ന്യൂദല്‍ഹി: ടോക്കിയോ ഒളിംപിക്സില്‍ ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ പി വി സിന്ധു വെങ്കലം സ്വന്തമാക്കിയത് ചൈനയുടെ ഹി ബിംഗ് ജിയാവോയെ പരാജയപ്പെടുത്തി. തുടര്‍ച്ചയായ രണ്ടാം ഒളിംപിക്സിലും മെഡല്‍ പട്ടികയില്‍ ഇടംനേടി സിന്ധു അപൂര്‍വ നേട്ടവും സ്വന്തമാക്കി. ഒളിംപിക്സിന് മുന്‍പ് കായിക മമാങ്കത്തിന് യോഗ്യത നേടിയ ഇന്ത്യന്‍ താരങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഓണ്‍ലൈനില്‍ സംവദിച്ചിരുന്നു. സിന്ധുവിന്റെ ഭക്ഷണ ക്രമത്തെക്കുറിച്ച് ചോദിച്ച പ്രധാനമന്ത്രി മുന്നൊരുക്കത്തിന്റെ ഭാഗമായി ഏറെ ഇഷ്ടമുള്ള ഐസ്ക്രീം ഉപേക്ഷിച്ചിരുന്നുവോയെന്നും തിരക്കിയിരുന്നു.
മെഡലുമായി തിരിച്ചെത്തിയാല്‍ സിന്ധുവിനൊപ്പം ഐസ്ക്രീം കഴിക്കുമെന്നും മോദി തുടര്‍ന്ന് ഉറപ്പ് നല്കി. ടോക്കിയോയില്‍നിന്ന് തിരിച്ചെത്തുമ്പോള്‍ പി വി സിന്ധു പ്രധാനമന്ത്രിയുടെ വാഗ്ദാനം സ്വീകരിക്കുമെന്ന് മെഡല്‍ നേട്ടത്തിന് പിന്നാലെ പിതാവ് പി വി രമണ പ്രതികരിച്ചു.പ്രധാനമന്ത്രി സിന്ധുവിന് നല്കിയ പ്രോത്സാഹനത്തെക്കുറിച്ച് അച്ഛന് പറഞ്ഞതിങ്ങനെ:
‘താങ്കള്‍ പോകൂ. തിരിച്ചെത്തുമ്പോള്‍ നമുക്ക് ഒരുമിച്ച് ഐസ്ക്രീം കഴിക്കാം’ എന്ന് മോദി പറഞ്ഞിരുന്നുവെന്ന് അദ്ദേഹം പറയുന്നു. അതുകൊണ്ട് പി വി സിന്ധു തീര്‍ച്ചയായും പോയി പ്രധാനമന്ത്രിക്കൊപ്പം ഐസ്ക്രീം കഴിക്കുമെന്നും രമണ കൂട്ടിച്ചേര്‍ത്തു. പി വി സിന്ധു രാജ്യത്തിന്റെ അഭിമാനമെന്ന് വെങ്കല മെഡലിനായുള്ള പോരാട്ടത്തില്‍ വിജയിച്ചതിന് പിന്നാലെ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. മികച്ച നാല് ഒളിംപ്യന്‍മാരില്‍ ഒരാളാണ് സിന്ധുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: