൂ ദല്‍ഹി: സഭയില്‍ മര്യാദ ലംഘിച്ചുള്ള പെരുമാറ്റത്തിന്റെ പേരില്‍ ആറ് തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരെ രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡു ബുധനാഴ്ച പുറത്താക്കി. ബുധാനഴ്ചത്തെ സഭാ നടപടികളില്‍ പങ്കെടുക്കുന്നതില്‍ നിന്നും ആറ് പേരെ സസ്പെന്റ് ചെയ്തതായി സഭാധ്യക്ഷന് വെങ്കയ്യ നായിഡു ഉത്തരവിട്ടു.
പ്ലക്കാര്‍ഡ് പിടിച്ച് സഭയുടെ നടുത്തളത്തില്‍ ഇറങ്ങി ബഹളം വെച്ചതിനായിരുന്നു ഇവരെ സസ്പെന്റ് ചെയ്തത്. തൃണമൂല്‍ എംപിമാരായ ഡോള സെന്‍, നദിമുല്‍ ഹഖ്, അര്‍പിത ഘോഷ്, മൗസം നൂര്‍, ശാന്ത ഛേത്രി, അബിര്‍ രഞ്ജന്‍ ബിശ്വാസ് എന്നിവരെയാണ് പുറത്താക്കിയത്.
പെഗസസ് ഫോണ്‍ ചോര്‍ത്തല്‍ പ്രശ്നത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ട് അംഗങ്ങള്‍ സഭയില്‍ തുടര്‍ച്ചയായി ബഹളം വെച്ചുകൊണ്ടിരുന്നു. തുടര്‍ച്ചയായി പ്രതിപക്ഷ അംഗങ്ങള്‍ ബഹളം വെച്ചതിനെതുടര്‍ന്ന് രണ്ട് മണിവരെ രാജ്യസഭ നീട്ടിവെച്ചു. പിന്നീട് ബഹളം വെയ്ക്കുന്ന അംഗങ്ങളോട് സീറ്റുകളില്‍ പോയിരിക്കാന്‍ വെങ്കയ്യ നായിഡു ആവശ്യപ്പെട്ടു. എന്നാല്‍ ചില അംഗങ്ങള്‍ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി ബഹളം വെച്ചുകൊണ്ടേയിരുന്നു. ഇനിയും ഇത് തുടര്‍ന്നാല്‍ 255ാം വകുപ്പ് പ്രകാരം നടപടിയെടുക്കുമെന്ന് അദ്ദേഹം അവരെ താക്കീത് ചെയ്തു.
എന്നാല്‍ സീറ്റിലേക്ക് മടങ്ങാതെ ആറ് തൃണമൂല്‍ അംഗങ്ങള്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തിക്കൊണ്ട് സഭയുടെ നടുത്തളത്തില്‍ ഇറങ്ങിനില്പ് തുടര്‍ന്നു. സഭാധ്യക്ഷനെ ധിക്കരിച്ച് പ്ലക്കാര്ഡു ഉയര്‍ത്തിയവര്‍ 255ാം വകുപ്പ് പ്രകാരം സഭ വിട്ടുപോകണമെന്ന് നായിഡു ആവശ്യപ്പെട്ടു. ഇവരെ പിന്നീട് പുറത്താക്കുകയായിരുന്നു. പുറത്താക്കപ്പെട്ട ആറ് തൃണമൂല്‍ എംപിമാര്‍ ബഹളം തുടര്‍ന്നെങ്കിലും ഇവരെ മാര്‍ഷല്‍മാര്‍ തടഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: