കോട്ടയം: മലരിക്കലില്‍ വീണ്ടും ആമ്പല്‍ പൂക്കളുടെ വസന്തം. ആരുടെയും മനസ്സ് നിറയ്ക്കുന്നതാണ് ഏക്കര്‍ കണക്കിന് പാടശേഖരങ്ങളില്‍ പിങ്ക് നിറത്തിലുള്ള ആമ്പല്‍ പൂക്കള്‍ വിരിഞ്ഞു നില്ക്കുന്ന കാഴ്ച. ഇനിയുള്ള രണ്ട് മാസക്കാലം ഇവിടെ ആമ്പല്‍ക്കാലമാണ്.
കണ്ണെത്താ ദൂരത്തോളം ആമ്പല്‍ പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്നത് ആരെയും അതിശയിപ്പിക്കും. വര്‍ഷങ്ങളായി ഇവിടെ ആമ്പലുകള്‍ കൂട്ടമായി വിരിഞ്ഞു നില്‍ക്കാറുണ്ടെങ്കിലും സഞ്ചാരികളുടെ ശ്രദ്ധ ഇവിടേക്ക് തിരിഞ്ഞിട്ട് അധികമായിട്ടില്ല. പൂക്കള്‍ നിറഞ്ഞുനില്ക്കുന്നത് കാണുമ്പോള്‍ ഒരു പിങ്ക് കടല്‍ പോലെ തോന്നിക്കും.
രാവിലെ പത്തു മണിയാകുമ്പോഴേയ്ക്കും ആമ്പലുകള്‍ വാടിതുടങ്ങുമെന്നതിനാല്‍ ഭംഗി പൂര്‍ണമായി ആസ്വദിക്കണമെങ്കില്‍ അതിന് മുമ്പ് എത്തണം. പൂക്കളുടെ പശ്ചാത്തലത്തില്‍ നിന്ന് ഫോട്ടോകള്‍ പകര്‍ത്താനാണ് മിക്കവര്‍ക്കും താല്പര്യം. കല്യാണ വീഡിയോകള്‍ ഷൂട്ട് ചെയ്യാനെത്തുന്ന വരുടെ പ്രിയ ലൊക്കേഷന്‍ കൂടിയാണിവിടെ. ചെറു തോണികളില്‍ സഞ്ചരിച്ച് ചിത്രങ്ങളും വീഡിയോകളും എടുക്കാം.
കൗതുകം കൊണ്ട് പൂക്കള്‍ പറിച്ചുകൊണ്ടു പോകുന്നവരുമുണ്ട്. എന്നാല്‍ പൂക്കള്‍ക്ക് ഒന്നോ രണ്ടോ ദിവസത്തെ ആയുസ്സു മാത്രമാണുള്ളതെന്ന് തിരിച്ചറിയാതെയാണിത്. എല്ലാ വര്‍ഷവും ജൂണ്‍ – ജൂലൈ മാസങ്ങളിലാണ് ആമ്പലുകള്‍ പൂവിട്ടു തുടങ്ങുന്നത്. ആഗസ്ത്, സപ്തംബര്‍ മാസങ്ങളില്‍ നിറയെ പൂക്കളാകും. പാടത്ത് കൃഷി കൃഷി ആരംഭിക്കുന്നതോടെ ഈ ആമ്പലുകള്‍ ഇല്ലാതാകും. വീണ്ടും ഒരു വര്‍ഷം നീളുന്ന കാത്തിരിപ്പ്.
കൊവിഡ് കാരണം നിയന്ത്രണം ഏര്‍പ്പെടുത്തിയതിനാല്‍ സഞ്ചാരികള്‍ക്ക് കഴിഞ്ഞവര്‍ഷം അനുമതി നല്‍കിയിരുന്നില്ല. എന്നാല്‍ ഇത്തവണ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് അയവുവന്നതോടെ ആളുകള്‍ വന്നു തുടങ്ങിയിട്ടുണ്ട്. എന്നാല്‍ തോണി യാത്രയ്ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം തുടരുകയാണ്.
നിബന്ധനകള്‍ക്ക് വിധേയമായെങ്കിലും സഞ്ചാരികളെ പ്രവേശിപ്പിക്ക ണമെന്നാണ് തോണിക്കാരുടെ ആവശ്യം. നാല്പതിലധികം തോണിക്കാര്‍ മുന്‍വര്‍ഷങ്ങളില്‍ ഇവിടെ ജോലി ചെയ്തിട്ടുണ്ട്. ആമ്പല്‍പൂക്കള്‍ കാണാന്‍ എത്തുന്നവര്‍ ഈ തോണികളിലായിരുന്നു പൂക്കളെ തൊട്ടുതലോടി സഞ്ചരിച്ചിരുന്നത്. ഇവരില്‍ നിന്ന് ലഭിക്കുന്ന ചെറിയ തുകകൊണ്ട് ജീവിതം പച്ചപിടിപ്പിക്കുകയായിരുന്നു ഇവിടുത്തുകാര്‍. ആമ്പല്‍പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്നത് ഇവരും പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. നിയന്ത്രണങ്ങളോടെയെങ്കിലും സഞ്ചാരികള്‍ക്ക് പ്രവേശനം നല്കിയാല് തോണിക്കാരുടെ ജീവിതവും പച്ചപിടിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: