പിഎസ്സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടില്ലെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന് പ്രഖ്യാപിച്ചതോടെ സര്‍ക്കാര്‍ജോലി പ്രതീക്ഷിച്ചു കഴിഞ്ഞിരുന്ന ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികളുടെ സ്വപ്നങ്ങളാണ് തകര്‍ന്നിരിക്കുന്നത്. ഒരു ലിസ്റ്റിന്റെ കാലാവധി ദീര്‍ഘിപ്പിച്ചാല്‍ മറ്റ് ലിസ്റ്റുകളെയും അത് ബാധിക്കുമെന്നും, ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ ജോലിക്കായി പുറത്ത് കാത്തുനില്ക്കുമ്പോള് ഇങ്ങനെ ചെയ്യാനാവില്ലെന്നുമാണ് മുഖ്യമന്ത്രി പറയുന്നത്. തീര്‍ത്തും യാന്ത്രികമായ ഈ വിശദീകരണം കഷ്ടപ്പെട്ട് പഠിച്ച് പരീക്ഷയെഴുതി റാങ്ക്ലിസ്റ്റുകളില്‍ ഇടംനേടിയവരോട് തെല്ലും അനുകമ്പ കാണിക്കുന്നതല്ല. പുറത്തു കാത്തുനില്ക്കുന്ന ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികളെപ്പോലെയാണ് നിയമന ഉത്തരവുകള്‍ കാത്തിരിക്കുന്നവരുമെന്ന വസ്തുത മുഖ്യമന്ത്രി മറന്നുപോകുന്നു. റാങ്ക് ലിസ്റ്റുകള്‍ നീട്ടാന്‍ സര്‍ക്കാരില്‍നിന്ന് ശുപാര്‍ശയുണ്ടാകാത്ത സാഹചര്യത്തില്‍ പുതിയ റാങ്ക്ലിസ്റ്റുകളുമായി പിഎസ്സി മുന്നോട്ടുപോകുകയാണ്. അതേസമയം ലാസ്റ്റ്ഗ്രേഡ് സെര്‍വന്റ്സ് റാങ്ക്ലിസ്റ്റുകളുടെ കാലാവധി നീട്ടി നല്‍കണമെന്ന സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കുകയാണ് പിഎസ്സി ചെയ്തത്. ഉദ്യോഗാര്‍ത്ഥികള്‍ക്കെതിരെ സര്‍ക്കാരും പിഎസ്സിയും ഒത്തുകളിക്കുകയാണെന്നു വേണം കരുതാന്‍. അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയെങ്കിലും ഓരോ ജില്ലയിലെയും ഒഴിവുകള്‍ പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്ന് കോടതി ഉത്തരവിട്ടിരിക്കുകയാണ്. ഇക്കാര്യത്തില്‍ അന്തിമ വിധി തങ്ങള്‍ക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയാണ് ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ളത്.
റാങ്ക് ലിസ്റ്റുകളില്‍നിന്ന് യഥാസമയം നിയമനങ്ങള്‍ നടത്തേണ്ട ബാധ്യത സര്‍ക്കാരിനാണുള്ളത്. പ്രളയവും കൊവിഡുമൊക്കെ വന്നതിന് ഉദ്യോഗാര്‍ത്ഥികള്‍ ഉത്തരവാദികളല്ല. ഇതിന്റെ മറവില്‍ നിയമനനിരോധനം തന്നെയാണ് ഒന്നാം പിണറായി സര്‍ക്കാര്‍ നടപ്പാക്കിയത്. ഇതിനെതിരെ സെക്രട്ടറിയേറ്റിനുമുന്നില്‍ ഉദ്യോഗാര്‍ത്ഥികള്‍ നടത്തിയ സമരം സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് ചര്‍ച്ച നടത്തിയ സര്‍ക്കാര്‍ അനുകൂല നടപടിയുണ്ടാകുമെന്ന് അവര്‍ക്ക് ഉറപ്പു നല്‍കിയിരുന്നു. തെരഞ്ഞെടുപ്പ് ജയിക്കാന്‍ സമരം അവസാനിപ്പിക്കേണ്ടത് സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും ആവശ്യമായിരുന്നു. അന്ന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് കൊടുത്ത വാക്കാണ് വീണ്ടും മുഖ്യമന്ത്രിയായതോടെ പിണറായി വിജയന് ലംഘിച്ചിരിക്കുന്നത്. പ്രതിഷേധിക്കുന്ന ഉദ്യോഗാര്‍ത്ഥികളെ അനുനയിപ്പിച്ച് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്താന്‍ ഡിവൈഎഫ്ഐ മുന്‍കയ്യെടുത്തിരുന്നു. റാങ്കുലിസ്റ്റുകള്‍ നീട്ടില്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തോട് ഡിവൈഎഫ്ഐ നേതാക്കള്‍ മൗനം പാലിക്കുകയാണ്. സര്‍ക്കാരിനൊപ്പം ചേര്‍ന്ന് ഉദ്യോഗാര്‍ത്ഥികളെ വഞ്ചിക്കുകയാണ് ഇവര്‍ ചെയ്തതെന്ന് വ്യക്തമായിരിക്കുന്നു. അന്ന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് സര്‍ക്കാരിനെതിരെ ശക്തമായി രംഗത്തുവന്ന എബിവിപിയും ഭാരതീയ ജനതാ യുവമോര്‍ച്ചയും ഇപ്പോഴത്തെ വഞ്ചനയ്ക്കെതിരെ സമരരംഗത്ത് വീണ്ടും സജീവമായിരിക്കുന്നു.
സിപിഎമ്മിന് വേണ്ടപ്പെട്ടവര്‍ക്ക് പിന്‍വാതില്‍ നിയമനവും താല്‍ക്കാലിക നിയമനവും നല്കുന്ന സര്‍ക്കാരാണ് റാങ്ക് ലിസ്റ്റുകളുടെ പുറത്തുനില്‍ക്കുന്ന ഉദ്യോഗാര്‍ത്ഥികളുടെ പേരില്‍ മുതലക്കണ്ണീരൊഴുക്കുന്നത്. ഇക്കാര്യത്തില്‍ പബ്ലിക് സര്‍വീസ് കമ്മീഷന് എന്ന ഭരണഘടനാ സ്ഥാപനത്തെ പാര്‍ട്ടി സ്ഥാപനമാക്കി മാറ്റുകയും ചെയ്തിരിക്കുന്നു. പാര്‍ട്ടിക്ക് വേണ്ടപ്പെട്ടവര്‍ക്ക് ചോദ്യപേപ്പര്‍ വീട്ടില്‍ക്കൊണ്ടുപോയി പരീക്ഷയെഴുതാന്‍ സൗകര്യമൊരുക്കുകയും, റാങ്ക് ലിസ്റ്റില്‍ തിരിമറി നടത്തുകയും ചെയ്യുന്നതിനു പോലും പിഎസ്സി കൂട്ടുനില്‍ക്കുന്ന അവസ്ഥയാണ്. ഇതു സംബന്ധിച്ച അന്വേഷണം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍വേണ്ടി മാത്രം. അര്‍ഹരായ ഉദ്യോഗാര്‍ത്ഥികളെ പുറത്തുനിര്‍ത്തി സര്‍ക്കാര്‍ സംവിധാനം പാര്‍ട്ടിവല്‍ക്കരിക്കുന്ന പ്രക്രിയ പിണറായി സര്‍ക്കാര്‍ തുടരുകയാണ്. ഇതിനുവേണ്ടിക്കൂടിയാണ് റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി നല്‍കേണ്ടെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്. സര്‍ക്കാരിന്റേതിനെക്കാള്‍ സിപിഎമ്മിന്റെ തീരുമാനമാണിത്. അര്‍ഹതയുള്ളത് നേടിയെടുക്കാന്‍ വേണ്ടി സമരം ചെയ്ത ഉദ്യോഗാര്‍ത്ഥികളോട് പകരം വീട്ടുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്ന് പറയാതെ വയ്യ. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാതെയും, നിയമന ഒഴിവുകള്‍ റിപ്പോര്‍ട്ടു ചെയ്യാതെയും അഭ്യസ്തവിദ്യരായ യുവജനതയെ വഞ്ചിച്ചുകൊണ്ടിരിക്കുകയാണ് കഴിഞ്ഞ ആറുവര്‍ഷത്തോളമായി പിണറായി സര്‍ക്കാര്‍. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടില്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: