ആര്.വി. ബാബു
ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെ്രകട്ടറി
പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ വികസനപദ്ധതികള്‍ സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്ന് സമീപകാല സംഭവങ്ങള്‍ വ്യക്തമാക്കുന്നു. 2001 മുതല്‍ 2016-17 വരെ സംസ്ഥാന സര്‍ക്കാര്‍ 20009.89 കോടി രൂപ എസ്സി വികസനത്തിനും 2731.48 കോടി രൂപ പട്ടികവര്‍ഗ വികസനത്തിനും വേണ്ടി ചെലവാക്കി. എന്നാല്‍ ആ വിഭാഗങ്ങളുടെ ജീവിത നിലവാരത്തില്‍ കാര്യമായ ഒരു മാറ്റവും നാളിതുവരെ വന്നിട്ടില്ല. അതനസരിച്ച് 1956 മുതല്‍ ഈ രംഗത്ത് ചെലവാക്കിയ പണം എത്രയോ വലുതായിരിക്കണം. സര്‍ക്കാര്‍ സംവിധാനങ്ങളുടെ ആത്മാര്‍ത്ഥതയില്ലായ്മയും അഴിമതിയും കെടുകാര്യസ്ഥതയുമാണ് പട്ടികജാതി വര്‍ഗ്ഗ വികസനം അട്ടിമറിക്കുന്നത്. തദ്ദേശസ്ഥാപനങ്ങള്‍ വഴി കേന്ദ്രസര്‍ക്കാര്‍ പട്ടികവിഭാഗങ്ങള്‍ക്ക് നല്കിയ ഫണ്ട് വ്യാജ അക്കൗണ്ടുകള്‍ ഉപയോഗിച്ച് തട്ടിയെടുത്ത വാര്‍ത്തയും ഈ അടുത്ത കാലത്ത് പുറത്തു വന്നു. ഭരണകക്ഷിയില്‍പ്പെട്ടവരാണ് ഇങ്ങനെ ലക്ഷങ്ങള്‍ തട്ടിയെടുത്തത്. വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് എസ്സി – എസ്ടിക്കാര്‍ക്ക് അവകാശപ്പെട്ട 1100 തൊഴിലവസരങ്ങളാണ് മറ്റു മതസ്ഥര്‍ തട്ടിയെടുത്തത്. അത്തരക്കാര്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ ഇന്നും സുരക്ഷിതരായി കഴിയുന്നു.
2019-20 കാലത്ത് കേരള സര്‍ക്കാര്‍ പട്ടിക വിഭാഗങ്ങള്‍ക്ക് അനുവദിച്ച 1562 കോടി രൂപയില്‍ വെറും 729 കോടി രൂപ മാത്രമാണ് ചെലവാക്കിയത്. അതായത് 47 ശതമാനം മാത്രം. അംബേദ്കര്‍ റൂറല്‍ ഡെവലപ്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ഒരു നിയോജക മണ്ഡലത്തിലെ രണ്ട് പട്ടികജാതി കോളനികള്‍ക്ക് വികസനാര്‍ത്ഥം നല്കി വന്ന 50 ലക്ഷം രൂപ കഴിഞ്ഞ വര്‍ഷങ്ങളില്‍ നല്‍കിയിട്ടില്ല. പാര്‍പ്പിട പദ്ധതിയില്‍ ഗുണഭോക്താക്കളാകാന്‍ അര്‍ഹതയുള്ള പട്ടിക വിഭാഗങ്ങളെ ആസൂത്രിതമായി ഒഴിവാക്കുന്നു. ലൈഫ് മിഷന് പദ്ധതിയില്‍ പട്ടിക വിഭാഗങ്ങള്‍ക്കായി അനുവദിച്ച 400 കോടി രൂപയില്‍ ഒരു രൂപപോലും ചെലവാക്കിയില്ല. ക്രേന്ദസര്‍ക്കാരിന്റെ എസ്.സി.പി. (സ്പെഷ്യല്‍ കമ്പോണന്റ് പ്ലാന്‍) കോര്‍പ്പസ് ഫണ്ടില്‍ ക്രിട്ടിക്കല്‍ ഗ്യാപ്പ് ഫില്ലിംഗിനുവേണ്ടി ബഡ്ജറ്റില്‍ അനുവദിച്ച തുകയില്‍ സംസ്ഥാന സര്‍ക്കാര്‍ വെറും 11.69% മാണ് ചെലവാക്കിയത്. വിദ്യാഭ്യാസ സഹായത്തിനുവേണ്ടി അനുവദിച്ച തുകയുടെ 20.4% വും അംബേദ്കര്‍ ഗ്രാമവികസനപദ്ധതിക്കുവേണ്ടി അനുവദിച്ച തുകയില്‍ 11.6% വും മാത്രമാണ് ചെലവഴിക്കപ്പെട്ടത്. കേന്ദ്രസര്‍ക്കാര്‍ സ്പോണ്സര് ചെയ്ത പദ്ധതികള്‍ക്കായി അനുവദിച്ച 25.88 കോടിയില്‍ കേവലം 50 ലക്ഷം രൂപയാണ് ചെലവഴിച്ചത്. പട്ടികവര്ഗ്ഗങ്ങള്ക്കായി 14 ക്ഷേമപദ്ധതികള്‍ക്കുവേണ്ടി 2019-20 ല്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 53.98 കോടിയില്‍ വെറും 17.69% ചെലവഴിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക്ലാപ്ടോപ്പ് വിതരണത്തിനായി അനുവദിച്ച 2.25 കോടി രൂപയില്‍ കേവലം ലക്ഷം രൂപ മാത്രം ചെലവഴിച്ചപ്പോള്‍ വയനാട് ഗോത്രകലാസംസ്ക്കാരിക കേന്ദ്രം, പരമ്പരാഗത ഗോത്ര വൈദ്യന്‍ന്മാര്‍ക്കുള്ള സാമ്പത്തിക സഹായം, ആദിവാസി ഹോസ്റ്റലുകള്‍ മെച്ചപ്പെടുത്തുന്നതിനുള്ളു പദ്ധതി എന്നിവയില്‍ ഒരു രൂപപോലും ചെലവഴിച്ചില്ല. പട്ടിക വിഭാഗങ്ങളിലെ ഭൂരഹിതര്‍ക്കായി അനുവദിച്ച ഭൂമി ഉപയോഗശുന്യമായിരുന്നുവെന്ന് സംസ്ഥാന സര്‍ക്കാരിന്റെ തന്നെ സ്ഥാപനമായ ഗുലാത്തി ഇന്‍സ്റിറ്റിയൂട്ട് ഓഫ് ഫൈനാന്‍സ് ആന്റ് ടാക്സേഷന്‍ വെളിപ്പെടുത്തുകയുണ്ടായി. പട്ടികജാതി വികസന ഫണ്ട് വകമാറ്റി ചെലവഴിക്കുകയും കൃത്യസമയത്ത് യോജിച്ച പദ്ധതികള്‍ സമര്‍പ്പിക്കാത്തത് മൂലം ക്രേന്രസര്‍ക്കാര്‍ നല്കുന്ന ഫണ്ട് ലാപ്സായി പോവുകയും ചെയ്യുന്നു.
ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് നല്‍കുന്നതിന് വേണ്ടി ഇടതു വലതു മുന്നണികള്‍ പരസ്പരം മത്സരിക്കുമ്പോള്‍ ഹിന്ദുക്കളിലെ അധസ്ഥിതരായ ജനതയെ പാടെ അവഗണിക്കുകയാണ്. പട്ടികജാതി പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് നല്കുന്ന ലംപ്സം ഗ്രാന്റ് തുക എല്‍പി (320), യുപി (630), എച്ച്എസ് (930) എന്നിവ ന്യൂനപക്ഷ സ്കോളര്‍ഷിപ്പിന് തുല്യമാക്കാന്‍ സര്‍ക്കാര്‍ നാളിതുവരെ തയ്യാറായിട്ടില്ല. ഓണ്‍ ലൈന്‍ വിദ്യാഭ്യാസത്തിന് ആവശ്യമായ മീഡിയകള്‍ ഇല്ലാത്തതിനാ ല്‍ ആയിരക്കണക്കിന് പട്ടികജാതി പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ പഠനം മുടങ്ങി നില്ക്കുന്നു. സംസ്ഥാനത്ത് 5057 വിഭാഗങ്ങള്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങള്‍ ദിനംപ്രതി വര്‍ദ്ധിച്ചു വരുകയാണ്. സ്ത്രീകളും കുഞ്ഞുങ്ങളുമാണ് അക്രമത്തിന് ഇരകളാകുന്നവരില്‍ ഏറെയും. വാളയാറും വണ്ടിപ്പെരിയാറും ഇതിന് ഉദാഹരണങ്ങളാണ്. വാളയാര്‍ പെണ്‍കുട്ടികളുടെ കുടുംബത്തിന് ക്രേന്ദ്ര നിയമപ്രകാരം സംസ്ഥാനസര്‍ക്കാര്‍ നല്‍കേണ്ട 17 ലക്ഷം രൂപ നാളിതുവരെ നല്‍കിയിട്ടില്ല. പട്ടികജാതി പട്ടികവര്‍ഗ്ഗ പീഡനത്തില്‍ കേരളം ദേശീയ ശരാശരിയേക്കാള്‍ മുന്നിലാണ്. ദേശീയതലത്തില്‍ 22.8% പേര് പീഡനത്തിനിരയായപ്പോള്‍ കേരളത്തില്‍ അത് 28.2% പേരാണ്. പട്ടികജാതി പട്ടികവര്‍ഗ്ഗ അതിക്രമ നിരോധന ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ശിക്ഷിക്കപ്പെടുന്നവര്‍ കേരളത്തില്‍ വെറും 8% മാത്രമാണ്. അത് ഉത്തര്‍പ്രദേശില്‍ 66.1% വും മധ്യപ്രദേശില്‍ 51.6% വുമാണ് എന്നറിയുമ്പോള്‍ കേരളത്തില്‍ ഭരണസ്വധീനം ഉപയോഗിച്ച് എസ്.സി. – എസ്.ടി കേസുകള്‍ ദുര്‍ബലമാക്കുന്നതിന്റെ വ്യാപ്തി മനസ്സിലാക്കാം. മണ്ഡല് കമ്മീഷന് ശുപാര്‍ശകള്‍ക്ക് വിരുദ്ധമായി മുഴുവന്‍ മുസ്ലീം സമുദായത്തിനും 12% സംവരണം നല്‍കിയത് സംസ്ഥാനത്ത് എസ്.സി. – എസ്.ടി വിഭാഗങ്ങള്‍ക്കും മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്കും ലഭിക്കേണ്ട സംവരണത്തിന്റെ തോത് ഗണ്യമായി കുറക്കാന്‍ കാരണമായി. മുസ്ലീം പിന്നാക്കാവസ്ഥ വസ്തുതാപരമായി തെറ്റാണെന്നിരിക്കേ സച്ചാര്‍ പാലൊളി കമ്മിറ്റി ശുപാര്‍ശകളുടെ പേരില്‍ വീണ്ടും നിരവധി ആനുകൂല്യങ്ങള്‍ അവര്‍ക്ക് നല്‍കുകയും പിന്നാക്കക്കാരായ ഹിന്ദുക്കളെ അവഗണിക്കുകയും ചെയ്യുന്നത് കടുത്ത സാമൂഹ്യ അനീതി തന്നെയാണ്. മുസ്ലീം സമുദായത്തെക്കുറിച്ച് പതിനഞ്ച് വര്‍ഷങ്ങള്‍ക്കുമുമ്പുള്ള സച്ചാറിന്റെ കണ്ടെത്തലുകള്‍ക്ക് ഇന്ന്ഒരു സധുതയും ഇല്ലെന്ന് സാമൂഹ്യ-സാമ്പത്തിക സാഹചര്യങ്ങള്‍ വിലയിരുത്തുന്ന ആര്‍ക്കും ബോദ്ധ്യമാകും. അത് വ്യക്തമാക്കുന്ന നിരവധി പഠനങ്ങള്‍ ഇതിനകം പുറത്തുവന്നു കഴിഞ്ഞിട്ടുണ്ട്. നാടാര്‍ ക്രിസ്ത്യാനികളെ ഒബിസി സംവരണ പട്ടികയില്‍ പെടുത്തി പിണറായി സര്‍ക്കാര്‍ വീണ്ടും ഹിന്ദുക്കളെ ദ്രോഹിക്കുകയാണ് ചെയ്തത്. പിന്നാക്ക വിഭാഗങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന നാമമാത്രമായ സംവരണാവകാശം ഇതുമൂലം അവര്‍ക്ക് നഷ്ടമാകുകയാണ് ചെയ്തത്.
സര്‍ക്കാര്‍ ശമ്പളം കൊടുക്കുന്ന എയ്ഡഡ് വിദ്യാഭ്യാസമേഖലയില്‍ സംവരണതത്വം പാലിക്കപ്പെടാത്തതിനാല്‍ പട്ടികജാതി പട്ടികവിഭാഗങ്ങള്‍ക്ക് വലിയതോതില്‍ ലഭിക്കുമായിരുന്ന നിയമന സാദ്ധ്യത ഇല്ലാതായി. ഒന്നര ലക്ഷത്തിലേറെ അദ്ധ്യാപക അനദ്ധ്യാപക നിയമനങ്ങളിലാണ് ഈ അവകാശം നിക്ഷേധിക്കപ്പെട്ടത്. ന്യൂനപക്ഷ പദ്ധതി നേടിക്കൊണ്ട് പൂര്‍ണ്ണമായും സംവരണതത്വം പാലിക്കുന്നതില്‍ നിന്നും ന്യൂനപക്ഷസ്ഥാപനങ്ങള്‍ ഒഴിവായിരിക്കുന്നതും വിഷയത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. മതാടിസ്ഥാനത്തില്‍ നല്കുന്ന സംവരണവും ആനുകൂല്യങ്ങളും അവസാനിപ്പിച്ച് എല്ലാ വിഭാഗങ്ങളിലേയും പിന്നാക്കക്കാരായവരെ സര്‍ക്കാര്‍ തുല്യമായി പരിഗണിക്കണം. ഈ ആവശ്യം ഉന്നയിച്ച് ഹിന്ദു ഐക്യവേദി പ്രക്ഷോഭത്തിന് ഇറങ്ങുകയാണ്. ജൂലൈ 30 ന് താലൂക്ക് കേന്ദ്രങ്ങളില്‍ പ്രതിക്ഷേധ ധര്‍ണ്ണയോടെ സമരത്തിന് തുടക്കം കുറിയ്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: