കണ്ണൂര്‍: ഐഎന്‍എല്‍ സംസ്ഥാന നേതൃത്വത്തിലുണ്ടായ പിളര്‍പ്പിന്റെ തുടര്‍ച്ചയായി കണ്ണൂരിലും പാര്‍ട്ടിയില്‍ പിളര്‍പ്പ്. ഐഎന്‍എല്ലിന്റെ കണ്ണൂര്‍ ജില്ലയിലെ നേതാക്കള്‍ ഇന്നലെ പ്രത്യേക യോഗം ചേര്‍ന്നതോടെയാണ് പിളര്‍പ്പ് പൂര്‍ണ്ണമായത്. ദേശീയ നേതൃത്വത്തിന്റെ പിന്തുണയുള്ള സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറിന് പിന്തുണ പ്രഖ്യാപിക്കാന്‍ ഒരു വിഭാഗം നേതാക്കള്‍ തീരുമാനിച്ചു. ഇതോടെ കണ്ണൂരിലെ പ്രബല വിഭാഗം ഔദ്യോഗിക ചേരിയോടൊപ്പമായി.
തലശേരിയിലെ നേതാക്കളും പാര്‍ട്ടിയും അബ്ദുല്‍ വഹാബിനൊപ്പമാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രൊഫസര്‍. അബ്ദുല്‍ വഹാബിനെ പിന്തുണക്കുന്ന വര് കഴിഞ്ഞ ദിവസം തലശേരിയില്‍ യോഗം ചേര്‍ന്നിരുന്നു. ഐഎന്‍എല്ലിലെ പിളര്‍പ്പിനെ തുടര്‍ന്ന് ദേശീയ നേതൃത്വം പുറത്താക്കിയ വിഭാഗം സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എ.പി. അബ്ദുല്‍ വഹാബ് , സംസ്ഥാന ജനറല്‍ സെക്രട്ടറിനാസര്‍ കോയ തങ്ങള്‍, സെക്രട്ടറിയേറ്റ് മെമ്പര്‍മാരായ എന്‍ കെ അബ്ദുല്‍ അസീസ്, ബഷീര്‍ ബടെരി തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്.
മണ്മറഞ്ഞ പാര്‍ട്ടി പ്രസിഡന്റുമാരായ സി.കെ.പി. ചെറിയ മമ്മു കേയി, എസ്.എ. പുതിയവളപ്പില്‍ എന്നിവരുടെ ഖബറിടങ്ങളില്‍ നേതാക്കള്‍ സന്ദര്‍ശനം നടത്തിയതിനു ശേഷമാണ് പാര്‍ട്ടി നേതൃയോഗം ചേര്‍ന്നത്. ഐഎന്‍എല്‍ , എന്‍വൈഎല്‍ ജില്ലാ മണ്ഡലം നേതാക്കള്‍ സംസ്ഥാന നേതാക്കളെ സ്വീകരിച്ചു. ജില്ലയിലെ മഹാ ഭൂരിപക്ഷം പ്രവര്‍ത്തകരും നേതാക്കളും തങ്ങളോടൊപ്പമാണന്നും, കാസിം ഇരിക്കുറിന് സ്വന്തം ജില്ലയില്‍ പോലും അടിത്തറ നഷ്ടപെട്ടിരിക്കയാണന്നുമാണ് എ.പി. അബ്ദുള്‍ വഹാബ് പറയുന്നത്. കൂടുതല്‍ നേതാക്കളും പ്രവര്‍ത്തകരും, യുവജനങ്ങളും, പോഷക സംഘടനകളും മണ്ഡലം കമ്മിറ്റികളും സംസ്ഥാന പ്രസിഡണ്ടിനോടൊപ്പം നിലയുറപ്പിക്കുമെന്ന് നാഷണല്‍ യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് കെ.ടി. സമീര്‍ വ്യക്തമാക്കി.
വിഘടിത വിഭാഗം തലശേരിയില്‍ പ്രത്യേക യോഗം വിളിച്ചു ചേര്‍ന്നതിന് പിന്നാലെയാണ് കാസിം ഇരിക്കൂര്‍ വിഭാഗം കണ്ണൂര്‍ ഓഫിസില്‍ യോഗം ചേര്‍ന്നത്. തങ്ങളെ എല്‍ഡിഎഫില്‍ നിന്ന് പുറത്താക്കുമെന്ന ആശങ്കയില്ലെന്ന് ഐഎന്‍ എല്‍ സംസ്ഥാന പ്രസിഡന്റും കാസിം ഇരിക്കൂര്‍ വിഭാഗം നേതാവുമായ ബി. ഹംസഹാജി കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. എല്‍ഡിഎഫ് നേതാക്കളുമായി അബ്ദുല്‍ വഹാബിന് ചര്‍ച്ച നടത്താം. അതില്‍ തെറ്റില്ല .അന്തിമ തീരുമാനം കൈകൊള്ളേണ്ടത് എല്‍ഡിഎഫ് നേതൃത്വമാണെന്നും കണ്ണൂരിലെ യോഗത്തിന് ശേഷം ഹംസ ഹാജി പറഞ്ഞു . ഐഎന്‍എല്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി കാസിം ഇരിക്കൂര്‍ വിഭാഗത്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നും തങ്ങള്‍ ദേശീയനേത്യത്വത്തിന്റെ തീരുമാനത്തിനൊപ്പം നില്‍ക്കുമെന്ന് ഹംസഹാജി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: