മാവേലിക്കര: ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ വ്യക്തികള്‍ക്ക് എസ്എസ്എല്‍സി ബുക്കില്‍ തിരുത്തല്‍ വരുത്താന്‍ വിദ്യാഭ്യാസ വകുപ്പ് ഉത്തരവായി. ഇതു സംബന്ധിച്ച കേന്ദ്രമാനദണ്ഡം പരിഗണിച്ചാണ് സംസ്ഥാനത്തും അടിസ്ഥാന തിരിച്ചറിയല്‍ രേഖയില്‍ മാറ്റം വരുത്താന്‍ ഉത്തരവായത്. രാജ്യത്തെ പല സംസ്ഥാനങ്ങളും വിഷയത്തില്‍ അനുകൂല നിലപാട് എടുത്തിരുന്നെങ്കിലും കേരളത്തില്‍ ഇത്തരം സാധ്യതയ്ക്ക് അംഗീകാരം ഉണ്ടായിരുന്നില്ല. എന്നാല്‍ ട്രാന്സ്ജന്ഡര് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ക്വിറള എന്ന സംഘടന ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധിയും നേടി. ഇതിനായി സാമൂഹിക ക്ഷേമവകുപ്പ് പ്രത്യേക സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന്റെ അടിസ്ഥാനത്തിലാണ് രേഖകളില്‍ ഭേദഗതി വരുത്തുന്നത്.
അവശ്യമായ രേഖകള്‍ പ്രകാരം ശസ്ത്രക്രിയ നടത്തിയവര്‍ക്ക് അവരവരുടെ പേര്, ലിംഗം സംബന്ധിച്ചുള്ള തിരുത്തല്‍ നടത്താം. ലിംഗമാറ്റം നടത്തിയവരുടെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി സംസ്ഥാനം കേന്ദ്ര നിലപാടിന് വഴങ്ങുകയായിരുന്നു. ഇതിനായി ട്രാന്സ്ജന്ഡര് എന്ന കോളവും കൂട്ടിച്ചേര്‍ക്കും. ലിംഗമാറ്റ ശസ്ത്രക്രിയ, അനുബന്ധ സേവനം എന്നിവക്ക് പൊതുമാനദണ്ഡം തയാറാക്കും.
നിലവില്‍ സ്വകാര്യ മേഖലയിലെ ആശുപത്രികള്‍ മുഖേനയാണ് സംസ്ഥാനത്ത് ലിംഗമാറ്റ ശസ്ത്രക്രിയകള്‍ നടന്നുവരുന്നത്. ഇതില്‍ ചികിത്സാ രീതികള്‍, ചികിത്സാചെലവ്, തുടര്‍ ചികിത്സ, ഗുണനിലവാരം എന്നിവ സംബന്ധിച്ച് ഏകീകൃത മാനദണ്ഡം നിലവില്‍ കൊണ്ടുവരാനാണ് പുതിയ നീക്കം. ട്രാന്സ്ജന്ഡര് സമൂഹത്തിന് ഏറ്റവും അനുകൂലമായ രീതിയില്‍ ലഭ്യമാക്കുന്നതിനെക്കുറിച്ചും ഇതിന് സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് പഠിക്കാന്‍ വിദഗ്ധ സമിതികള്‍ ജില്ലാ അടിസ്ഥാനത്തില്‍ വരും.
അഭിജിത്ത് എസ്.ഗാണപത്യം
പ്രതികരിക്കാൻ ഇവിടെ എഴുതുക: