ന്യൂദല്‍ഹി: അതിര്‍ത്തി രക്ഷാസേന (ബിഎസ്എഫ്) രണ്ട് പാക് നുഴഞ്ഞുകയറ്റക്കാരെ പഞ്ചാബിലെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ വെടിവെച്ച് കൊന്നു. ഇന്ത്യയുടെ അതിര്‍ത്തിയിലേക്ക് അന്താരാഷ്ട്ര അതിര്‍ത്തിപ്രദേശമായ പഞ്ചാബിലെ ഫിറോസ്പൂര്‍ സെക്ടറിലേക്ക് രണ്ട് പേര് നുഴഞ്ഞുകയറുന്നത് കണ്ടാണ് ആക്രമിച്ചത്.
ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കടക്കരുതെന്ന് താക്കീത് ചെയ്തെങ്കിലും അതവഗണിച്ച് കടന്ന രണ്ടുപേരെയും വെടിവെച്ച് കൊല്ലുകയായിരുന്നു. ഇവരെ തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണ്. നുഴഞ്ഞുകയറ്റക്കാര്‍ പഞ്ചാബ് അതിര്‍ത്തിയിലൂടെ കടന്ന് ഇന്ത്യയില്‍ ആയുധമോ മയക്കമരുന്നോ എത്തിക്കാന്‍ ശ്രമിച്ചതായിരിക്കാമെന്നാണ് വിലയിരുത്തല്‍.
ഇന്ത്യന്‍ യുവാക്കളെ മയക്കമരുന്നിനടിമയാക്കാന് ലക്ഷ്യം
പാകിസ്ഥാനില്‍ നിന്നും ഇന്ത്യയിലേക്കുള്ള മയക്കമരുന്ന് കടത്ത് തടയാനാണ് ഇന്ത്യയുടെ സുരക്ഷാസേന ശ്രമിക്കുന്നതെന്ന് കശ്മീര്‍ പൊലീസ് ഐജി വിജയകുമാര്‍ ഈയിടെ വെളിപ്പെടുത്തിയിരുന്നു. ദല്‍ഹിയിലും പഞ്ചാബിലും ഈ മയക്കമരുന്ന് വ്യാപകമായി വിറ്റഴിക്കപ്പെടുന്നു. ഇതില്‍ നിന്നും ലഭിക്കുന്ന പണം ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദികള്‍ക്ക് കൈമാറുകയാണ് ചെയ്യുന്നത്. ഇത് ഇന്ത്യയ്ക്ക് വലിയ വെല്ലുവിളിയാണെന്ന് ഐജി വിജയ്കുമാര്‍ പറഞ്ഞു.
മറ്റൊരു ഭീഷണി ഡ്രോണ്‍ ആക്രമണമാണ്. കഴിഞ്ഞ ദിവസം ജമ്മു കശ്മീരിലെ സാംബ ജില്ലയില്‍ മൂന്ന് ഇടങ്ങളിലായി കാണപ്പെട്ട ഡ്രോണുകള്‍ക്ക് നേരെ ഇന്ത്യന്‍ പട്ടാളം വെടിയുതിര്‍ത്തിരുന്നു. ബരിബ്രഹ്മന, ചിലാദ്യ, ഗാഗ്വാള്‍ പ്രദേശങ്ങളിലാണ് ഈ ഡ്രോണുകള്‍ കണ്ടതെന്ന് പറയുന്നു. അതിര്‍ത്തി രക്ഷാസൈനികര്‍ വെടിവെച്ചതോടെ ഡ്രോണുകള്‍ അപ്രത്യക്ഷമായി.
ഒരു മാസം മുമ്പ് ജമ്മുകശ്മീരിലെ കത്വാ പ്രദേശത്ത് നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഒരു പാകിസ്ഥാന്‍കാരനെ ഇന്ത്യ വെടിവെച്ച് കൊന്നിരുന്നു. ഇയാളില്‍ നിന്നും 27 കിലോ മയക്കമരുന്നാണ് പിടികൂടിയത്. ഇതിന് വിപണിയില്‍ ഏകദേശം 135 കോടി രൂപ വിലവരും. വെടിനിര്‍ത്തലിന് ശേഷം പകിസ്ഥാന് ഇപ്പോള്‍ മയക്കമരുന്ന് കടത്തിലാണ് കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: