ടോക്കിയോ: ഒളിമ്പിക്‌സ് പുരുഷ ഹോക്കിയില്‍ മെഡല്‍ ലക്ഷ്യമിട്ട് ഇന്ത്യ ഇറങ്ങുന്നു. നാളെ നടക്കുന്ന സെമിഫൈനലില്‍ ലോക ചാമ്പ്യന്മാരായ ബെല്‍ജിയത്തെ നേരിടും. ജയിച്ചാല്‍ ഇന്ത്യക്ക് മെഡല്‍ ഉറപ്പാകും. രാവിലെ ഏഴിന് കളി തുടങ്ങും.
ബ്രിട്ടനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഇന്ത്യ സെമിഫൈനലില്‍ കടന്നത്. ഒളമ്പിക്‌സിലെ പഴയ പടക്കുതിരകളായ ഇന്ത്യ നാല്‍പ്പത്തിയൊന്ന് വര്‍ഷത്തിനുശേഷമാണ് സെമിഫൈനലിലെത്തുന്നത്്. എട്ട്് സ്വര്‍ണം അടക്കം പതിനൊന്ന് മെഡല്‍ നേടിയ ടീമാണ് ഇന്ത്യ. എന്നാല്‍ 1980 ലെ മോസ്‌കോ ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടിയശേഷം മെഡല്‍പ്പട്ടികയില്‍ ഇടം പിടിച്ചിട്ടില്ല.
ഹര്‍മന്‍പ്രീത് സിങ് നയിക്കുന്ന ഇന്ത്യന്‍ ടീം ഇത്തവണ മെഡല്‍ വരള്‍ച്ചയ്‌ക്ക്് അറുതി വരുത്തുമെന്ന് പ്രതീക്ഷിക്കാം. പ്രാഥമിക ലീഗ്് മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവച്ചാണ് ഇന്ത്യ ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്്. അഞ്ചു മത്സരങ്ങളില്‍ നാലിലും വിജയം നേടി. ഓസ്‌ട്രേലിയയോട് മാത്രമാണ് തോറ്റത്.
മികവ് നിലനിര്‍ത്തിയാല്‍ ഇന്ത്യക്ക്് സെമിയില്‍ നിലവിലെ യൂറോപ്യന്‍ ചാമ്പ്യന്മാര്‍ കൂടിയായ ബെല്‍ജിയത്തെ മറികടക്കാം. ഇരു ടീമുകളും തമ്മില്‍ നടന്ന സമീപകാലപോരാട്ടങ്ങളുടെ റെക്കോഡ് ഇന്ത്യക്ക് അനുകൂലമാണ്. 2019ല്‍ നടന്ന യൂറോപ്യന്‍ പര്യടനത്തില്‍ കളിച്ച മൂന്ന് മത്സരങ്ങളിലും ഇന്ത്യ ബെല്‍ജിയത്തെ തോല്‍പ്പിച്ചു. ആദ്യ മത്സരത്തില്‍ 2-0 നും രണ്ടാം മത്സരത്തില്‍ 3-1 നും മൂന്നാം മത്സരത്തില്‍ 5-1 നും ഇന്ത്യ വിജയിച്ചു. ഈ വര്‍ഷം മാര്‍ച്ചില്‍ നടന്ന യൂറോപ്യന്‍ പര്യടനത്തില്‍ ഇന്ത്യ 3-2 ന് ബെല്‍ജിയത്തെ പരാജയപ്പെടുത്തി.
ഇന്ത്യയും ബെല്‍ജിയവും അവസാനമായി ഏറ്റുമുട്ടിയ അഞ്ചു മത്സരങ്ങില്‍ നാലിലും ഇന്ത്യയാണ് വിജയിച്ചത്. എന്നാല്‍ ഒളിമ്പിക്‌സില്‍ അവസാനമായി ഈ ടീമുകള്‍ മാറ്റുരച്ചപ്പോള്‍ ബെല്‍ജിയത്തിനായിരുന്നു വിജയം. റിയോ ഒളിമ്പിക്‌സില്‍ ബെല്‍ജിയം ഒന്നിനെതിരെ മൂന്ന്് ഗോളുകള്‍ക്ക് ഇന്ത്യയെ കീഴടക്കി.
പൂള്‍ ബിയില്‍ ഒന്നാം സ്ഥാനക്കാരായാണ് ബെല്‍ജിയം ക്വാര്‍ട്ടറിലെത്തിയത്. അഞ്ചു മത്സരങ്ങളില്‍ നാലു വിജയവും ഒരു സമനിലയും നേടി. ക്വാര്‍ട്ടര്‍ ഫൈനലില്‍ ബെല്‍ജിയം ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് സ്‌പെയിനെ പരാജയപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: