ടോക്കിയോ: ട്രാക്കിലെ ജമൈക്കന്‍ ആധിപത്യത്തിന് ടോക്കിയോയിലും മങ്ങലില്ല. എലെയ്ന് തോംസണ്‍ നൂറ് മീറ്ററില്‍ വേഗറാണിയായി. റിയോയില്‍ നേടിയ സ്വര്‍ണം ടോക്കിയോയില്‍ നിലനിര്‍ത്തിയത് റെക്കോഡോടെ. നൂറ് മീറ്ററില്‍ മൂന്നാം സ്വര്‍ണം തേടിയെത്തിയ ഷെല്ലി ആന്‍ ഫ്രെയ്സറെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി. സ്വര്‍ണത്തിന് പുറമെ വെള്ളിയും വെങ്കലവും ജമൈക്കന്‍ പെണ്‍പട സ്വന്തമാക്കി.
ഷെല്ലി ആന്‍ ഫ്രെയ്സറെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി എലെയ്ന് തോംസണ്‍ ഓടിക്കയറിയത് ചരിത്രത്തിലേക്കാണ്. 33 വര്‍ഷം മുമ്പ് സോള്‍ ഒളിമ്പിക്സില്‍ ഫ്ലോറന്‍സ് ഗ്രിഫിത്ത് ജോയ്നര്‍ കുറിച്ച റെക്കോഡാണ്്് എലെയ്ന് പഴങ്കഥയാക്കിയത്. 10.62 സെക്കന്‍ഡിലാണ് ഫ്ലോറന്‍സ് നൂറ് മീറ്റര്‍ കടന്നതെങ്കില്‍ എലെയ്ന് തോംസണിന് വേണ്ടിവന്നത് 10.61 സെക്കന്‍ഡ്. സെക്കന്‍ഡിന്റെ ഒര് ദശാംശം എലെയ്നിനെ ഏഞ്ചലാക്കി. വെള്ളി നേടിയ ഷെല്ലി ആന്‍ ഫ്രെയ്സര്‍ 10.74 സെക്കന്‍ഡിലും വെങ്കലം നേടിയ ഷെരിക്ക ജാക്സണ് 10.76 സെക്കന്‍ഡിലും ഫിനിഷ് ചെയ്തു. .
മൂന്നാം സ്വര്‍ണമായിരുന്നു ഷെല്ലി ആന്‍ ഫ്രെയ്സറുടെ ലക്ഷ്യം. 2008 ബീജിങ് ഒളിമ്പിക്സിലും 2012 ലണ്ടന്‍ ഒളിമ്പിക്സിലും ഷെല്ലി സ്വര്‍ണത്തോടെ നാട്ടിലേക്ക് മടങ്ങി. എന്നാല്‍ റിയോയില്‍ കഥ മാറി. സ്വന്തം നാട്ടുകാരി കൂടിയായ എലെയ്ന് തോംസണ്‍ അട്ടിമറിച്ചു. ഹാട്രിക് സ്വര്‍ണമെന്ന സ്വപ്നം പൊലിഞ്ഞെങ്കിലും കാത്തിരുന്നത് ടോക്കിയോയിലേക്കാണ്. എലെയ്ന് തോംസണ്‍ വെല്ലുവിളിയുയര്‍ത്തുമെന്ന് പ്രവചിച്ചിരുന്നെങ്കിലും സ്വര്‍ണത്തിന് സാധ്യതകളുണ്ടായിരുന്നു. എന്നാല്‍ റിയോയിലേത് വെറും അട്ടിമറിയല്ലെന്ന് എലെയ്ന് തോംസണ്‍ തെളിയിച്ചു. ടോക്കിയോയില്‍ റെക്കോഡോടെയുള്ള സ്വര്‍ണം, കൂടുതല്‍ കരുത്താര്‍ജിച്ചെന്ന് കാണിക്കുന്നതായി. നൂറ് മീറ്ററില്‍ അടിമുടി തൂത്തുവാരുന്നതായി ജമൈക്കയുടെ പ്രകടനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: