ന്യൂദല്‍ഹി: ചോറ് ഇവിടെ, കൂറ് എവിടെ എന്ന പഴഞ്ചൊല്ല് അന്വര്‍ത്ഥമാക്കുന്ന രീതിയിലുള്ള ഇന്ത്യയിലെ രണ്ട് പ്രധാന കമ്മ്യൂണിസ്റ്റ് നേതാക്കളുടെ നിലപാടിനെതിരെ വിമര്‍ശനമുയരുന്നു. ചൈനീസ് കൗണ്‍സിലര്‍ തന്നെ ഇന്ത്യയെ പരോക്ഷമായി കുറ്റപ്പെടുത്തുന്ന രീതിയിലുള്ള പരാമര്‍ശങ്ങള്‍ ഉയര്‍ത്തിയ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നൂറാം വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ടുള്ള പരിപാടിയിലാണ് സിപിഎം നേതാവ് സീതാറാം യെച്ചൂരിയും സിപി ഐ നേതാവ് ഡി. രാജയും പങ്കെടുത്തത്.
ലഡാക്കിലെ അതിര്‍ത്തി തര്‍ക്കത്തിന്ശേഷം കേന്ദ്രസര്‍ക്കാര്‍ ചൈനയുമായി സംഘര്‍ഷത്തിന്റെ പാതയിലൂടെ നീങ്ങിക്കൊണ്ടിരിക്കെയാണ് ഇന്ത്യയില്‍ നിന്നുള്ള രണ്ട് പ്രധാന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിനേതാക്കള്‍ ചൈനീസ് എംബസി സംഘടിപ്പിച്ച ചര്‍ച്ചകളില്‍ പങ്കുകൊണ്ടത്. ഗാല്‍വാന്‍ താഴ് വരയില്‍ ചൈനീസ് പട്ടാളക്കാരുമായുള്ള സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ പട്ടാളക്കാര്‍ വീരമൃത്യു വരിച്ചിരുന്നു. ഇതിന് ശേഷം ഇടത്പക്ഷ നേതാക്കള്‍ ചൈനയെ വിമര്‍ശിച്ചില്ലെന്നതും ശ്രദ്ധേയമായിരുന്നു. ലോക്സഭ എംപി സെന്തില്‍കുമാരും ഫോര്‍വേഡ് ബ്ലോക്ക് നേതാവ് അഖിലേന്ത്യാകേന്ദ്രകമ്മിറ്റി സെക്രട്ടറി ജി. ദേവരാജനും വീഡിയോ കോണ്‍ഫറന്‍സിലൂടെ ചൈനീസ് എംബസി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തു.
കോവിഡ് മഹാമാരിക്കാലത്ത് ഇന്ത്യയ്ക്ക് വേണ്ടി ചൈന ചെയ്ത സേവനങ്ങള്‍ യോഗത്തില്‍ പങ്കെടുത്ത ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇന്റര്‍നാഷണല്‍ ഡിപാര്‍ട്മെന്റ് കൗണ്‍സിലര്‍ ഡു സിയവോലിന്‍ വിശദീകരിച്ചു. കൊറോണ വൈറസുമായുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ യുദ്ധത്തില്‍ സഹായമെത്തിക്കാന്‍ ചൈനീസ് കമ്പനികളിലെ ജോലിക്കാര്‍ കൂടുതല്‍ നേരം പണിയെടുത്താണ് ഇന്ത്യയ്ക്കാവശ്യമായ മെഡിക്കല്‍ ഉപകരണങ്ങളും മറ്റും എത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയോട് ചൈന കാട്ടുന്ന പ്രതിബദ്ധതയായിരുന്നു അദ്ദേഹം ചര്‍ച്ചയില്‍ അടിവരയിട്ട് വിശദീകരിച്ചത്.
ഇരുരാജ്യങ്ങളും അഭിപ്രായഭിന്നതകള്‍ കൃത്യമായി കൈകാര്യം ചെയ്യേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗാല്‍വാന്‍ താഴ വരയില്‍ നടന്ന ഏറ്റുമുട്ടലും ചര്‍ച്ചാവിഷയമായി. ചൈന അവരുടെ നിലപാട് പല സന്ദര്‍ഭങ്ങളിലും വ്യക്തമാക്കിയിരുന്നതായും അദ്ദേഹം പറഞ്ഞു. ഇന്ത്യാ-ചൈന തര്‍ക്കത്തിന് ഇന്ത്യയെ കുറ്റപ്പെടുത്തുന്ന രീതിയിലായിരുന്നു ഇദ്ദേഹത്തിന്റെ പരാമര്‍ശങ്ങളില്‍ പലതും. ഈ ചര്‍ച്ചയില്‍ പിന്നീട് സീതാറാം യെച്ചൂരിയും ഡി. രാജയും സെന്തില്‍കുമാറും ജി. ദേവരാജനും സംബന്ധിച്ചു.
ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 100ാം വാര്‍ഷികവുമായി ബന്ധപ്പെട്ട് ഇടതുപക്ഷ പ്രസിദ്ധീകരണമായ ഹിന്ദു ദിനപത്രം മുഴുവന്‍ പേജ് പരസ്യം പ്രസിദ്ധീകരിച്ചതിനെതിരെയും വിമര്‍ശനം ഉയര്‍ന്നിരുന്നു. അന്ന് ‘ഹിന്ദു’ ദിനപത്രത്തില്‍ സീതാറാം യെച്ചൂരി ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ പുകഴ്ത്തുകയും ചെയ്തിരുന്നു. അതിന് ശേഷമാണ് വീണ്ടും സിപിഎം ദേശീയ ജനറല്‍ സെക്രട്ടറിയായ സീതാറാം യെച്ചൂരിയുടെ പുതിയ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്തുതി നടന്നത്.
ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നൂറാം വാര്‍ഷികയോഗത്തില്‍ സംബന്ധിച്ചതില്‍ തെറ്റൊന്നുമില്ലെന്ന് ഫോര്‍വേഡ് ബ്ലോക്ക് നേതാവ് ജി. ദേവരാജന്‍ ന്യായീകരിച്ചു. മെയ് 2020ലാണ് ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തി തര്‍ക്കമുണ്ടാവുന്നത്. അന്ന് ഗാല്‍വാന്‍ താഴ് വരയില്‍ നടന്ന സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ പട്ടാളക്കാര്‍ കൊല്ലപ്പെട്ടു. 2021 ഫിബ്രവരിയില്‍ ഇന്ത്യയുടെയും ചൈനയുടെയും പട്ടാളക്കാര്‍ പാംങോംഗ് തടാകത്തിന്റെ തെക്ക്, വടക്ക് തീരത്ത് നിന്നും പിന്മാറിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: