ഐസ്വാള്‍: അസം-മിസോറം അതിര്‍ത്തിയില്‍ ഇരു സംസ്ഥാനങ്ങളിലെയും പൊലീസ് സേനകള്‍ തമ്മില്‍ നടത്തിയ വെടിവയ്പുമായി ബന്ധപ്പെട്ട് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയ്ക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ മിസോറം സര്‍ക്കാര്‍ പുനഃപരിശോധിക്കും. മിസോറം ചീഫ് സെക്രട്ടറി ലാല്‍നുന്‍മാവിയ ചുവാവുന്ഗോ ആണ് ഇക്കാര്യം അറിയിച്ചത്. ഹിമന്ത ബിശ്വ ശര്‍മയ്ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതിനെപ്പറ്റി തനിക്കും മിസോറം മുഖ്യമന്ത്രി സോറം താംഗയ്ക്കും അറിവുണ്ടായിരുന്നില്ല. മുഖ്യമന്ത്രി പുനഃപരിശോധിക്കാന്‍ ആവശ്യപ്പെട്ടുവെന്ന് ലാല്‍നുന്‍മാവിയ ചുവാവുന്ഗോ വ്യക്തമാക്കി.
എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത പൊലീസ് ഉദ്യോഗസ്ഥരുമായി താന്‍ ചര്‍ച്ച നടത്തും. നടപടി നിയമപരമല്ലെങ്കില്‍ അസം മുഖ്യമന്ത്രിയുടെ പേര് എഫ്ഐആറില്‍നിന്ന് നീക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.തനിക്കെതിരെ മിസോറം പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഹിമന്ത ബിശ്വ ശര്‍മ പ്രതികരണം നടത്തിയിരുന്നു. ഏത് അന്വേഷണത്തോടും സഹരിക്കാനുള്ള സന്നദ്ധത അദ്ദേഹം പ്രകടിപ്പിച്ചിട്ടുണ്ട്. വൈരംഗ്ടെ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടറുടെ പരാതിയില്‍ ശര്‍മയെ കൂടാതെ തിരിച്ചറിഞ്ഞിട്ടില്ലാത്ത 200 അസം പൊലീസ് ഉദ്യോഗസ്ഥരും പ്രതികളാണ്.
ജൂലൈ 26ന് അസം-മിസോറം അതിര്‍ത്തിയില്‍ നടന്ന ഏറ്റുമുട്ടലുമായി ബന്ധപ്പെട്ടാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രത്യേകിച്ച് സംസ്ഥാനങ്ങള്‍ക്കിടയില്‍ നടന്ന സംഭവമായതിനാല്‍ നിക്ഷ്പക്ഷ ഏജന്‍സിക്ക് കേസ് കൈമാറുന്നതിനെ അനുകൂലിക്കുന്നുവെന്ന് ശനിയാഴ്ച അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. ഇക്കാര്യം മിസോറം മുഖ്യമന്ത്രി സോറം തംഗയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
‘ഏത് അന്വേഷണത്തിലും ഭാഗമാകുന്നതില്‍ വളരെ സന്തോഷം. പ്രത്യേകിച്ച് അസമിന്റെ നിയമപരിധിക്കുള്ളില്‍ നടന്ന സംഭമായതിനാല് നിക്ഷ്പക്ഷ ഏജന്‍സിക്ക് എന്തുകൊണ്ട് കേസ് കൈമാറുന്നില്ല?. ഇക്കാര്യം മുഖ്യമന്ത്രി സോറം തംഗയെയും അറിയിച്ചിട്ടുണ്ട് ശര്‍മ ട്വീറ്റ് ചെയ്തു. ആയുധനിയമവും കോവിഡ് നിയന്ത്രണ ചട്ടങ്ങളും അനുസരിച്ചുള്ള എഫ്ഐആറില്‍ ക്രിമിനല്‍ ഗൂഢാലോചന, അറിഞ്ഞുകൊണ്ട് പരിക്കേല്‍പ്പിക്കുക, കൊലപാതകശ്രമം, ജോലി ചെയ്യുന്നതില്‍നിന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ തടയുകയും ആക്രമിക്കുകയും ചെയ്യുക തുടങ്ങിയവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 26-ാം തീയതിയാണ് പ്രഥമവിവര റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്തതെങ്കിലും വെള്ളിയാഴ്ച വൈകിട്ട് മാത്രമാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടതെന്നത് ശ്രദ്ധേയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: