ന്യൂദല്‍ഹി: 2025ഓടെ ഇലക്ട്രിക് വാഹന നിര്‍മ്മാണം 25 ശതമാനം വരെ വര്‍ധിപ്പിക്കാനൊരുങ്ങി ടാറ്റ മോട്ടോഴ്സ്. നിലവില്‍ ഇത് രണ്ടുശതമാനം മാത്രമാണ്. കമ്പനിയുടെ 76ാം വാര്‍ഷിക പൊതുയോഗത്തിലാണ് ടാറ്റ മോട്ടോഴ്സ് ചെയര്മാന് എന്‍. ചന്ദ്രശേഖരനാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിപണിയില്‍ ഇതുവരെ 4000 നെക്സന് ഇവി വാഹനങ്ങളാണ് വിറ്റഴിച്ചത്. വൈദ്യുതവാഹന നിര്‍മ്മാണത്തിന് ആവശ്യമായ സമയത്ത് പ്രത്യേക മൂലധനസമാഹരണം നടത്തുമെന്നും ഓഹരിയുടമകളെ അറിയിച്ചു.
വരുന്ന അഞ്ചു വര്‍ഷത്തില്‍ യാത്രാവാഹന വിഭാഗത്തില്‍ പത്ത് വൈദ്യുതവാഹന മോഡലുകള്‍ അവതരിപ്പിക്കുമെന്നും ടാറ്റ വ്യക്തമാക്കി. കൂടുതല്‍ പേര്‍ക്ക് പ്രാപ്യമായ വിലയില്‍ വൈദ്യുതവാഹനം ലഭ്യമാക്കാനുള്ള പദ്ധതികളും കമ്പനി തയ്യാറാക്കിവരുകയാണ്. വാഹനങ്ങളുടെ സുഖകരമായ ഉപയോഗത്തിന് ടാറ്റ പവറുമായി ചേര്‍ന്ന് 25 നഗരങ്ങളിലായി 10,000 ചാര്‍ജിങ് സ്റ്റേഷനുകള്‍ ഒരുക്കാനും കമ്പനി തീരുമാനിച്ചു. ഇതിനു പുറമെ ബാറ്ററിനിര്‍മാണശാലയും പരിഗണനയിലുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ വാഹനങ്ങള്‍ നിര്‍മ്മിക്കാനും കമ്പനി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: