ജന്മഭൂമിയിലെ സഹപ്രവര്‍ത്തകനായ ശ്രീ.എസ്.അനില്‍ പറഞ്ഞതനുസരിച്ച് തിരുവനന്തപുരം പ്രസ്സ് ക്ലബിലെ പത്രസമ്മേളനത്തിനു പോകുമ്പോള്‍ അത് അമേരിക്കന്‍ യാത്രയ്ക്കുള്ള നിമിത്തം എന്ന് കരുതിയില്ല. കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രസിഡന്റ് ശ്രീ.ശശിധരന് നായരാണ് പത്രസമ്മേളനം നടത്തുന്നത്. ഉച്ചസമയമായതിനാല്‍ മാധ്യമ പ്രതിനിധികള്‍ കുറവ്. ജേര്‍ണലിസം പഠിക്കുന്ന കുറേ കുട്ടികളുണ്ട് ഹാളില്‍. ഹിന്ദു കണ്‍വെന്‍ഷനെ കുറിച്ച് ശശിധരന് നായര്‍ വിശദീകരിച്ചപ്പോള്‍ അനാവശ്യ ചോദ്യങ്ങള്‍ ഉയര്‍ത്തി കളിയാക്കാനാണ് ഭാവി പത്രപ്രവര്‍ത്തകര്‍ ശ്രമിച്ചത്.
പത്രസമ്മേളനം കഴിഞ്ഞപ്പോള്‍ ശശിധരന് നായരെ പരിചയപ്പെട്ടു. എല്ലാ പത്രങ്ങളിലും നല്ലതുപോലെ വരുമല്ലേ എന്നദ്ദേഹം ചോദിച്ചപ്പോള്‍ സാധ്യതയില്ല എന്ന സത്യം പറഞ്ഞു. പ്രധാന പത്രങ്ങളുടെ പ്രതിനിധികള്‍ പലരും പത്രസമ്മേളനത്തിലുണ്ടായിരുന്നില്ല. പ്രസ് റിലീസ്സുമില്ല. ഞാന്‍ ഇക്കാര്യം സൂചിപ്പിച്ചു. അപ്പോള്‍ എന്തു ചെയ്യും? എല്ലാ പത്രക്കാരേയും വിളിച്ചിരുന്നതാണ്. എല്ലാ പത്രങ്ങളിലും സാറിന് കൊടുക്കാന്‍ കഴിയുമോ എന്ന് എന്നോട്.. അമേരിക്കയില്‍ എല്ലാ പത്രങ്ങള്‍ക്കും വാര്‍ത്ത കൊടുക്കുന്നത് ഒരാള്‍ തന്നെയായിരിക്കും. അത് വെച്ചുകൊണ്ടുള്ള നിഷ്കളങ്കമായ അഭ്യര്‍ത്ഥന അവഗണിക്കാന്‍ കഴിഞ്ഞില്ല. കോഴഞ്ചേരി സ്വദേശിയാണെന്നും കാല് നൂറ്റാണ്ടിലേറെയായി അമേരിക്കയിലാണെന്നും അദ്ദേഹം പറഞ്ഞു. ആഗോള നിക്ഷേപ സംഗമ(ജിം)ത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ നിറഞ്ഞ് നിന്ന സമയം. കേരളത്തിന്റെ സമഗ്ര പുരോഗത്തിക്ക് കോടികളുടെ നിക്ഷേപം ഒഴുകിയെത്തുന്നു എന്നു സ്ഥാപിക്കാന്‍ ജിമ്മില്‍ ഒപ്പുവെച്ച ധാരണാപത്രങ്ങളിലെ കോടികളുടെ കണക്കുകള്‍ സര്‍ക്കാര്‍ എടുത്തു കാണിക്കുന്നു.
”ജിം വെറും തട്ടിപ്പാണ്. ഞാന്‍ എട്ടു കോടിയുടെ ഒരു പദ്ധതിക്ക് എം.ഒ.യു ഒപ്പു വെച്ചിരുന്നു. വൃദ്ധ സദനം പ്രൊജക്റ്റ്. മാവേലിക്കരയില്‍ ആവശ്യമായ സ്ഥലം തരാമെന്ന് സര്‍ക്കാര്‍ സമ്മതിച്ചിരുന്നു. ഏകജാലക സംവിധാനം എന്നൊക്കെ പുറത്ത് പറയുന്നുണ്ടെങ്കിലും നിരുത്തരവാദപരമായ സമീപനമാണ് സര്‍ക്കാരിന്റേത്. പദ്ധതിയില്‍ നിന്ന് പിന്മാറുന്ന കാര്യം മന്ത്രിയെ കണ്ട് നേരിട്ടറിക്കാന് കൂടിയാണ് തിരുവനന്തപുരത്ത് വന്നത് ‘ .” ശശിധരന് നായര്‍ ഇത് പറഞ്ഞപ്പോള്‍ അതിലെ വാര്‍ത്ത മനസ്സില്‍ കുറിച്ചിട്ടു.
‘ജിം: കരാര്‍ ഒപ്പിട്ട അമേരിക്കന്‍ മലയാളി പിന്മാറുന്നു ‘ എന്ന തലക്കെട്ടില്‍ പിറ്റേ ദിവസം ജന്മഭൂമിയില് വിശദമായ റിപ്പോര്‍ട്ട് നല്കി. ജിമ്മിന്റെ മഹത്വം സര്‍ക്കാര്‍ പാടി നടക്കുമ്പോള്‍ കരാറില്‍ ഒപ്പിട്ട ആള് തന്നെ തള്ളി പറഞ്ഞത് വാര്‍ത്തയായി. ജന്മഭൂമിയിലെ റിപ്പോര്‍ട്ട് കൂടി ചിത്രീകരിച്ച് അന്ന് ഉച്ചയ്ക്ക് പ്രധാന വാര്‍ത്തയായ ചാനലുകളും ശശിധരന് നായരുടെ കരാറില്‍ നിന്നുള്ള പിന്മാറ്റം അവതരിപ്പിച്ചു. തുടര്‍ന്ന് മറ്റ് പത്രങ്ങളും വാര്‍ത്ത നല്കി.
ഹിന്ദു കണ്‍വെന്‍ഷനെ കുറിച്ച് തയ്യാറാക്കി കൊടുത്ത വാര്‍ത്ത മറ്റു പത്രങ്ങളിലും നല്ല രീതിയില്‍ വന്നു. പിറ്റേന്ന് ശശിധരന് നായര്‍ ഫോണില്‍ വിളിച്ചു. നന്ദി പറയാനായിരുന്നു വിളി. ജിമ്മിനെ കുറിച്ച് വാര്‍ത്ത നല്‍കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും ഏതായാലും നന്നായിയെന്നും അദ്ദേഹം പറഞ്ഞു.
ഞങ്ങളുടെ കണ്വെന്ഷന് റിപ്പോര്‍ട്ട് ചെയ്യാന്‍ വരുമോയെന്ന് ചോദിച്ച് വീണ്ടും വിളിച്ചു. ”സുവര്‍ണ്ണവസരം നഷ്ടപ്പെടുത്തരുത്. ജന്മഭൂമിയുടെ ഭാഗത്തു നിന്ന് എന്തു വേണമെങ്കിലും ചെയ്യാം ”എന്നതായിരുന്നു അനുവാദം ചോദിച്ചപ്പോള്‍ എഡിറ്റര്‍ ശ്രീ. കെ.വി.എസ്. ഹരിദാസിന്റെ മറുപടി.
ഒരു മാസത്തിനു ശേഷം അമേരിക്കയില്‍ നിന്ന് ശശിധരന് നായരുടെ വിളി. പാസ്പോര്‍ട്ട് വിവരങ്ങള്‍ ഇമെയില്‍ ചെയ്യണം. വിസയ്ക്കുള്ള ക്ഷണപത്രം അയച്ചുതരുമന്നും അറിയിച്ചു. ആദ്യം നവംബര്‍ 29ന് നടക്കുന്ന കണ്വെന്ഷന് റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തണമെന്ന ക്ഷണിക്കുന്ന കത്ത് നവംബര്‍ 5ന് എനിക്ക് കിട്ടി.. റസിഡന്റ് എഡിറ്റര്‍ ശ്രീ.കെ.കുഞ്ഞിക്കണ്ണനോട് കാര്യം പറഞ്ഞു. തലസ്ഥാനത്തെ പത്രപ്രവര്‍ത്തകരുടെ സുഹൃത്തായ കേരള ട്രാവല്‍ ഏജന്റ് അസോസിയേഷന്റെ പ്രസിഡന്റ് ശ്രീകെ.വി.മുരളീധരനോട് കുഞ്ഞിക്കണ്ണന് വിവരം പറഞ്ഞു.
” ക്ഷണക്കത്ത് കിട്ടിയതു കൊണ്ടൊന്നും കാര്യമില്ല. വിസ കിട്ടുന്നതാണ് പ്രധാനം. ചെന്നൈയിലെ അമേരിക്കന്‍ കോണ്‍സുലേറ്റില്‍ അഭിമുഖത്തിനു പോകണം. അതിനുള്ള തീയതി മുന്‍കൂര്‍ ഇന്റര്‍നെറ്റ് വഴി ബുക്ക് ചെയ്യുകയാണ്. ഒന്നു രണ്ടു മാസം മുന്‍പേ അഡ്വാന്‍സ് ബുക്കിംഗ്. ഡിസംബര്‍ 20 നു ശേഷമുള്ള തീയതിയേ ലഭിക്കൂ. നിര്‍ഭാഗ്യം ‘ .’എന്ന് മുരളിധരന് പറഞ്ഞപ്പോള്‍ ക്ഷണിച്ച് വരുത്തിയിട്ട് ഇലയില്ലാത്ത അവസ്ഥയിലായി.
” ബുക്ക് ചെയ്തവര്‍ ചിലപ്പോള്‍ ക്യാന്‍സല്‍ ചെയ്യും. യു.എസ് കോണ്‍സുലേറ്റിന്റെ സൈറ്റ് ശ്രദ്ധിച്ചുകൊണ്ടിരിക്കുക. സാധ്യത കുറവാണെങ്കിലും കാന്സലേഷന് വരുകയും ബുക്കിങ് കിട്ടുകയും ചെയ്താല്‍ ഭാഗ്യം. വിസയ്ക്ക് തീയ്യതി കിട്ടിയാല്‍ ബാക്കി കാര്യം ഞാനേറ്റു ‘ .’മുരളീധരന്റെ വാക്കുകള്‍ അമേരിക്കന്‍ പ്രതീക്ഷ അസ്തമിപ്പിച്ചു. പ്രതീക്ഷയോടെയല്ലെങ്കിലും അന്ന് രാത്രി ജോലി കഴിഞ്ഞപ്പേള്‍ കമ്പ്യൂട്ടറില്‍ യു.എസ് കോണ്‍സുലേറ്റ് സൈറ്റ് തുറന്നു നോക്കി. അഭിമുഖത്തിന് ഒഴിവുള്ള തീയ്യതികളില്‍ ചുവന്ന ലൈറ്റും അല്ലാത്തവയില്‍ പച്ച ലൈറ്റും കത്തുന്ന രീതിയിലുള്ള സംവിധാനം ചെയ്്തിരിക്കുന്ന കലണ്ടര്‍ സൈറ്റിലുണ്ട്. നവംബര്‍ മാസത്തെ മുഴുവന്‍ തീയ്യതികളിലും പച്ച വെളിച്ചം. മനസ്സ് വിഷമിച്ചു. വെബ്സൈറ്റിലൂടെ മറ്റു വിവരങ്ങളൊക്കെ വായിച്ചുകൊണ്ടിരുന്നു. പിന്നീട് എപ്പോഴോ കലണ്ടര്‍ നോക്കിയപ്പോള്‍ നവംബര്‍ 12 എന്ന തീയ്യതിയില്‍ ചുവന്ന ലൈറ്റ് മിന്നുന്നു. ബുക്ക് ചെയ്തിരുന്നവര്‍ ക്യാന്‍സല്‍ ചെയ്തതാണ്. ഇന്റര്‍വ്യൂവിന് സമയവും കിട്ടി. അമേരിക്കന്‍ ബന്ധമുള്ളവരോടൊക്കെ ഇന്റര്‍വ്യൂവിനെ കുറിച്ച് തിരക്കി. 6 മാസത്തെ ബാങ്ക് അക്കൗണ്ട്, സ്വന്തമായുള്ള വസ്തുക്കളുടെ വിവരം .നോട്ടറി അഫിഡിവിറ്റ്, അഭിമുഖത്തിന് കൊണ്ടുപോവേണ്ട രേഖകളുടെ ലിസ്റ്റ് ഒരോരുത്തരും പറയുമ്പോള്‍ വിസ എനിക്ക് കിട്ടില്ലെന്ന് ഉറപ്പിച്ചു.
വരുന്നിടത്ത് വച്ചു കാണാം എന്ന് കരുതി കോണ്‍സുലേറ്റില്‍ പോയി. ശശിധരന് നായരുടെ ക്ഷണക്കത്തും ജന്മഭൂമിയില് നിന്നുള്ള ശുപാര്‍ശ കത്തും മാത്രം കയ്യില്‍ അപേക്ഷയില്‍ മാധ്യമപ്രവര്‍ത്തകനുള്ള ” ഐ ‘ ‘വിസയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അഭിമുഖം നടത്തിയ സായിപ്പിന് ‘ ഐ ‘ വിസ എന്തെന്ന് മനസ്സിലായില്ല. ഇത്തരം വിസ താന്‍ ഇതേവരെ നല്‍കിയിട്ടില്ലെന്ന് പറഞ്ഞ് അകത്ത് പോയി മറ്റാരോടോ സംസാരിച്ച് തിരികെ വന്നു. ‘ പണം അടച്ചോ…വിസ തരാം ‘ എന്ന് പറഞ്ഞെങ്കിലും എനിക്ക് വിശ്വാസം വന്നില്ല. മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം വിസ പതിച്ച പാസ്പോര്‍ട്ട് കയ്യില്‍ കിട്ടിയപ്പോഴാണ് ബോധ്യം വന്നത്. അമേരിക്കന്‍ ബന്ധുക്കളോ സ്വന്തക്കാരോ ആരുമില്ല. പരിചയക്കാരായ അയല്കാരായിരുന്ന റോസമ്മയും മക്കളും മാത്രം. അവര്‍ ന്യൂജഴ്സിയിലാണ് താമസം. വിവരം അറിഞ്ഞപ്പോള്‍ അവര്‍ക്ക് സന്തോഷവും ആവേശവും. റോസമ്മയുടെ മക്കളായ റോയി, റജി, കൊച്ചുമോന് എന്നിവരെ പഠിപ്പിച്ചിട്ടുള്ളതിനാല്‍ അവര്‍ക്ക് ഞാന്‍ ഗുരുവാണ്. കൂടെ കളിച്ചു നടന്നിരുന്നതിനാല്‍ സുഹൃത്തും. വിമാനത്തില്‍ വന്നിറങ്ങിയാല്‍ മതി. ബാക്കി കാര്യം ഞങ്ങള്‍ ചെയ്തുകൊള്ളാമെന്ന് റോസമ്മയും മക്കളും അറിയിച്ചു.
തിരുവനന്തപുരത്ത് നിന്ന് ശ്രീലങ്കന്‍ എയര്‍ലൈന്‍സില്‍ കൊളംബോ, ലണ്ടന്‍ വഴി ന്യൂയോര്‍ക്ക്. കന്നി അമേരിക്കന്‍ യാത്രയുടെ അകാശമാര്‍ഗ്ഗം അതായിരുന്നു. ലോകത്തിന്റെ സാമ്പത്തിക തലസ്ഥാനം എന്ന വിശേഷണം പേറുന്ന ന്യൂയോര്‍ക്കിലേക്ക്. ഹഡ്സണ്‍ നദിയുടെ മുകളിലൂടെ വിമാനം താഴ്ന്നിറങ്ങുന്നു. പുറത്തുകണ്ട കാഴ്ച്ച പുതിയൊരു ദൃശ്യവിസ്മയമായിരുന്നു. സന്ധ്യ വീണതിനാല്‍ പ്രകാശപൂരിതമായ മനോഹാരിത. തലങ്ങും വിലങ്ങും നേര്‍രേഖ പോലുള്ള റോഡ്. പച്ചപ്പട്ടു പോലുള്ള മരങ്ങള്‍ക്കിടയില്‍ നിരനിരയായ വീടുകള്‍. അംബര ചുംബികളായ കെട്ടിടങ്ങള്‍. ആകാശക്കാഴ്ച്ച തന്നെ മനസ്സ് നിറയ്ക്കുന്നു. അപ്പോള്‍ ഇനി നേരില്‍ കാണാന്‍ പോകുന്ന പൂരം എന്തായിരിക്കും. എമിഗ്രേഷന്‍ നടപടി പൂര്‍ത്തിയാക്കി ഏഴുമണിയോടെ പുറത്തിറങ്ങി. കൂട്ടികൊണ്ടു പോകാന്‍ റോയി എത്തുമെന്നതിനാല്‍ സന്തോഷത്തോടെ ബാഗുകളുമൊക്കെ ട്രോളിയില്‍ ഇട്ട് വലിച്ചു കൊണ്ട് പുറത്തേക്ക് നടന്നു. ട്രോളിയുടെ കാര്യമാണ് രസകരം. പട്ടിണി രാജ്യമെന്ന് വിശേഷിപ്പിക്കാവുന്ന ഇന്ത്യയില്‍ പോലും സാധനം വലിച്ചു കൊണ്ടുപോകാനുള്ള ട്രോളികള്‍ വിമാനത്താവളത്തില്‍ സൗജന്യമാണ്. അമേരിക്കയില്‍ അതിനും പണം കൊടുക്കണം. രണ്ടു ഡോളര്‍. (പിന്നീടു കൂട്ടി. 2009 ല്‍ പോയപ്പോള്‍ 5 ഡോളറായിരുന്നു). ട്രോളിയും തള്ളി പുറത്തുകടന്ന എന്നെ കാത്ത് നിന്നത് റോയി ആയിരുന്നില്ല. മരം കോച്ചുന്ന കോട മഞ്ഞായിരുന്നു. സ്വെറ്റര്‍ പോലുമില്ലാതെ വിറയ്ക്കാന്‍ തുടങ്ങി. വിമാനം എത്തുന്ന ടെര്‍മിനലും എല്ലാം വിശദമായി പറഞ്ഞിരുന്നു. പിന്നെന്തു പറ്റി? വ്യത്യസ്ത തരത്തിലുള്ള കാറുകള്‍ വന്ന് ഒരോരുത്തരേയും കൂട്ടിക്കൊണ്ട് പോകുന്നു. സമയം പൊയ്ക്കൊണ്ടിരിക്കുന്നു. ഒരു മണിക്കൂര്‍…രണ്ടു മണിക്കൂര്‍…ആകാംക്ഷ ഭയമായി മാറി…നവംബര്‍ മാസത്തെ തണുപ്പ് സഹിക്കവയ്യാതെ തിരിച്ച് ടെര്‍മിനലിന്റെ ഉള്ളിലേയ്ക്ക് കയറും. അപ്പോഴും പ്രതീക്ഷയോടെ കണ്ണുകള്‍ പുറത്തു തന്നെ.
അരയ്ക്ക് ചുറ്റും തോക്കുകളും താക്കോലുകളും ധരിച്ച അമേരിക്കന്‍ പോലീസുകാരന് എന്റെ നില്പ്പിലെ പന്തികേട് മനസ്സിലായി. അടുത്തു വന്ന് കാര്യം തിരക്കി. ഞാന്‍ കൂട്ടികൊണ്ടു പോകാന്‍ ആളു വരുന്ന കാര്യം പറഞ്ഞു. കൈയ്യിലിരുന്ന മൊബൈല്‍ ഫോണ്‍ നീട്ടിയ പോലീസുകാരന് കൂട്ടുകാരനെ വിളിക്കാന്‍ പറഞ്ഞു. റോയിയുടെ മൊബൈലില്‍ വിളിച്ചപ്പോള്‍ ബെല്ലുണ്ട്. എടുക്കുന്നില്ല. വീട്ടിലേക്കു വിളിച്ചപ്പോഴും ബെല്ലുണ്ട്. എടുക്കുന്നില്ല. എന്റെ ടെന്‍ഷന്‍ കൂടി. പോലീസുകാരന് സമാശ്വസിപ്പിച്ചു. അഡ്രസ്സുണ്ടല്ലോ ടാക്സി വിളിച്ച് അവിടെയെത്തിക്കാം. ഏതായാലും കാത്തിരിക്ക്. 15 മിനിറ്റ് ഇടവിട്ട് പോലീസുകാരന്റെ ഫോണ്‍ വാങ്ങി വിളിച്ചുകൊണ്ടിരുന്നു. അവസാനം റോയിയുടെ മൊബൈല്‍ ഫോണി്ല് വിളിച്ചപ്പോള്‍ റോസമ്മയാണ് എടുത്തത്. എന്നെ പിക്ക് ചെയ്യാന്‍ വേണ്ടി അവര്‍ നാലുമണിക്കേ പോയിട്ടുണ്ട്. ഫോണ്‍ എടുക്കാന്‍ മറന്നു. പേടിക്കണ്ട വന്നുകൊള്ളും. ആ വാക്കുകള്‍ ആശ്വാസം ഉളവാക്കി. നിന്നു കാല് കഴച്ചപ്പോള്‍ കസേരയില്‍ ചെന്നിരുന്നു. അല്പ സമയത്തിനകം പുറത്ത് തട്ടല്‍. റോയിയും റെജിയും. അവര്‍ക്ക് ടെര്‍മിനല്‍ മാറിപ്പോയതാണ് പ്രശ്നമായത്. അപ്പോഴേക്കും വിമാനത്താവളത്തില്‍ നാലു മണിക്കൂര്‍ പിന്നിട്ടു കഴിഞ്ഞിരുന്നു. റോയിയേയും റെജിയേയും കണ്ടപ്പോള്‍ ലോട്ടറി അടിച്ച അനുഭൂതി. പാര്‍ക്കിങ് ഗേറ്റിനു വെളിയിലെ കാറിനടുത്തേയ്ക്ക് നീങ്ങി. െ്രെഡവങ്സീറ്റില് അവരുടെ ഇളയ സഹോദരന് കൊച്ചുമോന്.
ന്യൂയോര്‍ക്ക് നഗരം വിട്ട് ഹഡ്സണ്‍ നദിക്കു കുറുകേയുള്ള തുരങ്കത്തിലൂടെ കടന്ന് ന്യൂജെഴ്സിയിലെത്തി. റോസമ്മ ഞങ്ങളെ കാത്തുനില്‍പ്പുണ്ടായിരുന്നു. എന്തുപറ്റി എന്ന ആശങ്ക മുഖത്ത്. വീട്ടിലേക്ക് തിരിച്ചു വിളിക്കാന്‍ മറന്നതിലുള്ള കുറ്റബോധം ഞങ്ങള്‍ക്ക് നാലാള്‍ക്കും. പിറ്റേന്ന് കാലത്തെ തന്നെ ഹൂസ്റ്റണിലേക്ക് പോകാനുള്ള ടിക്കറ്റുകള്‍ റോയി എടുത്തുവച്ചിരുന്നു. ന്യൂജേഴ്സിയിലെ ന്യൂവാക്ക് വിമാനത്താവളത്തില്‍ നിന്ന് ഹൂസ്റ്റണ്‍ ഇന്റര്‍നാഷണല്‍ വിമാനത്താവളത്തിലേക്ക് . യാത്രാക്ഷീണം കൊണ്ടോ, എന്തോ നേരത്തെ ഉറങ്ങി. അമേരിക്കയിലെ ആദ്യത്തെ രാത്രി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: