ന്യൂദല്‍ഹി: ഇനിയുള്ള കാലം ശ്രീകൃഷ്ണസന്നിധിയില്‍ ഭക്തിസാന്ദ്രമായി ചെലവഴിക്കണമെന്നും അതിനായി സര്‍വ്വീസില്‍ നിന്നും നേരത്തെ വിരമിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഐജി.
ഹരിയാനയിലെ അംബാലയില്‍ പൊലീസ് ഐജിയായി സേവനമനുഷ്ഠിക്കുന്ന ഐ പി എസ് ഉദ്യോഗസ്ഥയായ ഭാരതി അറോറയാണ് അപേക്ഷയുമായി ഹരിയാന സര്‍ക്കാരിനെ സമീപിച്ചത്. ഈയിടെ അംബാലയിൽ ഐ ജിയായി ചുമതലയേറ്റ ഭാരതി അറോറ മനസ്സിലെ മോഹം അറിയിച്ച് ചീഫ് സെക്രട്ടറി വിജയ് വർധൻ, ഡിജിപി മനോജ് യാദവ് എന്നിവർക്ക് അപേക്ഷ നല്കി. പോലീസ് സേവനം ഉപേക്ഷിച്ച് ആത്മീയ വഴി സ്വീകരിക്കുന്നതിനെക്കുറിച്ച് കുറച്ചുനാളുകളായി ചിന്തിക്കുകയാണെന്നും ഭാരതി അറോറ കത്തിൽ പറയുന്നു .
“ആത്മസാക്ഷാത്കാരത്തിനും ദൈവത്തെ അറിയാനുമായി പ്രവർത്തിക്കാനാണ് ഇഷ്ടപ്പെടുന്നത് . പൊലീസിലെ സേവനം എനിക്ക് അഭിനിവേശമാണ്. എന്നാൽ ഇപ്പോൾ ഞാൻ ആഗ്രഹിക്കുന്നത് ജീവിതത്തിലെ ആത്യന്തിക ലക്ഷ്യം നേടാനാണ്. ഗുരു നാനാക് ദേവ്, ചൈതന്യ മഹാപ്രഭു, കബീർദാസ്, തുളസിദാസ്, സൂർദാസ്, മീരാഭായ്, സൂഫി സന്യാസിമാർ എന്നിവർ കാണിച്ച പാതയിലൂടെ സഞ്ചരിക്കാനും ശ്രീകൃഷ്ണ സന്നിധിയിൽ ജീവിതകാലം മുഴുവൻ സമർപ്പിക്കാനും ഞാൻ ആഗ്രഹിക്കുന്നു,” – ഭാരതി അറോറ പറയുന്നു.
1998 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥയാണ് ഭാരതി അറോറ . ഭർത്താവ് വികാസ് അറോറയും ഇതേ ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ്. സംഝോത എക്സ്പ്രസ് സ്ഫോടനക്കേസ് അന്വേഷിക്കാൻ എസ്ഐടി രൂപീകരിച്ചപ്പോൾ ഭാരതി അറോറ റെയിൽവേ എസ്പി ആയിരുന്നു .
പൊലീസില്‍ ഒട്ടേറെ അഴിമതികള്‍ക്കെതിരെ പൊരുതിയ വ്യക്തി കൂടിയാണ് ഭാരതി അറോറ. ഇപ്പോഴത്തെ ഹരിയാന ആരോഗ്യമന്ത്രി അനില്‍ വിജിനെ പണ്ട് സമരം ചെയ്തുകൊണ്ടിരിക്കെ അറസ്റ്റ് ചെയ്ത പൊലീസ് ഓഫീസറാണ് ഭാരതി. പിന്നീട് ഭാരതിയുടെ അറസ്റ്റിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അനില്‍ വിജ് അവരെ ശ്ലാഘിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: