കൊച്ചി : പിഎസ്സി റാങ്ക് ലിസ്റ്റ് ഉചിതമായ കാരണങ്ങള്‍ ഇല്ലാതെ നീട്ടാനാവില്ലെന്ന് പിഎസ്സി. എല്‍ജിഎസ് റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണമെന്ന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവിനെതിരെ പിഎസ്സി ഹൈക്കോടതിയില്‍ നല്കിയ അപ്പീലിലാണ് ഇക്കാര്യം അറിയിച്ചത്.
ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതിരിക്കുകയോ പരീക്ഷ നടക്കാതിരിക്കുകയോ ചെയ്താല്‍ മാത്രമാണ് ലിസ്റ്റിന്റെ കാലാവധി നീട്ടുന്ന കാര്യം പരിഗണിക്കേണ്ടത്. നിലവില്‍ 14 ജില്ലകളിലും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും പരീക്ഷ നടത്തുകയും ചെയ്തിട്ടുണ്ടെന്നും ലിസ്റ്റിലെ കാലാവധി വീണ്ടും നീട്ടിയാല്‍ അത് ഉദ്യോഗാര്‍ത്ഥികളുടെ അവസരം തടയുന്നതിനും കാരണമാകുമെന്നും പിഎസ്സിയുടെ ഹര്‍ജിയില്‍ പറയുന്നുണ്ട്.
റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാനുള്ള ഉത്തരവ് സ്റ്റേ ചെയ്യണമെന്നും പിഎസ്സി ഹൈക്കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഹര്‍ജി നാളെ പരിഗണിക്കും.
പിഎസ്സി റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് നിയമസഭയില്‍ അറിയിച്ചിരുന്നു. റാങ്ക് ലിസ്റ്റ് കാലാവധി ഒരു വര്‍ഷമാണെന്നും പുതിയ പട്ടിക വന്നില്ലെങ്കില്‍ മൂന്ന് വര്‍ഷമെന്നാണ് കണക്കെന്നും മുഖ്യമന്ത്രി പറഞ്ഞു. മറ്റന്നാള്‍ കാലാവധി അവസാനിക്കുന്ന ലിസ്റ്റുകളുടെ കാലാവധി മൂന്ന് വര്‍ഷം കഴിഞ്ഞതാണ്. അതിനാല്‍ നീട്ടാന്‍ ആകില്ലെന്നും മുഖ്യമന്ത്രി ഇന്ന് അറിയിച്ചിരുന്നു.
മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ വനിതാ സിപിഒ ഉദ്യോഗാര്‍ത്ഥികള്‍ മുടിമുറിച്ച് പ്രതിഷേധിച്ചു. സര്‍ക്കാര്‍ കാണിക്കുന്ന്ത് നീതി നിഷേധമാണ്. വനിതകളോട് വിവേചനം കാണിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: