ഓമല്ലൂര്‍: ഹരിത മിഷനുമായി ചേര്‍ന്ന് കേന്ദ്ര ഗവണ്മെന്റ് സബ്സിഡിയോടെ നടപ്പിലാക്കിയിരുന്ന ‘ഇനി ഞാന്‍ ഒഴുകട്ടെ ‘ എന്ന പദ്ധതി ഓമല്ലൂര്‍ ഗ്രാമ പഞ്ചായത്തില്‍ പൂര്‍ണമായും നിലച്ചു. നീര്‍ച്ചാലുകളുടെ ജനകീയ വീണ്ടെടുപ്പിനും , തണ്ണീര്‍തടങ്ങള്‍, ജല സ്രോതസുകള്‍, കൈതോടുകള്‍ എന്നിവയുടെ പുനരുദ്ധാരണത്തിലൂടെ നാടിന്റെ ജല വിഭവ ശേഷി വര്‍ദ്ധിപ്പിക്കാനും ഉദ്ദേശിച്ചാണ് പദ്ധതി വിഭാവനം ചെയ്തത്.പല പഞ്ചായത്തുകളും പദ്ധതി വിജയകരമായി നടപ്പിലാക്കുകയും രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ ഉപകരിക്കുകയും ചെയ്തിട്ടുണ്ട്.
രണ്ടു വര്‍ഷം മുമ്പ് വീണാ ജോര്‍ജ് എംഎല്‍എയാണ് പദ്ധതിയുടെ ഓമല്ലൂര്‍ ഗ്രാമ പഞ്ചായത്തിലെ ഉദ്ഘാടനം പത്ത് പതിനൊന്ന് വാര്‍ഡുകളുടെ അതിര്‍ത്തിയായ പടിഞ്ഞാറെ മുണ്ടകന്‍ ഏലായോട് ചേര്‍ന്ന് കിടക്കുന്ന മേലേച്ചിറ തോട് വൃത്തിയാക്കി കൊണ്ട് നടത്തിയത്. പിന്നീട് ഇതുവരെ തുടര്‍ നടപടികള്‍ ഒന്നും നടന്നിട്ടില്ല.
തൊഴില്‍ ഉറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പണി നടത്താനായിരുന്നു നിര്‍ദ്ദേശം.എന്നാല്‍ രാഷ്ട്രീയ അതിപ്രസരം മൂലം പദ്ധതി പാതി വഴി ഉപേക്ഷിക്കേണ്ടി വന്നു. അന്ന് ഇതിനായി അനുവദിച്ച തുക ലാപ്സായി. ഈ പദ്ധതി വര്‍ഷത്തില്‍ നീര്ചാല് സംരക്ഷണത്തിന് പഞ്ചായത്ത് ബഡ്ജറ്റില്‍ ഒരു രൂപ പോലും വക കൊള്ളിച്ചിട്ടില്ല.
ഓമല്ലൂരിന്റെ ശാപമായി മാറിയ , ഒഴിമണ്ണ് ഭാഗത്തെ വെള്ള കെട്ട്, കുരിശുംമൂട് ജംഗഷന് സമീപം പെട്രോള്‍ പമ്പിന്റെ ഇരു ഭാഗത്തായി കാണുന്ന വെള്ള കെട്ട്, ചരിത്ര പ്രസിദ്ധമായ ഓമല്ലൂര്‍ വയല്‍വാണിഭത്തിന്റെ മൂലസ്ഥാനമായ പാലമരത്തിന് ചുറ്റുമുള്ള വെള്ള കെട്ട്, ഇതെല്ലാം ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പരിഹരിക്കാനായിരുന്നു.നാട്ടുകാര്‍ക്ക് പ്രയോജനപ്രദമായ രീതിയില്‍ നടപ്പിലാക്കാമായിരുന്ന ഈപദ്ധതി ബന്ധപ്പെട്ടവരുടെ അനാസ്ഥ മൂലം എങ്ങുമെത്താതെ പോയി. വെള്ളക്കെട്ട് ഒഴിവാകാത്ത ഭാഗങ്ങളില്‍ മലിന ജലം കെട്ടി കിടന്ന് ദുര്‍ഗന്ധം വമിക്കുന്നു.
കുടിവെള്ള ക്ഷാമം ശാശ്വതമായി പരിഹരിക്കാനുള്ള കേന്ദ്ര ഗവണ്‍ന്റ് പദ്ധതി ജല്‍ ജീവന് മിഷനും പഞ്ചായത്തില്‍ പൂര്‍ണമായി നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ലന്ന് പരക്കെ ആക്ഷേപമുണ്ട്.നൂറ് കണക്കിന് അപേക്ഷകര്‍ ഉണ്ടെങ്കിലും എണ്‍പത് പേര്‍ക്കാണ് പദ്ധതി പ്രകാരം ഇതു വരെ കുടിവെള്ളം എത്തിക്കാന്‍ പഞ്ചായത്തിന് കഴിഞ്ഞത്. പദ്ധതിക്ക് നിര്‍വ്വഹണത്തിന് അമ്പത് ശതമാനം തുകയും കേന്ദ്രസര്‍ക്കാരാണ് നല്‍കുന്നത്.സംസ്ഥാനസര്‍ക്കാര്‍ ഇരുപത്തിഅഞ്ചും പഞ്ചായത്ത് വിഹിതം പതിനഞ്ച് ശതമാനവുമാണ്.ബാക്കിപത്തുശതമാനം ഉപഭോക്താക്കളുടേതാണ്. ഈ വര്‍ഷത്തെ വാര്‍ഷിക ബജറ്റില്‍ ഈ വിഹിതം വക കൊള്ളിച്ചിട്ടില്ലാത്തതിനാല് പുതിയ അപേക്ഷകര്‍ക്ക് കണക്ഷന് ലഭിക്കാന്‍ സാധ്യത ഇല്ലന്നാണ് അറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: