കൊട്ടാരക്കര ചന്തമുക്കില്‍ നിന്നും മണ്ണടി റോഡില്‍ നാലു കിലോമീറ്റര്‍ പോയാല്‍ പെരുംകുളം ഗ്രാമമായി.ഏഴു പതിറ്റാണ്ടുകള്‍ പിന്നിട്ട ബാപ്പുജി സ്മാരക വായനശാല ഉള്‍പ്പെടുന്ന ഈ ഗ്രാമം പുസ്തകങ്ങളുടെ അത്ഭുതലോകമാണ്.ഇന്ത്യയിലെ രണ്ടാമത്തേതും കേരളത്തിലെ ആദ്യത്തേതുമായ പുസ്തഗ്രാമമാണിത്.ധീരദേശാഭിമാനി വേലുത്തമ്പിദളവ മണ്ണടിക്ക് പലായനം ചെയ്തത് ഈ ദേശം വഴിയാണ്. അഞ്ച് വര്‍ഷം മുന്‍പ് ഇവിടെയുണ്ടായിരുന്നത് ഒരു എല്‍.പിസ്കൂളും പോസ്റ്റോഫീസും രണ്ടുമൂന്ന് ആരാധനാലയങ്ങളുംമാത്രമാണ്.
പുസ്തകക്കൂടുകള്‍
ലോകത്തിലെ ഏറ്റവും വലിയ പുസ്തകം പങ്കിടല്‍ പ്രസ്ഥാനമായ ലിറ്റില്‍ ഫ്രീ ലൈബ്രറിയുടെ ആശയം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന പൊതു സ്ഥലത്തെ പുസ്തകൂടുകള് പെരുംകുളം ഗ്രാമത്തിന്റെ വായനാ സംസ്കാരത്തെ മറ്റൊരു തലത്തിലെത്തിച്ചു. അങ്ങനെ കേരളത്തില്‍ ആദ്യത്തെപുസ്തകക്കൂട് 2017 ജനുവരി 1 ന് പെരുംകുളം റേഡിയോ ജംഗ്ഷനില്‍ സ്ഥാപിച്ചു.ഒരു വര്‍ഷത്തിനിടയില്‍ ഏകദേശം മൂവായിരത്തോളം പേരാണ് ഈ സൗകര്യം ഉപയോഗിച്ചത്. അതിനുലഭിച്ച സ്വീകാര്യത ഉള്‍ക്കൊണ്ട് മൂന്നു പഞ്ചായത്തുകളിലെ അഞ്ചു വാര്‍ഡുകളിലായി വ്യാപിച്ചുകിടക്കുന്ന വായനശാലാ പരിധിയിലെ പ്രധാനപ്പെട്ട പത്തിടങ്ങളില്‍ കൂടി പുസ്തകക്കൂടുകള്‍ സ്ഥാപിക്കുന്നതിന് വായനശാലയ്ക്കുകഴിഞ്ഞു. 50 മുതല്‍ 100 വരെ പുസ്തകങ്ങള്‍ വയ്ക്കാവുന്ന ചെറുതും വലുതുമായ പുസ്തകക്കൂടുകളാണ് പ്ലാമൂട്, റേഷന്‍ കടമുക്ക്, സൊറവരമ്പ്, പെരുംകുളം ക്ഷേത്രം ജംഗ്ഷന്, വിളി കേള്‍ക്കും പാറ, ഗവ എല്‍.പി.എസ് ജംഗ്ഷന്, കൊടിതൂക്കും മുകള്‍, കളീലുവിള ജംഗ്ഷന്, എന്‍എസ്എസ് കരയോഗം ജംഗ്ഷന്, കളീപ്പടിക്കല്‍, ചൂളറ സ്ഥാപിച്ചിട്ടുള്ളത്. വിവിധ ആവശ്യങ്ങള്‍ക്കായി ഇവിടെ എത്തുന്നവര്‍ക്കോ വഴിയാത്രക്കാര്‍ക്കോ നാട്ടുകാര്‍ക്കോ ആര്‍ക്കു വേണമെങ്കിലും പുസ്തകക്കൂടില്‍ നിന്നും പുസ്തകങ്ങള്‍ എടുത്തു കൊണ്ടു പോകാം.പകരം ഒരു പുസ്തകം അവിടെ വച്ചാല്‍ നന്ന്. ഇങ്ങനെ പുസ്തക കൂടില്‍ നിന്നു തന്നെ വായനയ്ക്കായി ധാരാളം പുസ്തകങ്ങള്‍ ലഭിക്കുന്നുണ്ട്. വിവിധ സ്ഥലങ്ങളില്‍ ഇനിയും കൂടുതല്‍ പുസ്തകക്കൂടുകള്‍ സ്ഥാപിക്കുന്നതിനും പദ്ധതിയിട്ടിട്ടുണ്ട്. ഇതുമാതൃകയാക്കി സംസ്ഥാന ഹയര്‍സെക്കന്ററി വിദ്യാഭ്യാസവകുപ്പ് കേരളത്തിലെ അയ്യായിരത്തോളം വിദ്യാലയങ്ങളില്‍ പുസ്തകക്കൂടുകള്‍ സ്ഥാപിക്കുകയുമുണ്ടായി.
വായനശാലയില്‍ പതിനായിരത്തോളം പുസ്തകങ്ങളുണ്ട്. സാഹിത്യ ചര്‍ച്ചകള്‍, പുസ്തകക്കുറിപ്പുകള്‍, കവിയരങ്ങുകള്‍, വാട്ട്സ് ആപ്പ് ഗ്രൂപ്പുകള്‍, ഓണ്‍ ലൈന്‍ കേട്ടെഴുത്തു മത്സരങ്ങള്‍, മാസംതോറുംവായനചലഞ്ചുകള് എന്നിവ വായനശാലയുടെ ആഭിമുഖ്യത്തില്നടത്തുന്നുണ്ട്. ഇ.വായനയ്ക്ക് ടാബുകള്‍, അയ്യായിരത്തോളം ഡിജിറ്റല്‍ മാഗസിനുകള്‍, എവിടെ നിന്നും ബാപ്പുജി സ്മാരക വായന ശാലയില്‍ ഡിജിറ്റല്‍ അംഗത്വം എന്നിവയ്ക്കും അവസരമൊരുക്കിയിട്ടുണ്ട്. മൂന്ന് നിലകളുള്ള സ്വന്തം കെട്ടിടത്തിലാണ് ഇപ്പോള്‍ വായനശാല പ്രവര്‍ത്തിക്കുന്നത്. താഴത്തെ നിലയില്‍ ഓഫീസ് റൂമും ലൈബ്രറിയും ഒന്നാമത്തെ നിലയില്‍ ശീതീകരിച്ച മിനി തീയേറ്ററും രണ്ടാം നിലയില്‍ കോണ്‍ഫറന്‍സ് ഹാളുമാണ് സജ്ജമാക്കിയിട്ടുള്ളത്. അത്യന്താധുനിക സൗകര്യങ്ങളുള്ള എസി ഹാളില്‍ തിരുവനന്തപുരം സിവില്‍ 360 അക്കാഡമിയാണ് സിവില്‍ സര്‍വീസ് കോച്ചിംഗിനു നേതൃത്വം കൊടുക്കുന്നത്. ഇന്റര്‍ആക്ടീവ് ബോര്‍ഡുകളുടേയും വിഷ്വല്‍ മീഡിയയുടേയും സഹായത്തോടെ നടത്തുന്ന കോച്ചിംഗ് ക്ലാസ്സുകള്‍ പെരുംകുളത്തും സമീപ പ്രദേശങ്ങളിലുമുള്ള അന്‍പതോളം വിദ്യാര്‍ത്ഥികള്‍ക്ക് ചുരുങ്ങിയ ചെലവില്‍ മെച്ചപ്പെട്ട പഠനത്തിന് വഴിയൊരുക്കുന്നു. പിഎസ്സി കോച്ചിങ്ങിനും വായനശാലയില്‍ അവസരമൊരുക്കിയിട്ടുണ്ട്.
എം.മുകുന്ദന് ഫാന്‍സ് അസോസിയേഷന്
മയ്യഴിയുടെ കഥാകാരന് എം. മുകുന്ദനാണ് വായനശാലയുടെ രക്ഷാധികാരി. കേരളത്തിലാദ്യമായി ഒരു സാഹിത്യകാരന്റെ പേരില്‍ ഫാന്‍സ് അസോസിയേഷന് രൂപീകരിച്ചത് ഇവിടെയാണ്.
എം.മുകുന്ദന് ആരാധകക്കൂട്ടത്തിന്റെ നേതൃത്വത്തില്‍ നാട്ടിലെ 21 സാഹിത്യതല്പ്പരരെ ഉള്‍പ്പെടുത്തി ആഗസ്റ്റ് മാസത്തില്‍ പൂര്‍ത്തിയാകുന്ന തരത്തില്‍ ‘മഹാത്മാ ഗ്രന്ഥശാല, കക്കാക്കുന്ന് പി.ഒ.’ എന്ന പേരില്‍ ഒരു നോവല്രചനയുടെപണിപ്പുരയിലാണ് വായനശാല. 2019 ലെ വായനാദിനത്തില്‍ കൊട്ടാരക്കരയിലെ തെരഞ്ഞെടുത്ത ഓട്ടോറിക്ഷകളില്‍ യാത്രക്കാര്‍ക്ക് പുസ്തകം വായിക്കുന്നതിനുള്ള സൗകര്യം വായനശാല ഒരുക്കിയിരുന്നു. ദിവസവും അഞ്ച് പേജ് എങ്കിലും വായിക്കാന്‍ ശീലിക്കൂ എന്ന അഭ്യര്‍ത്ഥനയുമായി 2020ലെ വായന ദിനത്തില്‍ വായനശാല പ്രവര്‍ത്തകര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെത്തി. എം.മുകുന്ദന്റെ ‘രാധ രാധ മാത്രം’ എന്ന കഥ യുടെ 1000 കോപ്പി യാത്രക്കാര്‍ക്ക് സൗജന്യമായി വിതരണം ചെയ്തു. ഈ കഥയില്‍നിന്നുള്ള ചോദ്യങ്ങള്‍ക്ക് എസ്എംഎസ് വഴി ശരിയുത്തരം അയയ്ക്കുന്നവര്‍ക്ക് എഴുത്തുകാരന്റെ കൈയൊപ്പോടുകൂടി പുസ്തകവും സമ്മാനമായി നല്കി. ഇങ്ങനെയുള്ള വേറിട്ട പ്രവര്‍ത്തനങ്ങള്‍ വായനയുടെ ലോകത്തേയ്ക്ക് ഒട്ടേറെപ്പേരെ ആകര്‍ഷിക്കാന്‍ സഹായിച്ചു.
സാമൂഹിക മാധ്യമങ്ങളിലൂടെ വായനശാലയുടെപ്രവര്ത്തനം കണ്ടറിഞ്ഞ് ആസ്ട്രേലിയന്‍ എഴുത്തുകാരിയുംസാമൂഹികപ്രവര്ത്തകയുമായ ജാക്കി മന്‍സൂരിയന്‍ വായനശാല സന്ദര്ശിക്കുകയുംഗ്രാമത്തിലെ പ്രാഥമിക വിദ്യാലയത്തിലെ കുട്ടികളുമായി സംവദിക്കുകയും കുട്ടികള്‍ക്ക് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷില്‍ പരിജ്ഞാനം നേടുന്നതിന് സൗകര്യമൊരുക്കുകയും ചെയ്തു. കേരളത്തിലാദ്യമായി ഒരു വായനശാലയ്ക്ക് ശാഖ ഉണ്ടാകുന്നത് ഇവിടെയാണ്. പുത്തൂര്‍ തേവലപ്പുറത്ത് 2020 ജനുവരിയിലാണ് ശാഖ പ്രവര്‍ത്തനമാരംഭിച്ചത്. വായനശാലയുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ കണ്ട് ആകൃഷ്ടയായ ഒരു വ്യക്തി സൗജന്യമായി നല്കിയ കെട്ടിടത്തിലാണ് തേവലപ്പുറം ബാപ്പുജി സ്മാരക വായനശാല പ്രവര്‍ത്തിക്കുന്നത്.
നോട്ട് ബുക്ക് ചലഞ്ച്
2018ലെ മഹാപ്രളയകാലത്ത് ആലപ്പുഴയിലെ പ്രളയപ്രദേശത്തു താമസിച്ചിരുന്ന സ്കൂള്‍ കുട്ടികള്ക്ക്നഷ്ടപ്പെട്ട നോട്ടുബുക്കുകള്‍ക്ക് പകരമായി ഗ്രന്ഥശാലയുടെ നേതൃത്വത്തില്‍ രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ താമസിച്ചിരുന്ന മലയാളികളെക്കൊണ്ട്, നാളിതുവരെ നഷ്ടപ്പെട്ട എല്ലാവിഷയങ്ങളുടേയും നോട്ടുബുക്ക് എഴുതിച്ച് ആലപ്പുഴ ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ അനുവാദത്തോടെ ജില്ലയിലെ വിവിധ സ്കൂളുകള്‍ക്ക് കൈമാറിയ പ്രവര്‍ത്തി ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
മികവിന്റെ അടിസ്ഥാനത്തിലാവണം പുരസ്കാരങ്ങള്‍ ലഭിക്കേണ്ടതെന്ന് വായനശാല ആഗ്രഹിക്കുന്നു. ആയതിനാല്‍ പുരസ്കാരങ്ങള്‍ക്ക് വേണ്ടി നോമിനേഷന് നല്‍കുന്നതിന് വായനശാല എതിരാണ്. നാളിതുവരെ വായനശാല യാതൊരു പുരസ്കാരങ്ങള്‍ക്കും അപേക്ഷിച്ചിട്ടില്ല. ഈ ആശയത്തിലൂന്നി എല്ലാവര്‍ഷവും അദ്ധ്യാപകദിനത്തില്‍ കൊല്ലം ജില്ലയിലെ മികച്ച അദ്ധ്യാപകന് വായനശാല 2017 മുതല്‍ ഗുരുനന്മ പുരസ്കാരം നല്കി ആദരിക്കുന്നു. ഗുരുനാഥനെക്കുറിച്ചുള്ള കുട്ടികളുടെ വിലയിരുത്തലിലൂടെയാണ് പുരസ്കാരാര്‍ഹനെ കണ്ടെത്തുന്നത്.
നാട്ടിലെ മണ്മറഞ്ഞ മഹദ് വ്യക്തികളുടെ ഓര്‍മ്മയ്ക്കായി പ്രധാനപാതയോരത്ത് ഫലവൃക്ഷങ്ങള്നട്ടുപിടിപ്പിക്കുന്നതാണ് അമരംപദ്ധതി. ഈപദ്ധതിയിലൂടെ വൃക്ഷങ്ങളായി പുനര്‍ജനിച്ച മഹത് വ്യക്തികളുടെ ജീവിതം പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കുന്നതിനും പദ്ധതിയിടുന്നു. വായനശാലയ്ക്ക് സമീപമുള്ള പ്രധാന പാതയോരങ്ങളില്‍ പയര്‍, മറ്റ് പച്ചക്കറികള്‍ എന്നിവ നട്ടുപിടിപ്പിക്കാനും ഗ്രാമവാസികള്‍ക്ക് സൗജന്യമായി അതിന്റെ വിളവെടുപ്പ്നടത്തുന്നതിനുമുള്ള ഒരു പദ്ധതിയും നടപ്പിലാക്കി വരുന്നു.
ജൈവകൃഷിക്ക് പീടികപ്പച്ച
ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി കര്‍ഷകക്കൂട്ടായ്മയുടെ നേതൃത്വത്തില്‍ കൃഷിഭൂമി പാട്ടത്തിനെടുത്ത് നടത്തിവരുന്ന കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍, അവയുടെ വിപണനത്തിനായുള്ള ആഴ്ചച്ചന്ത പീടികപ്പച്ച എല്ലാ ഞായറാഴ്ചയും രാവിലെ നടത്തുന്നുണ്ട്. കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായമായ വില ലഭിക്കുന്നതിനും ഇടനിലക്കാരില്ലാതെ അവ പൊതുജനങ്ങള്‍ക്ക് കര്‍ഷകര്‍ വില്‍ക്കുന്ന അതേ വിലയ്ക്ക് വാങ്ങുന്നതിനും ഇവിടെ അവസരമുണ്ട്. വില്‍ക്കുന്ന സാധനങ്ങള്‍ക്ക് അപ്പോള്‍ത്തന്നെ വായനശാലയുടെ ഫണ്ടില്‍ നിന്നും പണം ലഭിക്കുന്നതിനും ഇവിടെ സൗകര്യമൊരുക്കിയിട്ടുണ്ട്.
നിര്‍ധനരും നിരാലംബരുമായ രോഗികള്‍ക്ക് ആശ്വാസമായി മാസംതോറും നല്‍കിവരുന്ന ഇളനീര് പെന്ഷന് പദ്ധതി, കാന്‍സര്‍ രോഗികള്‍ക്കുള്ള ധനസഹായ പദ്ധതിയായ കരുതല്‍, ഗ്രന്ഥശാലയുടെ പുസ്തക പ്രസിദ്ധീകരണവിഭാഗമായ കാഴ്ച ബുക്സ്, നാട്ടുവാര്‍ത്തകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള മാസപ്പത്രം പെരുംകുളം കാഴ്ച, കഥകളുടെ ശബ്ദ രൂപമായ ചൊല്‍ക്കഥ എന്നിവ ബാപ്പുജി വായനശാലയുടെ പ്രവര്‍ത്തനമികവിനെ ചൂണ്ടിക്കാട്ടുന്ന പദ്ധതികളാണ്.
നാട്ടിലെ കുട്ടികള്‍ക്ക് കളിയിടത്തിനായി 60 സെന്റ് സ്ഥലം വാങ്ങി നല്കിയതും വായനശാലയുടെനേതൃത്വത്തിലാണ്. ഗവ.വെല്‍ഫയര്‍ സ്കൂളിനു പുതിയ കെട്ടിടം നിര്‍മ്മിക്കുവാന്‍ സ്ഥലം, പോസ്റ്റ്ഓഫീസ് പുനരുദ്ധാരണം എന്നീ പ്രവര്‍ത്തനങ്ങളും വായനശാല ഏറ്റെടുത്തു നടപ്പിലാക്കുന്നു. ഇത്തരത്തില്‍ 80 ശതമാനത്തിലധികം കര്‍ഷകര്‍ അധിവസിക്കുന്ന പെരുംകുളം ഗ്രാമത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ മുക്കാല്‍ കോടിയിലധികം രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ബഹുജനപങ്കാളിത്തത്തോടെ നടപ്പിലാക്കുവാന്‍ വായനശാലാപ്രവര്ത്തകര്ക്കു കഴിഞ്ഞു. വായനയെ പ്രോത്സാഹിപ്പിക്കുന്നതിനായി വായനശാല നടപ്പിലാക്കിയ പ്രവര്‍ത്തനമികവുകള്‍ കണ്ടറിഞ്ഞ് മലയാളത്തിന്റെ പ്രിയ കഥാകാരനും ജ്ഞാനപീഠപുരസ്കാരജേതാവുമായ എം.ടി. വാസുദേവന്‍ നായര്‍ 2020 ലെ വായനാദിനത്തില്‍ പെരുംകുളത്തെ പുസ്തകഗ്രാമമായി പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് ഗ്രന്ഥശാലാ സംഘം നല്കിയ റിപ്പോര്‍ട്ട് പരിശോധിച്ച സംസ്ഥാന സര്‍ക്കാര്‍ കേരളത്തിലെ ആദ്യപുസ്തകഗ്രാമമായി പെരുംകുളത്തെ പ്രഖ്യാപിച്ചുകൊണ്ട് ഉത്തരവിറക്കി. വായനാദിനമായ ജൂണ്‍ 19 ന് കേരളാമുഖ്യമന്ത്രി അതിന്റെ ഔദ്യോഗിക പ്രഖ്യാപനവും നടത്തി.
വായനശാലാ പ്രവര്‍ത്തനങ്ങളില്‍ വേറിട്ട വഴികള്‍ തെരഞ്ഞെടുത്തു കൊണ്ട് ലോക ശ്രദ്ധയാകര്‍ഷിക്കുവാനുള്ള ശ്രമങ്ങളാണ് വായനയെ നെഞ്ചോടു ചേര്‍ത്തുവച്ച് ഇച്ഛാശക്തിയുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നേറുന്ന പെരുംകുളം ബാപ്പുജി സ്മാരക വായനശാലയുടെ പ്രര്‍ത്തകര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: