പാര്‍ലമെന്റിനെ കേരള നിയമസഭപോലെയാക്കരുതെന്നു പറഞ്ഞ് കേരളത്തില്‍നിന്നുള്ള ചില എംപിമാരെ ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള താക്കീതു ചെയ്തിരിക്കുന്നു. എംപിമാരായ ഡീന്‍ കുര്യാക്കോസ്, ഹൈബി ഈഡന്, എ.എം. ആരിഫ് എന്നിവര്‍ അങ്ങേയറ്റം നിരുത്തരവാദപരമായും അക്രമാസക്തമായും പെരുമാറി സഭാ നടപടികള്‍ തടസ്സപ്പെടുത്തിയതിനെ തുടര്‍ന്നാണ് സ്പീക്കര്‍ക്ക് ഈ മുന്നറിയിപ്പ് നല്‍കേണ്ടിവന്നത്. ലോക്സഭയില്‍ രേഖകള്‍ കീറിയെറിഞ്ഞതിന് ഇവരുള്‍പ്പെടെ പത്ത് അംഗങ്ങള്‍ക്കെതിരെ സ്പീക്കര്‍ നടപടിയെടുക്കാനിരിക്കെയാണ് വീണ്ടും പ്രകോപനമുണ്ടാക്കിയത്. പെഗാസസ് ആരോപണത്തിന് മറുപടി പറയുന്നതിനിടെ അക്രമാസക്തനായി ഐടി മന്ത്രിയില്‍നിന്ന് രേഖകള്‍ തട്ടിപ്പറിച്ച് വലിച്ചെറിഞ്ഞ തൃണമൂല്‍ അംഗമായ ശന്തനു സെന്നിനെ മണ്‍സൂണ്‍ സമ്മേളനത്തിന്റെ കാലാവധി തീരുന്നതുവരെ രാജ്യസഭയില്‍നിന്ന് പുറത്താക്കിയിരുന്നു. കേരള നിയമസഭയില്‍ സിപിഎം എംഎല്‍എമാര്‍ അഴിഞ്ഞാടിയതിനെതിരായ കേസ് പിന്‍വലിക്കണമെന്ന പിണറായി സര്‍ക്കാരിന്റെ ആവശ്യം തള്ളി സുപ്രീംകോടതി കടുത്ത വിമര്‍ശനം നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് സമാനമായ പ്രവൃത്തികള്‍ പാര്‍ലമെന്റില്‍ ആവര്‍ത്തിച്ച എംപിമാരെ സ്പീക്കര്‍ക്ക് താക്കീത് ചെയ്യേണ്ടിവന്നത്. കേരള നിയമസഭയിലുണ്ടായ അക്രമ പ്രവൃത്തികളുടെ പേരില്‍ തമ്മിലടിക്കുന്നവരാണ് പാര്‍ലമെന്റില്‍ പരസ്പരം കൈകോര്‍ത്ത് സഭാ നടപടികള്‍ അലങ്കോലപ്പെടുത്തുന്നത്!
പെഗാസസ് പ്രശ്നം ഉന്നയിച്ചാണ് പാര്‍ലമെന്റ് സമ്മേളനം പ്രതിപക്ഷം അലങ്കോലപ്പെടുത്തുന്നത്. ചില എംപിമാരുടെയും മാധ്യമപ്രവര്‍ത്തകരുടെയുമൊക്കെ ഫോണ്‍ ചോര്‍ത്തിയെന്നാണ് ആരോപണം. എന്നാല്‍ ഇത് സര്‍ക്കാരിനെതിരെ ഉയര്‍ത്തിക്കൊണ്ടുവന്നിട്ടുള്ള സാങ്കല്‍പ്പിക പ്രശ്നമാണ്. ഫോണ്‍ ചോര്‍ത്തല്‍ നടന്നതായി ഈ ആരോപണം ആദ്യം ഉന്നയിച്ചവര്‍ പോലും പറയുന്നില്ല. ഒരന്വേഷണത്തിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല എന്നിരിക്കെ ഓരോ ദിവസവും പുതിയ പുതിയ പേരുകള്‍ പുറത്തുവിട്ട് ജനങ്ങളെ ആസൂത്രിതമായി തെറ്റിദ്ധരിപ്പിക്കുകയാണ്. ഒന്നാം മോദി സര്‍ക്കാരിനെതിരെ റഫാല്‍ വിമാന കരാറിന്റെ പേരില്‍ പ്രതിപക്ഷം കള്ളപ്രചാരണം നടത്തിയതുപോലെയാണ് ഇതും. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് റഫാലിന്റെ പേരില്‍ പാര്‍ലമെന്റ് സമ്മേളനം തുടര്‍ച്ചയായി അലങ്കോലപ്പെടുത്തിയിരുന്നു. സുപ്രീംകോടതി വിധിയെപ്പോലും ഇതിനുവേണ്ടി വളച്ചൊടിച്ചു. കോണ്‍ഗ്രസ്സ് നേതാവ് രാഹുലായിരുന്നു ഇത് ചെയ്തത്. തങ്ങളുടെ ഉത്തരവ് വളച്ചൊടിക്കുന്നതിനെതിരെ ഒടുവില്‍ സുപ്രീംകോടതി തന്നെ രംഗത്തു വന്നു. പെഗാസസിന്റെ പേരിലുള്ള ദുഷ്പ്രചാരണത്തിന് മുന്നില്‍നില്‍ക്കുന്നതും അപക്വമതിയെന്ന് ആവര്‍ത്തിച്ച് തെളിയിക്കപ്പെട്ട ഈ നേതാവാണ്. യഥാര്‍ത്ഥത്തില്‍ നടക്കാത്ത ഒരു സംഭവത്തിന്റെ പേരില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച വേണമെന്ന ആവശ്യമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. ഇത് സര്‍ക്കാരിന് ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് ഇവര്‍ക്ക് നന്നായറിയാം. പാര്‍ലമെന്റ് സമ്മേളനം അലങ്കോലപ്പെടുത്താന്‍ ബോധപൂര്‍വം മെനഞ്ഞെടുത്ത ആയുധമാണിത്.
ജനാധിപത്യത്തോട് കടപ്പാടോ പാര്‍ലമെന്റിനോട് ആദരവോ ഇല്ലാത്ത കോണ്‍ഗ്രസ്സാണ് കേന്ദ്ര സര്‍ക്കാരിനെ താറടിച്ചു കാണിക്കാനുള്ള ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. നരേന്ദ്ര മോദി എന്ന പ്രധാനമന്ത്രിക്കു മുന്നില്‍ രാജ്യം കരുത്താര്‍ജിക്കുന്നത് ഇഷ്ടപ്പെടാത്ത ചില വൈദേശിക ശക്തികളുമായി പോലും ഈ പാര്‍ട്ടി കൈകോര്‍ക്കുകയാണ്. സംഘടനാപരമായും രാഷ്ട്രീയമായും തകര്‍ന്നടിഞ്ഞിട്ടും അതിന് ഉത്തരവാദിയായ നേതാവിനെ എങ്ങനെയെങ്കിലും പ്രധാനമന്ത്രിക്കസേരയിലിരുത്തുവാനാണ് കോണ്‍ഗ്രസ്സിന്റെ വിഫലശ്രമം. അധികാര മോഹികളും നിലനില്‍പ്പ് അപകടത്തിലാണെന്ന് ഭയപ്പെടുന്നവരുമായ ഇടതു പാര്‍ട്ടികള്‍ ഇതിന് കൂട്ടുനില്‍ക്കുകയും ചെയ്യുന്നു. പണ്ടേ രാജ്യസ്നേഹികളല്ലാത്ത ഇവര്‍ക്ക് ഇതിന് യാതൊരു മടിയുമില്ല. ശത്രുരാജ്യമായ ചൈനയോട് ഇരുകൂട്ടരും ഒരുപോലെ കൂറ് പ്രകടിപ്പിക്കുന്നത് ഇതിന് തെളിവാണ്. ഒന്നാം മോദി സര്‍ക്കാരിനെതിരെ ജനാധിപത്യവിരുദ്ധമായി പെരുമാറിയതിന് ജനങ്ങള്‍ ഇവര്‍ക്ക് നല്കിയ ശിക്ഷയാണ് 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പരാജയം. അധികാര മോഹത്താല്‍ കണ്ണുകാണാതായിപ്പോയ സോണിയാ കോണ്‍ഗ്രസ്സ് ഇതില്‍നിന്നും ഒരു പാഠവും പഠിച്ചിട്ടില്ല എന്നാണ് എംപിമാരെ അഴിഞ്ഞാടാന്‍ അനുവദിച്ച് പാര്‍ലമെന്റ് സമ്മേളനം അലങ്കോലപ്പെടുത്തുന്നതില്‍നിന്ന് വ്യക്തമാവുന്നത്. നടപടിക്രമങ്ങള്‍ അനുസരിച്ച് ഏറ്റവും ശക്തമായ നടപടികള്‍ തന്നെ ഇവര്‍ക്കെതിരെ എടുക്കണം. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും പാടില്ലെന്നാണ് രാജ്യസ്നേഹികളായ ജനങ്ങള്‍ കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: