കൊല്ലം: പരവൂര്‍ നെടുങ്ങോലം സര്‍വീസ് സഹകരണ ബാങ്കില്‍ ക്രമക്കേടു നടന്നിട്ടുള്ളതായി പരോക്ഷമായി സമ്മതിച്ച് സിപിഎം നേതൃത്വം നല്കുന്ന ബാങ്ക് ഭരണസമിതി. തട്ടിപ്പ് സംബന്ധിച്ച് ജന്മഭൂമി ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ നല്കിയ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം പത്രങ്ങളില്‍ നല്കിയ വിശദീകരണത്തിലാണ് ക്രമക്കേടു നടന്നതായുള്ള സൂചന നല്‍കിയിരിക്കുന്നത്. ഭരണസമിതി പ്രസിഡന്റ് എസ്. സുഭഗകുമാര്‍, സെക്രട്ടറി ഇന്‍ ചാര്‍ജ് ആര്. ബിജു എന്നിവരാണ് പത്ര പരസ്യം നല്‍കിയത്.
പരസ്യത്തില്‍ പറയുന്നത്; കഴിഞ്ഞ ഭരണസമിതിയുടെ അവസാന നാളില്‍ പാരിപ്പള്ളിയിലെ ഒരേക്കര്‍ നാല്‍പ്പതിയൊന്ന് സെന്റ് വസ്തു ജാമ്യത്തില്‍ ആറ് വായ്പകളായി ഒന്നര കോടി രൂപ നല്കി. പുതിയ ഭരണസമിതി വന്ന് ഒരു വര്‍ഷം കഴിഞ്ഞിട്ടും വായ്പാതിരിച്ചടവ് വരാത്ത സാഹചര്യത്തില്‍ നോട്ടീസ് അയച്ച് നിയമനടപടികള്‍ ആരംഭിച്ചു. ഈ ഘട്ടത്തിലാണ് ഭൂമിയുടമയും ഈ വായ്പയിലെ പങ്കാളിയുമായ ആള് പരാതിയുമായി രംഗത്ത് എത്തുന്നത്. ആറ് വായ്പകളായി ഒന്നരകോടി എടുത്തിട്ടുള്ളതില് മുപ്പത് ലക്ഷമെ തനിക്ക് അറിവുള്ളുവെന്നും അതിനാല്‍ ഇതു സംബന്ധിച്ചുള്ള അന്വേഷണം വേണമെന്നുമാണ് പരാതി.
പരാതിയുടെ അടിസ്ഥാനത്തില്‍ സഹകരണ വകുപ്പും കേരളാ പോലീസും അന്വേഷണം നടത്തിവരികയാണ്. തുടര്‍ന്ന് മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ബാങ്ക് ഭരണസമിതി സബ്കമ്മറ്റി രൂപീകരിച്ച് ആവശ്യമായ അന്വേഷണം നടത്തുകയാണ്. പരാതിയില്‍ പറയുന്നതില്‍ പങ്കാളിയായവര്‍ക്ക് എതിരെ ശക്തമായ നടപടിയെടുക്കും. അതോടൊപ്പം വായ്പാ തുക ബാങ്കിന് തിരികെ ലഭിക്കുന്നതിനള്ള നടപടികളും കൈക്കൊള്ളും. ബാങ്കില്‍ എന്തെങ്കിലും ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുന്‍പ് നടന്ന ക്രമക്കേടുകളില്‍ നടപടിയെടുത്തതായും ബാങ്കിന്റെ പത്ര പരസ്യത്തിലുണ്ട്. മുന്പണ്ടും ക്രമക്കേടുകള്‍ നടന്നിട്ടുള്ളതായുള്ള ഭരണസമിതിയുടെ ഏറ്റുപറച്ചില്‍, സഹ.ബാങ്കില്‍ തട്ടിപ്പ് പതിവാണെന്നുള്ളതാണെന്ന് വിമര്‍ശകര്‍ ഉന്നയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: