കണ്ണൂര്‍: ഇന്ത്യയടക്കം 195 രാജ്യങ്ങളുടെ പതാകകള്‍ മാസ്‌കിംഗ് ടാപ്പിലേക്ക് പകര്‍ത്തി ഏഷ്യ ബുക്ക് ഒഫ് റെക്കോര്‍ഡില്‍ ഇടം പിടിച്ചിരിക്കുകയാണ് കണ്ണൂര്‍ തളാപ്പ് സ്വദേശി എം. അജയ്. ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും അജയ് ഇടം നേടിയിട്ടുണ്ട്. 195 രാജ്യങ്ങളുടെ ഫ്‌ളാഗുകളാണ് ആക്രിലിക്ക് പെയിന്റ് ഉപയോഗിച്ച് അജയ് മാസ്‌കിംഗ് ടാപ്പില്‍ വരച്ചത്. ഏറെ ശ്രമകരമായ ദൗത്യം വെറും രണ്ട് ദിവസമെടുത്താണ് അജയ് പൂര്‍ത്തിയാക്കിയത്.
ഇത്തരത്തില്‍ തയ്യാറാക്കിയ ഫ്‌ളാഗുകള്‍ എ ത്രി ഷീറ്റിലേക്ക് സെറ്റ് ചെയ്തു. ചിത്രങ്ങള്‍ക്ക് ഫെയ്രിം നല്‍കാന്‍ ഉപയോഗിക്കുന്ന ഒരു ഇഞ്ചിന്റെ മാസ്‌കിംഗ് ടാപ്പില്‍ ഒരു എത്രി ഷീറ്റിന്റെ നീളത്തില്‍ നിരനിരയായി ഫ്‌ളാഗുകള്‍ വരച്ച് ചേര്‍ത്ത് എത്രി ഷീറ്റിലേക്ക് ഒട്ടിക്കുകയായിരുന്നു. ആക്രിലിക്ക് പെയിന്റിംഗ് പൊതുവെ ഉണങ്ങാന്‍ സമയമെടുക്കുകയും പെട്ടെന്ന് തന്നെ പടരാനും സാദ്ധ്യതയുണ്ട്. വളരെ ശ്രദ്ധയോടെ ചെയ്‌തെടുത്താന്‍ മാത്രമെ വൃത്തിയോടെയും ഭംഗിയായും ചിത്രങ്ങള്‍ ലഭിക്കുകയുള്ളു. അത് കൊണ്ട് തന്നെ ഇത്രയും രാജ്യങ്ങളുടെ ചിത്രങ്ങള്‍ അജയ് വെറും രണ്ട് ദിവസം കൊണ്ട് ചെയ്‌തെടുത്തത് ഏവരെയും അമ്പരിപ്പിക്കുകയാണ്.
തളിപ്പറമ്പ് എംഎം നോളജില്‍ നിന്ന് ബികോം പൂര്‍ത്തിയാക്കിയ അജയ് ഇപ്പോള്‍ ഗ്രാഫിക്ക് ഡിസൈന്‍ പഠനം നടത്തി കൊണ്ടിരിക്കുകയാണ്.പെയിന്റിഗുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ മേഖലയില്‍ തൊഴില്‍ നേടുകയെന്നത് തന്നെയാണ് അജയിയുടെ ആഗ്രഹം.
രാജ്യങ്ങളെ സംബന്ധിച്ചുള്ള എന്തെങ്കിലും ചിത്രരചനയിലൂടെ ചെയ്യണമെന്ന ചിന്തയില്‍ നിന്നാണ് ഇത്തരമൊരു ആശയത്തിലെത്തിയതെന്ന് അജയ് പറഞ്ഞു. തളാപ്പ് കുഞ്ഞാമിന ഹൗസിലെ എ.മുരുകന്റെയും എ. കൃഷ്ണ വേണിയുടെയും മകനാണ്. എം. മണികണ്ഠന്‍, എം. മോനിഷ എന്നിവര്‍ സഹോദരങ്ങളാണ്. എഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ നിന്നെത്തിയ ഗ്രാന്‍ഡ് മാസ്റ്റര്‍ പൊസിഷന്‍ ഇന്നലെയാണ് സിറ്റി പൊലീസ് കമ്മിഷണര്‍ ആര്‍. ഇളങ്കോയില്‍ നിന്നേറ്റു വാങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: