കൊല്ലം: അഷ്ടമുടിക്കായല്‍ ശുചീകരണവും സംരക്ഷണവും ഉറപ്പാക്കുന്നതിന് അഷ്ടമുടി സംരക്ഷണ അതോറിറ്റി രൂപീകരിക്കാനായി സംസ്ഥാന സര്‍ക്കാരിനെ സമീപിക്കുമെന്ന് മേയര്‍ പ്രസന്ന ഏണസ്റ്റ്. കൊല്ലം കോര്‍പറേഷന്‍ വിളിച്ചു ചേര്‍ത്ത ഓണ്‍ലൈന്‍ യോഗത്തിലാണ് മേയര്‍ഇക്കാര്യം വ്യക്തമാക്കിയത്.
ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന അഭിപ്രായങ്ങള്‍ കൂടി കണക്കിലെടുത്താണ് അധ്യക്ഷയായ മേയര്‍ തീരുമാനം പ്രഖ്യാപിച്ചത്. പ്രത്യേക ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായി 10ന് സാങ്കേതിക ശില്‍പശാല നടത്തും. കായല്‍ പുനരുദ്ധാരണത്തിനായി നോഡല്‍ ഏജന്‍സി രൂപീകരിക്കണമെന്നും സാധ്യമായ ഫണ്ട് അനുവദിക്കാന്‍ ശ്രമിക്കുമെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ എംപി പറഞ്ഞു. മാലിന്യം കൃത്യമായും ശാസ്ത്രീയമായും സംസ്‌കരിക്കാനുള്ള നടപടികള്‍ കൈക്കൊള്ളണമെന്ന് കെ. സോമപ്രസാദ് എംപിയുടെ പ്രതിനിധി ബാബു കെ. പന്മന ആവശ്യപ്പെട്ടു.
അഷ്ടമുടിക്കായല്‍ സംരക്ഷണവുമായി ബന്ധപ്പെട്ട പഠനങ്ങള്‍ അടിസ്ഥാനമാക്കി നിയമപ്രകാരമുള്ള അതോറിറ്റി രൂപീകരിക്കണമെന്ന് എം. നൗഷാദ് എംഎല്‍എയുടെ പ്രതിനിധി കെ.പി. നന്ദകുമാര്‍ അറിയിച്ചു. കായല്‍ ശുദ്ധീകരണം, സംരക്ഷണം, ആവാസവ്യവസ്ഥ നിലനിര്‍ത്തല്‍ എന്നിവയിലൂടെ അഷ്ടമുടിക്കായലിനെ വീണ്ടെടുക്കുന്ന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാന്‍ യോഗത്തില്‍ തീരുമാനമായി.
ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍, സുദേവന്‍, ബിന്ദുകൃഷ്ണ, ഗോപകുമാര്‍, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ അധ്യക്ഷന്‍ എക്സ്. ഏണസ്റ്റ്, പരിസ്ഥിതി പഠനങ്ങള്‍ നടത്തിയ അധ്യാപകരായ ഡോ. ബി.ടി. സുലേഖ, ഡോ. പ്രിയ, ഡിടിപിസി സെക്രട്ടറി എം.ആര്‍. ജയഗീത, പരിസ്ഥിതി വിദഗ്ധരായ പീറ്റര്‍ പ്രദീപ്, അപ്പുക്കുട്ടന്‍, ഡിക്രൂസ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: