ബംഗളൂരു: ഹിന്ദുമത, കാരുണ്യ എന്‍ഡോവ്മെന്റ് വകുപ്പിന്റെ ഫണ്ട് ഹിന്ദു ഇതര പ്രവര്‍ത്തനങ്ങള്‍ക്കോ മറ്റ് ഏതെങ്കിലും മതസ്ഥാനങ്ങള്‍ക്കോ വേണ്ടി ചെലവഴിക്കുന്നത് വിലക്കി കര്‍ണാടക സര്‍ക്കാര്‍. കര്‍ണാടക ഹിന്ദുമത സ്ഥാപന, കാരുണ്യ എന്‍ഡോവ്മെന്റ് വകുപ്പ്(മുസ്രെ) ഇതു സംബന്ധിച്ച് ഉത്തരവ് ജൂലൈ 23 തീയതി രേഖപ്പെടുത്തി പുറത്തിറക്കി. വകുപ്പ് നിയന്ത്രിക്കുന്ന ഹിന്ദു ക്ഷേത്രങ്ങളില്‍നിന്നുള്ള പണം മറ്റ് ഏതെങ്കിലും ഹിന്ദു ഇതര കാരണങ്ങള്‍ക്ക് വകമാറ്റുന്നത് തടഞ്ഞാണ് ഉത്തരവ്. ഹിന്ദു ക്ഷേത്രങ്ങളില്‍നിന്നുള്ള പണം മറ്റ് മതസ്ഥാപനങ്ങള്‍ക്കായി വകമാറ്റി ചെലവഴിക്കുന്നതിനെ സംസ്ഥാന, ജില്ലാ ധാര്‍മിക പരിഷത്തുകളില്‍നിന്നുള്ള അംഗങ്ങള്‍ എതിര്‍ത്തതിനെ തുടര്‍ന്നാണ് നിര്‍ണായക തീരുമാനം.
ഈ ആവശ്യം പരിഗണിച്ചുള്ള പുതിയ ഉത്തരവ് അനുസരിച്ച് ‘താസ്തിക്’ തുകയില്‍നിന്നും വാര്‍ഷിക ഗ്രാന്റില്നിന്നുമുള്ള പണം മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയില്ല. ഹിന്ദു ഇതര മതസ്ഥാപനങ്ങള്‍ക്കുള്ള ധന സഹായത്തിനായി കര്‍ണാടക ഹിന്ദുമത സ്ഥാപന, കാരുണ്യ എന്‍ഡോവ്മെന്റ് വകുപ്പിന്റെ പണം ഉപയോഗിക്കില്ലെന്ന് മന്ത്രി കോട്ട ശ്രീനിവാസ് പൂജാരി ഉറപ്പ് നല്‍കിയിരുന്നു. ‘താസ്തിക്’ തുക പുരോഹിതര്‍ക്കും മറ്റ് മതസ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും നല്‍കുന്നതിനെ വിവിധ ഹിന്ദു സംഘടനകളും നേതാക്കളും എതിര്‍ത്തിരുന്നു.
തുടര്‍ന്ന് വകുപ്പിന്റെ ഇത്തരം എല്ലാ നടപടികളും അടിയന്തരമായി നിര്‍ത്തിവയ്ക്കാന്‍ കോട്ട ശ്രീനിവാസ് നിര്‍ദേശം നല്‍കിയിരുന്നു. തങ്ങളുടെ സര്‍ക്കാര്‍ അധികാരത്തിലെത്തുംവരെ ക്ഷേത്രങ്ങള്‍ക്കുള്ള ‘താസ്തിക്’ തുക മറ്റ് സ്ഥപാനങ്ങള്‍ക്കും നല്‍കിയിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ജൂലൈ 26ന് പുറത്തിങ്ങിയ ഉത്തരവില്‍ താസ്തികും വാര്‍ഷിക ഗ്രാന്റും 757 മതകേന്ദ്രങ്ങള്‍ക്കും പ്രാര്‍ഥനാ കേന്ദ്രങ്ങള്‍ക്കും വകമാറ്റുന്നത് വിലക്കുന്നു. ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്കുള്ള അത്തരം ഗ്രാന്റുകള്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പിലൂടെയും ഹജ്ജ് ആന്റ് വഖഫിലൂടെയും നല്‍കുമെന്ന് ഉത്തരവില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: