തിരുവനന്തപുരം: പാര്‍ട്ടി കുടുംബമായിട്ടും നിയമസഭാ കയ്യാങ്കളിക്കേസില്‍ ഇടതുപക്ഷ എംഎല്‍എമാര്‍ നിയമസഭയില്‍ നടത്തിയ അഴിഞ്ഞാട്ടത്തിനെതിരെ കോടതിയില്‍ കേസ് നിലനിന്നതിന് കാരണക്കാരിയായത് അന്നത്തെ സര്‍ക്കാര്‍ പ്രോസിക്യൂട്ടറായ ബീനാ സതീഷിന്റെ നിലപാട്. അന്ന് നിയമസഭാ കയ്യാങ്കളിക്കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാരിന്റെ അപേക്ഷയെ ബീനാ സതീഷ് തള്ളിക്കളയുകയായിരുന്നു.
എറണാകുളം എസിഎംജെ കോടതിയിലാണ് ഈ കേസ് തള്ളാന്‍ സര്‍ക്കാര്‍ അപേക്ഷ നല്‍കിയത്. ഈ കേസ് 2020 സപ്തംബറില്‍ വഞ്ചിയൂര്‍ സിജെഎമ്മിലേക്ക് മാറ്റി. ഈ സമയത്താണ് പ്രോസിക്യൂട്ടറായ ബീനാ സതീഷിന് കേസിന്റെ ചുമതല വരുന്നത്. എന്നാല്‍ ബീന സതീഷ് സര്‍ക്കാരിനെ പിന്തുണച്ചില്ല. വഞ്ചിയൂര്‍ കോടതി സര്‍ക്കാരിന്റെ അപേക്ഷ തള്ളുകയും ചെയ്തു. ഈ കേസില്‍ വഞ്ചിയൂര്‍ കോടതി മുതല്‍ സുപ്രീംകോടതി വരെ പുറപ്പെടുവിച്ച വിധികള്‍ തന്റെ നിലപാടുകള്‍ക്കുള്ള അംഗീകാരമാണെന്ന് ബീന പറയുന്നു.
ഈ കേസില്‍ പാര്‍ട്ടി നിലപാടിന് ഒപ്പം നില്ക്കാത്തതിന്റെ പേരില്‍ പിന്നീട് ബീനാ സതീഷ് നേരിട്ടത് ക്രൂരമായ വേട്ടയാടലുകളാണ്. ബീനയെ 2020 ഒക്ടോബറോടെ ആലപ്പുഴയ്ക്ക് സ്ഥലം മാറ്റി. ശൗചാലയം പോലുമില്ലാത്ത ഓഫീസിലേക്കാണ് വനിതയെന്ന പരിഗണന പോലുമില്ലാതെ മാറ്റിയത്.
സിപിഎം അനുകൂലികളായ ചില സഹപ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി. കടുത്ത മാനസിക സംഘര്‍ഷത്തില്‍ തന്നെ കൊണ്ടുചെന്നെത്തിച്ചു. അതില്‍ നിന്നെല്ലാം രക്ഷപ്പെടാന്‍ ചികിത്സ തേടേണ്ട സ്ഥിതി വരെയുണ്ടായെന്നും അവര്‍ പറയുന്നു. പ്രോസിക്യൂട്ടര്‍ എന്ന നിലയില്‍ നിയമപ്രകാരമുള്ള അവകാശവും ഉത്തരവാദിത്വവുമാണ് നിര്‍വ്വഹിച്ചതെന്നും ബീന സതീഷ് പറയുന്നു. ഇത്തരം സാഹചര്യത്തില്‍ പ്രോസിക്യൂട്ടര്‍മാരെ പിന്തുണയ്ക്കാറുള്ള ഡയറക്ടര്‍ ജനറല്‍ പോലും സഹായിച്ചില്ല.
‘ഏതു സർക്കാർ ആയാലും എടുക്കുന്ന നിലപാട് തെറ്റാണെങ്കിൽ അത് തുറന്നു പറയാൻ സർക്കാർ അഭിഭാഷകർക്ക് കഴിയണം. അതു മാത്രമാണ് ഞാൻ ചെയ്തത്.’, ബീന സതീഷ് പറയുന്നു. എത്ര മൂടിവച്ചാലും ഒരുനാൾ സത്യം പുറത്തു വരുമെന്നതാണ് ഇപ്പോള്‍ സംഭവിച്ചത്. ഇപ്പോൾ തന്റെ നിലപാട് ശരിയാണെന്ന് രാജ്യത്തെ പരമോന്നത നീതിപീഠം ചൂണ്ടിക്കാണിക്കുമ്പോൾ അങ്ങേയറ്റത്തെ അഭിമാനമുണ്ടെന്നും ബീന സതീഷ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: