ഗുവാഹത്തി: മണിപ്പൂര്‍ കോണ്‍ഗ്രസിലെ സംസ്ഥാന അധ്യക്ഷനായിരുന്ന ഗോവിന്ദാസ് കോന്തൗജം ബിജെപിയില്‍ ചേര്‍ന്നു. ദല്‍ഹിയിലെ ബിജെപി ആസ്ഥാനത്തായിരുന്നു ഗോവിന്ദാസ് കോന്തൗജത്തിന്റെ ബിജെപി പ്രവേശം.
നേരത്തെ കോണ്‍ഗ്രസ് അധ്യക്ഷ പദവി രാജിവെച്ചപ്പോള്‍ ഗോവിന്ദാസ് കോന്തൗജം ബിജെപിയിലേക്ക് പോകില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വാദിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന്റെ വാദമുഖങ്ങള്‍ തെറ്റാണെന്ന് തെളിയിച്ചതായിരുന്നു ഞായറാഴ്ച നടന്ന ചടങ്ങ്. മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍.ബീരേന്‍സിംഗ്, പാര്‍ട്ടി നേതാവ് സംബിത് പത്ര എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.
ബിഷ്ണുപൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയായിരുന്ന ഗോവിന്ദാസ് തുടര്‍ച്ചയായി ആറ് തവണ എംഎല്‍എ ആയിട്ടുണ്ട്. മണിപ്പൂര്‍ നിയമസഭയില്‍ കോണ്‍ഗ്രസിന്റെ ചീഫ് വിപ്പായിരുന്നു.
2022 തുടക്കത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനം കൂടിയാണ് മണിപ്പൂര്‍. അതിനിടെയാണ് ഗോവിന്ദാസ് കോന്തൗജത്തെപ്പോലെ ശക്തനായ നേതാവ് കോണ്‍ഗ്രസ് വിട്ടുപോകുന്നത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കോണ്‍ഗ്രസ് പരിഗണിച്ചിരുന്ന നേതാവ് കൂടിയാണ് ഗോവിന്ദാസ് കോന്തൗജം.
ഇദ്ദേഹത്തോടൊപ്പം എട്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂടി ബിജെപിയിലേക്ക് പോകുമെന്ന് പറയപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: