ബെംഗളൂരു: മഹാരാഷ്‌ട്രയിലും കേരളത്തിലും കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍, ഇരു സംസ്ഥാനങ്ങളില്‍ നിന്നും ബെംഗളൂരുവിലെത്തുന്ന യാത്രക്കാര്‍ക്ക് കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്താന്‍ പ്രത്യേക സംഘങ്ങളെ നിയോഗിച്ച് ബിബിഎംപി. ഇന്നലെ മുതല്‍ യാത്രക്കാര്‍ക്ക് കര്‍ശന നിരീക്ഷണമാണ് ബിബിഎംപി ഏര്‍പ്പെടുത്തിയത്. അയല്‍സംസ്ഥാനങ്ങളില്‍ രോഗവ്യാപനം വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടകത്തിലെ സുരക്ഷ നിയന്ത്രണ നടപടികള്‍ ശക്തമാക്കാന്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ആവശ്യപ്പെട്ടിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ബിബിഎംപി നടപടികള്‍ ശക്തമാക്കുന്നത്. കേരളത്തില്‍ നിന്നും മഹാരാഷ്‌ട്രയില്‍ നിന്നും ബെംഗളൂരുവിലേക്ക് വരുന്ന യാത്രക്കാര്‍ക്ക് കൃത്യമായ നിരീക്ഷണം ഉറപ്പാക്കാന്‍ പ്രത്യേക ടീമുകള്‍ രൂപീകരിച്ചിട്ടുണ്ടെന്ന് ബിബിഎംപി കമ്മീഷണര്‍ ഗൗരവ് ഗുപ്ത പറഞ്ഞു. ഇരു സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന യാത്രക്കാരുടെ കൈവശം 72 മണിക്കൂറില്‍ കവിയാത്ത ആര്‍ടി-പിസിആര്‍ പരിശോധന സര്‍ട്ടിഫിക്കറ്റുണ്ടോയെന്ന് പ്രത്യേക ടീമുകള്‍ പരിശോധിക്കും.
സര്‍ട്ടിഫിക്കറ്റ് കൈവശമില്ലാതെ ബെംഗളൂരുവിലേക്ക് എത്തുന്നവരെ ഉടന്‍ കൊവിഡ് പരിശോധനയ്‌ക്ക് വിധേയരാക്കും. ആര്‍ടി-പിസിആര്‍ നെഗറ്റീവ് റിപ്പോര്‍ട്ടുകള്‍ പരിശോധിക്കുന്നതിനും, കൊവിഡ് പരിശോധന നടത്തുന്നതിനുമായി റെയില്‍വേ, ബസ് സ്റ്റേഷനുകള്‍ ഉള്‍പ്പെടെ ഒന്‍പത് സ്ഥലങ്ങളില്‍ പ്രത്യേക ടീമുകളെ വിന്യസിച്ചതായി ബിബിഎംപി കമ്മീഷണര്‍ സര്‍ക്കുലര്‍ പുറത്തിറക്കി. ഇരു സംസ്ഥാനങ്ങളില്‍ നിന്നുമുള്ള യാത്രക്കാരെ നിരീക്ഷിക്കുന്നതിനായി ബെംഗളൂരുവില്‍ പ്രത്യേക ഡ്രൈവ് നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ഗുപ്ത അറിയിച്ചു.
സോണല്‍ കമ്മീഷണര്‍മാര്‍ക്കും, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ക്കും, ബിബിഎംപി ഉദ്യോഗസ്ഥര്‍ക്കുമാണ് പ്രത്യേക ഡ്രൈവിന്റെ ചുമതല. ബെംഗളൂരുവിലേക്കുള്ള എല്ലാ എന്‍ട്രി പോയിന്റുകളിലും നിരീക്ഷണം ഉറപ്പാക്കാന്‍ ബിബിഎംപി ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. മജസ്റ്റിക് റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റേഷന്‍, മൈസൂരു റോഡ് സാറ്റലൈറ്റ് ബസ് ടെര്‍മിനല്‍, യശ്വന്ത്പുര റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റോപ്പ്, കെംഗേരി സാറ്റലൈറ്റ് ബസ് ടെര്‍മിനല്‍, ശിവാജിനഗര്‍ ബസ് ടെര്‍മിനല്‍, കന്റോണ്‍മെന്റ് റെയില്‍വേ സ്റ്റേഷന്‍, ശാന്തിനഗര്‍ ബസ് ടെര്‍മിനല്‍, കെ.ആര്‍. പുരം റെയില്‍വേ സ്റ്റേഷന്‍ എന്നിവടങ്ങളിലായാണ് ഇരു സംസ്ഥാനങ്ങളില്‍ നിന്നും കൂടുതല്‍ യാത്രക്കാര്‍ എത്തുന്നത്.
യാത്രക്കാരുടെ കൊവിഡ് പരിശോധന വിവരം കൃത്യമായി ഐസിഎംആര്‍ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യുന്നതിനായി എല്ലാ ലാബുകളോടും ബിബിഎംപി ആവശ്യപ്പെട്ടിട്ടുണ്ട്. ആര്‍ടി-പിസിആര്‍ പരിശോധന റിപ്പോര്‍ട്ടുകള്‍ ആളുകള്‍ക്ക് കൈമാറുന്നതിനു മുന്‍പായി പോര്‍ട്ടലില്‍ അപ്ഡേറ്റ് ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കമ്മീഷണര്‍ ഗുപ്ത വിശദീകരിച്ചു.
ഇതിനു പുറമേ നഗരപരിധിക്കുള്ളിലെ എല്ലാ കൊവിഡ് പോസിറ്റീവ് കേസുകളുടെയും നിര്‍ബന്ധിത ശാരീരിക പരിശോധന നടത്താന്‍ തീരുമാനിച്ചതായും ബിബിഎംപി അറിയിച്ചിട്ടുണ്ട്. ആരോഗ്യ വിദഗ്ധ സമിതിയുടെ നിര്‍ദേശമനുസരിച്ച് പോസിറ്റീവ് കേസുകളുടെ ശാരീരിക പരിശോധനയ്‌ക്ക് വിശദമായ ക്ലിനിക്കല്‍ വിലയിരുത്തല്‍ ഉണ്ടാകുമെന്നും ബിബിഎംപി ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: