ദുഃഖത്തിന് കാരണങ്ങളെന്തെന്നും അവയെ നേരിടേണ്ടതെങ്ങനെയെന്നും രാമായണം പഠിപ്പിക്കുന്നുണ്ട്. തങ്ങളുടെ ദുഃഖങ്ങള്‍ക്കും വീഴ്ചകള്‍ക്കും ചിലര്‍ പലപ്പോഴും അന്യരെ കുറ്റപ്പെടുത്താറുണ്ട്. സൂക്ഷ്മമായി ചിന്തിച്ചാല്‍, നമ്മുടെ ദുഃഖങ്ങള്‍ക്കും വീഴ്ചകള്‍ക്കും കാരണക്കാര്‍ നമ്മള് തന്നെയാണെന്നു വ്യക്തമാകും.
ശ്രീരാമന്റെയും സീതയുടെയും വനവാസത്തിനു കാരണക്കാരി കൈകേയിയാണെന്ന് ഗുഹന് പറയുമ്പോള്‍ ലക്ഷ്മണന് നല്കുന്ന മറുപടി നോക്കുക:
”കസ്യ ദുഃഖസ്യകോഹേതുര്ജഗത്ത്രയേ
കസ്യ സുഖസ്യവാകോപി ഹേതുസ്സഖേ!
ഏകന്‍ മമ സുഖദാതാ ജഗതി മ-
റ്റേകന്‍ മമദുഃഖദാതാവിതി വൃഥാ
തോന്നുന്നിതജ്ഞാന ബുദ്ധികള്ക്കെപ്പോഴും
തോന്നുകയില്ല ബുധന്മാര്‍ക്കതേതുമേ”
(അയോധ്യാകാണ്ഡം)
ആരുടെ ദുഃഖത്തിന് ആരാണു കാരണക്കാരന്‍? ആരുടെ സുഖത്തിന് ആരാണു കാരണക്കാരന്‍? ഒരാളുടെ സുഖത്തിനോ ദുഃഖത്തിനോ മറ്റാരും കാരണക്കാരനല്ലെന്നു സാരം. ദുഃഖവും സുഖവും പുറത്തുനിന്ന് വരുന്നവരാണെന്നു തോന്നുന്നത് അജ്ഞാനം കൊണ്ടാണ്.
ജീവിതം സുഖവും ദുഃഖവും കലര്‍ന്നതാണ്. പൂര്‍വജന്മാര്‍ജിത കര്‍മമാണ് എല്ലാവര്ക്കും സുഖദുഃഖങ്ങള്‍ക്കു കാരണമെന്ന് രാമായണം പറയുന്നു. കര്‍മഫലം എന്നു നാം സാധാരണ പറയാറുള്ളതും ഇതു തന്നെ. ജീവിതത്തില്‍ ദുഃഖത്തിനിടയാക്കുന്ന സംഭവങ്ങള്‍ പാടേ ഒഴിവാക്കാന്‍ ആര്‍ക്കും സാധ്യമല്ല. ദുഃഖം ഉള്‍ക്കൊള്ളാനും സഹിക്കാനുമുള്ള ശക്തി നേടുകയേ വഴിയുള്ളൂ. ജീവിത ദുരിതങ്ങള്‍ നേരിടാനുള്ള ശക്തി തരണേ എന്ന പ്രാര്‍ഥനയുടെ പൊരുളും മറ്റൊന്നല്ല. ആ ശക്തി മനസ്സു നേടുമ്പോള്‍ നമുക്ക് സമാധാനം ഉണ്ടാകും. കാരണം, ബാഹ്യമാണെങ്കിലും ആന്തരികമാണെങ്കിലും ദുഃഖിക്കുന്നത് നമ്മുടെ മനസ്സാണ്. ചുരുക്കത്തില്‍, നമ്മുടെ ദുഃഖമകറ്റാന്‍ നമുക്കു മാത്രമേ കഴിയൂ.
”ദുഃഖം സുഖംനിജകര്മവശാഗത
മൊക്കെയെന്നുള്‍ക്കാമ്പുകൊണ്ടു നിനച്ചതില്‍
യദ്യദ്യദാഗതം തത്രകാലാന്തരേ
തത്തത്ഭുജിച്ചതിസ്വസ്ഥനായ് വാഴണം”
(അയോധ്യാകാണ്ഡം)
എന്നാണ് ലക്ഷ്മണന് പറയുന്നത്. ജീവിതം സ്വന്തം നിയന്ത്രണത്തിലല്ലെന്നും സുഖദുഃഖങ്ങള്‍ കര്മഫലമാണെന്നുമുള്ള വിവേകമുണ്ടായാലേ സ്വസ്ഥനായി ജീവിക്കാനാവൂ.
ജീവിതത്തില്‍ അവിചാരിതമായി ഉണ്ടാകുന്ന പ്രതിസന്ധികളെ, ദുഃഖങ്ങളെ എങ്ങനെ നേരിടണമെന്ന്, ശ്രീരാമന് കാണിച്ചു തരുന്നു. വാല്മീകി, വസിഷ്ഠന് തുടങ്ങിയ മുനിവര്യന്മാരും കര്‍മഫലം ഉള്‍ക്കൊണ്ട് കര്മോന്മുഖരാകാന് ഉപദേശിക്കുന്നു.
അസ്വസ്ഥത സമൂഹത്തിന്റെ മുഖമുദ്രയായ കാലത്താണ് നാം ജീവിക്കുന്നത്. കഠിനദുഃഖങ്ങള്‍ മാത്രമല്ല, നമ്മുടെ ഭാഗത്തു നിന്നുണ്ടാകുന്ന വീഴ്ചകള്‍ക്കും അന്യരെ പഴിക്കുകയും ശപിക്കുകയും ചെയ്യുന്ന ശീലം പലര്‍ക്കുമുണ്ട്. അത് കൂടുതല്‍ അസ്വാസ്ഥ്യമുണ്ടാക്കും. ‘നമുക്കു നാമേ പണിവതു നാകം, നരകവുമതു പോലെ’ എന്ന വരിയില്‍ ഉള്ളൂര്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നതും ഈ സത്യം തന്നെയാണ്. നമ്മുടെ ലോകം നാം സൃഷ്ടിക്കുന്നു. ആ ലോക നിര്‍മിതിക്ക്, ദുഃഖവിനാശിനിയായ രാമായണം നമുക്ക് കൂടുതല്‍ കരുത്തേകട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: