സ്വാതന്ത്ര്യാനന്തര ഭാരതം നൂറ്റാണ്ടുകള്‍ക്കുശേഷം കണ്ട ഏറ്റവും വലിയ വിപ്ലവമാണ് 2019 ആഗസ്റ്റ് 5 ന് ഉണ്ടായത്. ഭാരത ജനതയെ പ്രാദേശികമായി വിഭജിച്ച രാഷ്ട്രീയ മേലാളന്മാരുടെ മഹാപാതകത്തിന് പ്രായശ്ചിത്തം നരേന്ദ്രമോദി സര്‍ക്കാര്‍ ചെയ്തു. ഇന്ത്യന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 35 (എ), 370 എന്നിവ എടുത്തുകളഞ്ഞു. ജമ്മു കാശ്മീരിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും അതിര്‍ത്തി പങ്കിടുന്ന മേഖലകളെയും മറ്റും വേര്‍തിരിച്ച് ഭരണസംവിധാനം ശക്തമാക്കി. മുസ്ലീം തീവ്രവാദത്തിന്റെ വിളനിലമായി കാശ്മീരിനെ ഉപയോഗിച്ചുവന്നിരുന്ന പാക്കിസ്ഥാന്റെ ഗൂഢതന്ത്രത്തിന് ഏറ്റവും ഭീകരമായ തിരിച്ചടി.
സ്ത്രീകളും കുട്ടികളുമായിരുന്നു ഇസ്ലാമിക ഭീകരവാദത്തിന്റെ ബലിയാടുകള്‍. കശ്മീരി മുസ്ലീങ്ങള്‍ക്കും കശ്മീരി പണ്ഡിറ്റുകള്‍ക്കും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ക്ക് സാധിച്ചു. സ്വന്തം രാജ്യത്ത് അഭയാര്‍ത്ഥികളായി കഴിയേണ്ടിവന്ന ലക്ഷക്കണക്കിന് കശ്മീരി അഭയാര്‍ത്ഥികളെ പുനരധിവസിപ്പിക്കുന്ന പ്രക്രിയ കാര്യക്ഷമമായി നടപ്പാക്കുക വഴി സൗഹൃദങ്ങള്‍ ഊട്ടി ഉറപ്പിക്കപ്പെട്ടു. കശ്മീരി കൈത്തറി ഉല്‍പ്പന്നങ്ങളും കളിക്കോപ്പുകള്‍ക്കും പ്രാധാന്യം കൂടുകയും ഗ്രാമീണമേഖലയെ അത് സമ്പുഷ്ടമാക്കാന്‍ പ്രചോദനമാക്കുകയുമാണ് സര്‍ക്കാര്‍ അടിയന്തിരമായി ചെയ്തത്. ഗ്രാമീണ വിദ്യാഭ്യാസം സാര്‍വ്വത്രികമായി പുനരുജ്ജീവിപ്പിച്ചു. ഭീകരവാദികളില്‍ നിന്ന് ഗ്രാമീണജീവിതത്തെ മോചിപ്പിച്ചു. അവര്‍ക്ക് സര്‍ക്കാര്‍ സഹായങ്ങളും വിദ്യാഭ്യാസം, ആരോഗ്യം, കച്ചവടം എന്നിവക്ക് ആവശ്യമായ പ്രോത്സാഹനങ്ങളും നല്കി. പുതുതായി രൂപീകൃതമായ ജമ്മു,കശ്മീര്‍, ലഡാക്ക് എന്നിവിടങ്ങളില്‍ കേന്ദ്രസര്‍ക്കാറിന്റെ വിവിധ പദ്ധതികള്‍ വിജയകരമായി നടപ്പാക്കുന്നതില്‍ മറ്റു സംസ്ഥാനങ്ങളോടൊപ്പം മത്സരിച്ചു.
ഏറ്റവും അധികം സംരക്ഷിക്കപ്പെട്ടത് വിഭജനത്തിനുശേഷം സിന്ധ് പ്രവിശ്യയില്‍ നിന്ന് ജീവനും കൊണ്ട് രക്ഷപ്പെട്ട് ജമ്മുവില്‍ അഭയം തേടിയ സിഖ് – ഹിന്ദു വിഭാഗങ്ങളില്‍ പെട്ട അഭയാര്‍ത്ഥികളാണ്. അവര്‍ യഥാര്‍ത്ഥത്തില്‍ പൗരത്വ സര്‍ട്ടിഫിക്കറ്റ് ലഭിക്കാതെ തഴയപ്പെട്ട രണ്ടാംതരം പൗരന്മാരായിരുന്നു. മാറി മാറി ഭരിച്ചിരുന്ന അബ്ദുള്ള, ഫാറൂഖ്, ഒമര്‍, മെഹ്ബൂബ മുഫ്ത്തി എന്നിവരെല്ലാം തീവ്രവാദികളുടെ സമ്മര്‍ദ്ദത്താല്‍ പാവപ്പെട്ട ഇവരെ എല്ലാ മേഖലകളില്‍ നിന്നും മാറ്റി നിര്‍ത്തി. അവര്‍ക്ക് സര്‍ക്കാറിന്റെ എല്ലാ ആനുകൂല്യങ്ങളും സ്കോളര്‍ഷിപ്പുകളും, സംവരണങ്ങളും നിഷേധിച്ചു.
ആര്‍ട്ടിക്കിള്‍ 370 ദുരുപയോഗം ചെയ്ത് അതത് ഭരണാധികാരികള്‍ കശ്മീരിന്റെ മനസ്സ് കൂടുതല്‍ കൂടുതല്‍ കുത്തി നോവിപ്പിക്കുകയാണ് ചെയ്തത്. പ്രാദേശിക രാഷ്ട്രീയ നേതൃത്വവും മുന്‍കാല ദേശീയ നേതൃത്വങ്ങളും കശ്മീരികളെ അപകര്ഷതാബോധത്തിനടമകളാക്കി. ഒരിക്കലും ഉണങ്ങാത്ത മുറിവായിരുന്ന കശ്മീര്‍ ഒരു വ്രണമായി മാറുകയായിരുന്നു. 370 ാം വകുപ്പ് റദ്ദുചെയ്യുകയെന്ന നിരന്തരമായ ആവശ്യത്തെ നിരുത്സാഹപ്പെടുത്തി. അതിനെ ഒരു വര്ഗ്ഗീയവിഷയമാക്കി മാറ്റാനായിരുന്നു മുന്‍കാല സര്‍ക്കാറുകള്‍ ശ്രമിച്ചത്.
സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ അഖണ്ഡതയെ തകര്‍ത്തുകൊണ്ട് നടത്തിയ ഏറ്റവും കൊടിയ വഞ്ചനയുടെയും ചതിയുടെ രാഷ്ട്രീയ ചരിത്രം ജനം ചര്‍ച്ച ചെയ്യാന്‍ തുടങ്ങി. ഇന്ത്യയിലെ മുഴുവന്‍ നാട്ടുരാജ്യങ്ങളും ഇന്ത്യന്‍ റിപ്പബ്ലിക്കില്‍ ലയിച്ചപ്പോഴും ഭാരതത്തിന്റെ ശത്രുരാജ്യത്തിന്റെ ഇംഗിതാനുസരണം കശ്മീരികളെ കൊലക്ക് കൊടുത്ത് അതിന്റെ സൗന്ദര്യവും സമ്പത്തും എല്ലാം കൊള്ള ചെയ്തവരാണ് നെഹ്റു അടക്കമുള്ളവരെന്ന് കശ്മീരി ജനത തിരിച്ചറിഞ്ഞു തുടങ്ങി.
അവിടുത്തെ മുഴുവന്‍ രാഷ്ട്രീയ വ്യവസ്ഥിതിയും ജന്മിത്വത്തില് അധിഷ്ടിതമാണ്. രാഷ്ട്രീയഭരണ വ്യവസ്ഥയുടെ നട്ടെല്ല് ജന്മിത്വവ്യവസ്ഥയാണ്.അതില്‍ പ്രധാന പങ്ക് ഷേക്ക് അബ്ദുള്ള കുടുംബവും അവരോട് ബന്ധപ്പെട്ടവരുമാണ്. അതില്‍ നിന്നും ജനം മോചനം ആഗ്രഹിച്ചതില്‍ നിന്നാണ് മുഫ്ത്തി മുഹമ്മദ് സൈദു മുതല്‍ മെഹ്ബൂബ മുഫ്തിയും ഗുലാം നബി ആസാദും വരെയുള്ളവരെ കശ്മീരി ജനത വളര്‍ത്തിയത്. പക്ഷെ അവരെല്ലാം പുത്തന്‍ ജന്മിമാരും ഭൂപ്രമാണിമാരും നാട്ടുരാജാക്കന്മാരുമായി മാറി.
ജമ്മുകശ്മീരിലെ 80 ശതമാനവും പ്രവര്‍ത്തികളും കേന്ദ്രഫണ്ട് ഉപയോഗിച്ചാണ്. പ്രതിമാസം 2000 കോടിയാണ് സംസ്ഥാന വരുമാനം. അതില്‍ ആയിരം കോടി സംസ്ഥാന റവന്യൂവും ആയിരം കോടി കേന്ദ്രം നല്കുന്ന നികുതി വിഹിതവും. വാര്‍ഷിക ബജറ്റ് ഒരു ലക്ഷം കോടിക്ക് മുകളിലുമായിരുന്നു. സംസ്ഥാനത്തിന്റെ വരുമാനം12000 കോടി വരെ മാത്രമായിരിക്കുമ്പോള്‍ വാര്‍ഷിക ബജറ്റ് ഒരു ലക്ഷം കോടിക്ക് മുകളിലുമായിരുന്നു.
പദ്ധതികളുടെ നിര്‍വ്വഹണത്തിലും ജമ്മുകശ്മീര്‍ വളരെ പിന്നിലായിരുന്നു. അഞ്ചു മുതല്‍ പന്ത്രണ്ട് വരെ വര്‍ഷങ്ങളെടുത്താണ് പല പദ്ധതികളും പൂര്‍ത്തീകരിച്ചിരുന്നത്. എല്ലാ പദ്ധതികളും അഴിമതി ചെയ്യാനും സര്‍ക്കാര്‍ പണം കട്ടുമുടിക്കാനുള്ള അവസരങ്ങളാക്കി മാറ്റാനും തീവ്രവാദികള്‍ക്ക് തഴച്ചുവളരാനും ഒളിഞ്ഞിരിക്കാനും ഉള്ള സുരക്ഷിത താവളമാക്കി മാറ്റാനും മാത്രമാണ് ഭരണകൂടങ്ങള്‍ കശ്മീരിനെ ഉപയോഗിച്ചുവന്നിരുന്നത്. സാധാരണ ജനങ്ങള്‍ക്ക് ഏറെ ആശ്വാസകരമായി കാര്യക്ഷമമായി നടപ്പാക്കിവരുന്ന പദ്ധതിയാണ് ദേശീയ തൊഴിലുറപ്പ് പദ്ധതി. അത് നടപ്പാക്കാനായി രാജ്യത്തൊരിടത്തും ആരെയും നിരീക്ഷണങ്ങള്ക്കുവേണ്ടി നിയമിച്ചിട്ടില്ലെന്നിരിക്കെ കശ്മീരില്‍ 3500 ആളുകളെയാണ് നിരീക്ഷകരായി നിയമിച്ചിട്ടുള്ളത്.
2700 ബിരുദധാരികളെ മാസം 3000 രൂപക്ക് ജില്ലാ റിവര്‍ കമ്മിറ്റിയിലേക്ക് സ്പോര്‍ട്ട്സ് ക്വാട്ടയില്‍ എടുക്കുകയും ഏഴ് വര്‍ഷത്തിനുശേഷം ഇവരെ കായികാദ്ധ്യാപകരായി നിയമിക്കുന്ന വിചിത്രമായ തെരഞ്ഞെടുപ്പ് രീതികളും ജമ്മു കാശ്മീരില്‍ മാത്രമുള്ളതായിരുന്നു. ഇത്തരം ദുരവസ്ഥയിലാണ് 370 എടുത്തുകളഞ്ഞ് ഭരണസംവിധാനം പുനരുജ്ജീവിക്കാന്‍ തുടങ്ങിയത്. വ്യാജപദ്ധതികളുടെ പേരില്‍ നാടിനെ കട്ടുമുടിക്കലാണ് കശ്മീരില്‍ അതുവരെ നടന്നിരുന്നത്.
രാജ്യത്തിനകത്തെ ഒരു സംസ്ഥാനത്തിന് വ്യത്യസ്തമായ ഒരു സ്വതന്ത്ര ഭരണഘടനയും ദേശീയ ഗാനവും ദേശീയ പതാകയും നല്കപ്പെട്ടതും കടുത്ത അന്യായമായിരുന്നു. പ്രത്യേക സംസ്ഥാന പദവി നീക്കം ചെയ്തതിലൂടെ ജമ്മുകശ്മീരിലെയും ലഡാക്കിലെയും ജനങ്ങള്‍ക്ക് ഭാരതസര്‍ക്കാറിന്റെ കീഴിലുള്ള എല്ലാ വികസന പദ്ധതികളിലും നയങ്ങളിലും പൂര്‍ണ്ണമായ പങ്കാളിത്തവും ശ്രദ്ധയും ലഭിച്ചു. അതുവരെ കൂടുതല്‍ പരിരക്ഷ എന്ന നിലക്ക് നഷ്ടപ്പെട്ടുപോയ എല്ലാ നിയമപരിരക്ഷകളും മൗലികാവകാശങ്ങളും പുന:സ്ഥാപിക്കപ്പെട്ടു എന്നത് ഏറെ ശ്രദ്ധേയമാണ്.വ്യവസായ ടൂറിസം രംഗങ്ങളില്‍ കാശ്മീര്‍ ഒരു നൂതന പന്ഥാവിലാണ്. പല പ്രമുഖ ഇന്ത്യന്‍ കമ്പനികളും വിദേശ കമ്പനികളും ജമ്മു കാശ്മീരിലും ലഡാക്കിലും വ്യവസായ ശാലകളും കമ്പനികളും ആരംഭിക്കാന്‍ തയ്യാറാവുകയും പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തിരിക്കുന്നു. ചെറുപ്പക്കാര്‍ക്കും സ്ത്രീകള്‍ക്കും തൊഴില്‍ ലഭ്യത വര്‍ദ്ധിക്കുന്ന സാഹചര്യമാണ് ഇന്ന് അവിടെയുള്ളത്.
അതിലേറെ ആശ്വാസകരം കശ്മീരി യുവാക്കളുടെ മനോഭാവത്തിലുണ്ടായ മാറ്റങ്ങളാണ്. അവര്‍ വസ്തുതകളെ തിരിച്ചറിയാന്‍ തുടങ്ങിയിരിക്കുന്നു. ശത്രുരാജ്യത്തിന്റെ ചട്ടുകങ്ങളായി മാറി ഭീകരവാദികളാവാനും നോട്ട് കെട്ടുകള്‍ക്കും ദിവസക്കൂലിക്കും വേണ്ടി മാതൃരാജ്യത്തെ ഒറ്റുകൊടുക്കാനും പട്ടാളത്തെയും പോലീസിനെയും കല്ലെറിയാനുമുള്ള മനോനിലയില്‍ നിന്ന് അവര്‍ മോചനം നേടുകയാണ്. ശാന്തിയോടെയും സമാധാനത്തോടെയും ഈ രാജ്യത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ അവര്‍ തയ്യാറാകുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടക്ക് ഇന്ത്യന്‍ സൈന്യത്തിലേക്ക് കശ്മീരില്‍ നിന്നുമുള്ള യുവാക്കളുടെ റിക്രൂട്ട്മെന്റ് അവരുടെ ആത്മവിശ്വാസം വീണ്ടെടുക്കാന്‍ ഏറെ സഹായകരമായി.
ആര്‍ട്ടിക്കിള്‍ 35എ യുടെ ഇരകള്‍ക്കാണ് ഏറ്റവും കൂടുതല്‍ ആശ്വാസകരം. അവരില്‍ ആനന്ദാശ്രുക്കളാണ് കാണാനാവുന്നത്. സ്വന്തം നാട്ടില്‍ അവഗണനയോടെ കഴിയേണ്ടിവന്ന അഭ്യസ്ത വിദ്യരും തൊഴില്‍രഹിതരുമായ ജനങ്ങള്‍, കഴിഞ്ഞ 70 വര്‍ഷക്കാലമായി വഞ്ചിക്കപ്പെട്ടതിന്റെ നേര്‍ചിത്രങ്ങള്‍ ഇന്ന് കാശ്മീരി ജനത ഈറനോടെ ഓര്‍ക്കുന്നു. പലായനം ചെയ്യപ്പെട്ട വാല്മീകി കമ്മ്യൂണിറ്റിയില്‍ ഒരാളുടെ അനുഭവം വിവരണാതീതമായിരുന്നു. കേവലം തൂപ്പുകാരന്റെ ജോലി മാത്രം നല്കി അവഗണിക്കുകയായിരുന്നു കാശ്മീരിന്റെ മുന്‍കാല ഭരണകൂടം. പടിഞ്ഞാറന്‍ പാക്കിസ്ഥാനില്‍ നിന്ന് പലായനം ചെയ്യേണ്ടിവന്ന കശ്മീരി പൗരന്റെ സിവിലും രാഷ്ട്രീയവുമായ എല്ലാ അവകാശങ്ങളും ദശാബ്ദങ്ങളായി നിഷേധിച്ച് അതിര്‍ത്തി പ്രദേശത്തേക്കുതന്നെ അവരെ തള്ളിവിട്ട ഫാറൂഖ് അബ്ദുള്ളയുടെ നീചപ്രവൃത്തികള്‍ ഇന്ന് ജനം വിളിച്ചുപറയുന്നു. ഒരു സെന്റ് ഭൂമി പോലും വാങ്ങാന്‍ അര്ഹതയില്ലാത്തവരായ അവര്‍ ഇന്ന് സ്വയം തിരിച്ചറിഞ്ഞിരിക്കുന്നു ഭാരതമാണ് അവരുടെ രാജ്യമെന്ന്. ആര്‍ട്ടിക്കിള്‍ 370, 35എ യും എടുത്തുകളയുന്നതോടെ കശ്മീരിന്റെ സ്വകാര്യത നഷ്ടപ്പെടുമെന്നും രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കോര്‍പ്പറേറ്റ് ഭീമന്മാരും റിയല്‍ എസ്റ്റേറ്റ് മാഫിയാസംഘങ്ങളും കശ്മീരിലെയും ജമ്മുവിലെയും ലഡാക്കിലെയും ഭൂമി വാങ്ങിക്കൂട്ടി കുത്തക സ്ഥാപിക്കുമെന്നായിരുന്നു പ്രചരിപ്പിക്കപ്പെട്ടത്. പ്രദേശവാസികള്‍ അവിടെ നിന്ന് കുടിയൊഴിപ്പിക്കപ്പെടുമെന്നും കുപ്രചാരണമുണ്ടായി. ഇവയെല്ലാം കേവലം രാഷ്ട്രീയ പുകമറകളായിരുന്നുവെന്ന് കഴിഞ്ഞ ഒരു വര്‍ഷത്തെ കശ്മീരിന്റെ ചരിത്രം രാജ്യത്തെ പഠിപ്പിക്കുന്നു. സാധാരണ ജനങ്ങളെ ഇങ്ങനെയെല്ലാം ഭയപ്പെടുത്തി രാജ്യത്തിനെതിരെ ചിന്തിപ്പിക്കാനുള്ള കുത്സിത ശ്രമങ്ങളാണ് വിവിധ ഭാഗങ്ങളില്‍ നിന്നും ഉണ്ടായത്. അത് യാഥാര്‍ത്ഥ്യമല്ലെന്ന തിരിച്ചറിയലിലാണ് കശ്മീരി ജനത. ഇന്ത്യയിലെ മറ്റു പ്രദേശങ്ങളില്‍ നിന്നുള്ള ജനങ്ങള്‍ കശ്മീരില്‍ ജോലി ചെയ്യാന്‍ തയ്യാറായിവരുന്നത് കാതലായ ഒരു പരിവര്‍ത്തനമാണ്. അതിലേറെ ജനങ്ങള്‍ ഏറെ ശുഭാപ്തി വിശ്വാസത്തിലായിക്കഴിഞ്ഞു. അവര്‍ക്ക് ഭരണകൂടത്തോടും ഭരണകൂടത്തിന് ജനങ്ങളോടും പ്രതിബന്ധത ഉണ്ട് എന്ന ബോധം ജനിപ്പിക്കാന്‍ സാധിച്ചു. ഇതൊരു ഗണപരമായ മാറ്റമാണ്. കശ്മീര്‍ വീണ്ടും ഭൂമിയിലെ സ്വര്‍ഗ്ഗമാകുകയാണ്. വിനോദസഞ്ചാരത്തിലൂടെ കശ്മീര്‍ പുനര്‍ജനിക്കുന്നു. ഈ പരിവര്‍ത്തനത്തിനുള്ള ഉത്തേജനം ഭരണകൂടം നല്കുന്നു.
തീവ്രവാദത്തിന്റെ ചിറകൊടിച്ച്, കശ്മീരി ഹിന്ദുക്കളുടെയടക്കം സ്വത്തും ജീവനും സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ഏറെ പ്രാധാന്യം നല്‍കുന്നത്. അതോടൊപ്പം തന്നെ പാക്കിസ്ഥാന്റെയും ചൈനയുടെയും അതിക്രൂരതകള്‍ക്ക് ഇരയാകുന്ന ഒരു പറ്റം ജനങ്ങള്‍ ഗില്‍ഗിത്ത്, ബലുചിസ്ഥാന് എന്നീ പ്രദേശങ്ങളില്‍ ഏറെ പ്രത്യാശയോടെ ഇന്ത്യയെ നോക്കുന്നുണ്ട്. അവരും ഈ നടപടികളിലൂടെ പ്രതീക്ഷയിലാണ്.അതുപോലെതന്നെ ഏറെ യാതനകളും പീഡനങ്ങളും അവഗണനകളും പ്രത്യേക സംസ്ഥാനപദവിയിലൂടെയും മറ്റ് അനുബന്ധ നിയമങ്ങളിലൂടെയും അനുഭവിക്കേണ്ടിവന്ന ജമ്മുകാശ്മീരിലെയും ലഡാക്കിലെയും ജനങ്ങള്‍ ഏറെ ആകാംക്ഷയോടെയും പ്രതീക്ഷയോടെയുമാണ് പുതിയ ഭരണസംവിധാനത്തെ നോക്കികാണുന്നത്. പുത്തന്‍ പ്രതീക്ഷകളുടെ തങ്കത്തോണിയില് നൃത്തമാടുകയാണ് ഇന്നത്തെ കാശ്മീരി ജനത..ശുഭപ്രതീക്ഷയോടെ
അഡ്വ. കെ.എം.കൃഷ്ണകുമാര്‍
(അധിവക്ത പരിഷത്ത് ദേശീയ സമിതി അംഗം)
പ്രതികരിക്കാൻ ഇവിടെ എഴുതുക: