ന്യൂദല്‍ഹി: പാര്‍ലമെന്ററി സമിതി യോഗത്തിനിടെ തൃണമൂല്‍ അംഗം തന്നെ ‘ബിഹാറി ഗുണ്ട’യെന്ന് വിളിച്ച വിഷയം വ്യാഴാഴ്ച ലോക്സഭയില്‍ ഉന്നയിച്ച് ബിജെപി എംപി നിഷികാന്ത് ദുബെ. ‘എല്ലാ അംഗങ്ങളുടെയും ശ്രദ്ധ ക്ഷണിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എംപിയായുള്ള എന്റെ 13-ാം വര്‍ഷമാണിത്. ഇന്നലെത്തെ പാര്‍ലമെന്ററി സമിതി യോഗത്തിനിടെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ വനിതാ അംഗം എന്നെ ബിഹാറി ഗുണ്ടയെന്ന് വിളിച്ചത് ഞാന്‍ ജീവിതത്തില്‍ കണ്ടിട്ടില്ല’.- പെഗസസ് ആരോപണവും കര്‍ഷ വിഷയവും ഉയര്‍ത്തി പ്രതിപക്ഷം ബഹളം വയ്ക്കുന്നതിനിടെ അദ്ദേഹം പറഞ്ഞു.
എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസ് അംഗത്തിന്റെ പേര് പറയാന്‍ നിഷികാന്ത് ദുബെ തയ്യാറായില്ല. ദുബെ സംസാരിക്കുന്നതിനിടെ സഭ നിയന്ത്രിച്ചിരുന്ന രാജേന്ദ്ര അഗര്‍വാള്‍ 12.30 വരെ ലോക്സഭ നിര്‍ത്തിവച്ചു. വീണ്ടും സഭ ചേര്‍ന്നപ്പോള്‍ ബിജെപി എംപി സഭയിലുന്നയിച്ച വിഷയം പൂര്‍ത്തിയാക്കാന്‍ അനുവദിക്കണമെന്ന് പാര്‍ലമെന്ററികാര്യ സഹമന്ത്രി അര്ജുന് റാം മേഘ്വാള് ചെയറിനോട് ആവശ്യപ്പെട്ടു. എങ്കിലും രേഖകള്‍ മേശപ്പുറത്ത് വയ്ക്കാന്‍ അഗര്‍വാള്‍ നിർദേശിച്ചു.
പ്രതിപക്ഷ എംപിമാര്‍ വീണ്ടും മുദ്രാവാക്യങ്ങള്‍ മുഴക്കിയതോടെ രണ്ടുമണിവരെ സഭ പിരിഞ്ഞു. പെഗസസ് വിവരച്ചോര്‍ച്ച വിവാദത്തില്‍ ശശി തരൂര്‍ അധ്യക്ഷനായ ഇന്‍ഫര്‍മേഷന്‍ ആന്റ് ടെക്നോളജിയുടെ പാര്‍ലമെന്ററി സ്ഥിരം സമിതി ബുധനാഴ്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാന്‍ തയ്യാറെടുത്തിരുന്നു. എന്നാല്‍ ആവശ്യത്തിന് അംഗങ്ങള്‍ ഹാജരാകാതിരുന്നതോടെ യോഗം മാറ്റി. യോഗം നടന്നില്ലെങ്കിലും ഒത്തുകൂടിയ ബിജെപി, പ്രതിപക്ഷ എംപിമാര്‍ നാടകീയ രംഗങ്ങള്‍ക്ക് സാക്ഷിയായി.
തുടര്‍ന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയിത്ര ബിഹാറി ഗുണ്ടയെന്ന് വിളിച്ചെന്ന ആക്ഷേപവുമായി ദുബെ രംഗത്തെത്തുകയായിരുന്നു. ബിഹാറിലെ ജനങ്ങളോടും രാജ്യത്ത് ഹിന്ദി സംസാരിക്കുന്ന പ്രദേശങ്ങളോടുമുള്ള പാര്‍ട്ടിയുടെ മനോഭാവമാണ് മൊയിത്രയുടെ പരാമര്‍ശമെന്ന് തൃണമൂല്‍ അധ്യക്ഷയും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജിയെ ടാഗ് ചെയ്തു ബുധനാഴ്ച നടത്തിയ ട്വീറ്റില്‍ ദുബെ കുറ്റപ്പെടുത്തി. അതേസമയം മഹുവ മൊയിത്ര ആരോപണം നിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: