ഇടുക്കി: വനം വകുപ്പ് മൂന്നാര്‍ ഡിവിഷനില്‍ നിയമവിരുദ്ധമായി നിലവിലുണ്ടായിരുന്ന പ്രതിജ്ഞാ പത്രം സാക്ഷ്യപ്പെടുത്തുന്നത് നിര്‍ത്തലാക്കി. കഴിഞ്ഞ 19ന് ജന്മഭൂമി നല്കിയ വാര്‍ത്തയെ തുടര്‍ന്നാണ് മേലുദ്യോഗസ്ഥരുടെ ഈ നടപടി.
വനംവകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ തെറ്റായ കീഴ് വഴക്കങ്ങള്‍ താഴെത്തട്ടിലെ ജീവനക്കാരെ ദ്രോഹിക്കുന്നതായി കാട്ടി സിപിഐ അനുകൂല സംഘടനയായ കേരളാ സ്റ്റേറ്റ് ഫോറെസ്റ്റ് പ്രൊട്ടക്റ്റീവ് സ്റ്റാഫ് ഓര്ഗനൈസേഷന്(കെഎസ്എഫ്പിഎസ്ഒ) രംഗത്ത് വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നല്കിയ വാര്‍ത്തയെ തുടര്‍ന്നാണ് ഡിഎഫ്ഒയും റേഞ്ച് ഓഫീസര്‍മാരും മുന്‍ തീരുമാനത്തില്‍ നിന്ന് പിന്നോട്ടുപോയത്.
കര്‍ഷകര്‍ക്ക് അനുമതി കൂടാതെ മുറിക്കാനാകുന്ന 28 ഇനം മരങ്ങള്‍ മുറിച്ചുകൊണ്ട് പോകുന്നതിന് വനം വകുപ്പ് സെക്ഷന്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍ സാക്ഷ്യപത്രം നല്‍കണമെന്നായിരുന്നു ഡിവിഷനിലെ വാക്കാലുള്ള ചട്ടം. വിവാദ മരമുറി ഉത്തരവ് ഉദ്യോഗസ്ഥര്‍ക്ക് തിരിച്ചടിയായതോടെ 2005 മുതല്‍ ഡിവിഷനില്‍ നിലനിന്നിരുന്ന നിര്‍ദേശം നടപ്പാക്കാനാവില്ലെന്ന് കെഎസ്എഫ്പിഎസ്ഒ ജില്ലാ കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. പിന്നാലെ മൂന്നാര്‍ ഡിഎഫ്ഒ ഉള്‍പ്പെടെയുള്ള വനം വകുപ്പ് അധികാരികള്‍ക്ക് കത്ത് നല്‍കുകയും ചെയ്തു.
അനുമതി വേണ്ടാത്ത മരങ്ങള്‍ മുറിക്കുന്നതിന് സാക്ഷ്യപത്രം നല്‍കുന്നത് ഭാവിയില്‍ ജീവനക്കാരെ പ്രതികൂലമായി ബാധിക്കും എന്നും തിരിച്ചറിഞ്ഞായിരുന്നു ഈ നീക്കം. റവന്യൂ സാക്ഷ്യപത്രം ഇല്ലാതെ ഒരു കര്‍ഷകന്റെ മരവും സാക്ഷ്യപ്പെടുത്താന്‍ സാധിക്കില്ല. കര്‍ഷകര്‍ എഴുതിക്കൊണ്ടുവരുന്ന പേപ്പറില്‍ ഒപ്പിടുന്നത് ഒരു നിയമത്തിലും ഇല്ലാത്തതാണ്. ജീവനക്കാരെ അപകടത്തിലേക്ക് തള്ളിവിടുന്ന ഇത്തരം അലിംഖിത നിയമങ്ങള്‍ പിന്‍വലിച്ചത് ആശ്വാസമാണെന്ന് കെഎസ്എഫ്പിഎസ്ഒ ജില്ലാ സെക്രട്ടറിയും പറഞ്ഞു.
അടിമാലി- ദേവികുളം റേഞ്ച് ഓഫീസര്‍മാരാണ് പ്രതിജ്ഞാപത്ര സാക്ഷ്യപ്പെടുത്തല്‍ നിര്‍ത്താന്‍ അനുമതി നല്‍കിയിയത്. വിവാദ ഉത്തരവിന്റെ മറവില്‍ ജില്ലയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും കീഴ്ജീവനക്കാരും തമ്മിലുള്ള പോരിന്റെ ബാക്കി പത്രം കൂടിയാണ് ഈ തീരുമാനം. ഭാവിയില്‍ ഈ വിഷയത്തിലും പട്ടയ ഉടമക്കെതിരെ കേസെടുത്ത താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥരാകും ബലിയാടാകേണ്ടി വരികയെന്ന പരാതി വനംവകുപ്പിനുള്ളില്‍ ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: