തിരുവനന്തപുരം: നിയമസഭയിലെ അക്രമക്കേസില്‍ വിചാരണ നേരിടുന്ന വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി രാജിവെക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ചയുടെ പ്രതിഷേധം. ശിവന്‍കുട്ടിയുടെ പെരുന്താന്നിയിലെ വീടിന് മുന്നില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി പ്രതിഷേധം നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി പാപ്പനംകോട് നന്ദു വലിയവിള ആനന്ദ്, അഭിജിത്ത്, രാമേശ്വരം ഹരി, വിപിന്‍ വിജയന്‍, കൈപ്പള്ളി വിഷ്ണുനാരായണന്‍ തുടങ്ങിയ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് എബിവിപി സെക്രട്ടറിയേറ്റിലേയ്‌ക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. ജലപീരങ്കി പ്രയോഗത്തില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. വരും ദിവസങ്ങളില്‍ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ശക്തമായ സമരങ്ങള്‍ തലസ്ഥാനത്ത് അരങ്ങേറുമെന്ന് എബിവിപി നേതൃത്വം വ്യക്തമാക്കി.
കേരളത്തിന്റെ വിദ്യാഭ്യാസമന്ത്രി കോടതിയിലെ പ്രതിക്കൂട്ടില്‍ തലകുമ്പിട്ട് നില്‍ക്കുന്നത് ലജ്ജാകരമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി സുധീര്‍ പറഞ്ഞു. പൊതുമുതല്‍ നശിപ്പിച്ച കേസിലെ പ്രതികള്‍ക്ക് വേണ്ടി പൊതുമുതല്‍ ഉപയോഗിച്ച് കേസ് നടത്തുന്ന സര്‍ക്കാര്‍ ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുകയാണ്. മന്ത്രി രാജിവയ്‌ക്കും വരെ ബിജെപി ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും സുധീര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: